ബ്രിട്ടനില്‍ റെക്കോര്‍ഡ് താപനില; ഫ്രാന്‍സിലും സ്‌പെയിനിലും ഉഷ്ണതരംഗവും കാട്ടുതീയും; യൂറോപ്പില്‍ ആശങ്ക
World News
ബ്രിട്ടനില്‍ റെക്കോര്‍ഡ് താപനില; ഫ്രാന്‍സിലും സ്‌പെയിനിലും ഉഷ്ണതരംഗവും കാട്ടുതീയും; യൂറോപ്പില്‍ ആശങ്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th July 2022, 9:54 am

ലണ്ടന്‍: യൂറോപ്പില്‍ താപനിലയില്‍ റെക്കോഡ് വര്‍ധനവ്. ബ്രിട്ടനില്‍ കഴിഞ്ഞ ദിവസം താപനില 40 ഡിഗ്രിക്കടുത്തെത്തി.

38.1 ഡിഗ്രി സെല്‍ഷ്യസ് (100.6 ഫാരന്‍ഹീറ്റ്) ആണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില. വരുംദിവസങ്ങളില്‍ ഇത് 40 ഡിഗ്രിക്കും മുകളില്‍ ഉയരാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

2019ല്‍ കേംബ്രിഡ്ജില്‍ രേഖപ്പെടുത്തിയ 38.7 ഡിഗ്രി സെല്‍ഷ്യസാണ് നിലവില്‍ ബ്രിട്ടനില്‍ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന താപനില. എന്നാല്‍ ഈ വര്‍ഷം അത് തിരുത്തപ്പെടും എന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.

അതേസമയം, ബ്രിട്ടനില്‍ താപനില 40 ഡിഗ്രി എത്തിയിരിക്കുന്നത് ആഗോളതലത്തില്‍ കാലവസ്ഥയില്‍ വരുന്ന മാറ്റത്തിന്റെ സൂചനയാണെന്നാണ് യു.എന്‍ ഏജന്‍സിയായ വേള്‍ഡ് മെറ്റിയോരോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ (World Meteorological Organization- WMO) പറയുന്നത്.

ഇതേത്തുടര്‍ന്ന് ഡബ്ല്യു.എം.ഒ രാജ്യത്ത് ‘റെഡ് വാണിങ്’ പുറത്തുവിട്ടിട്ടുണ്ട്. ആദ്യമായാണ് ഇത്തരമൊരു മുന്നറിയിപ്പ് സംഘടന പുറത്തുവിടുന്നത്.

”കാലാവസ്ഥാ വ്യതിയാനം ഇതിനോടകം തന്നെ യു.കെയിലെ താപനിലയുടെ തീവ്രതയെ ബാധിച്ചിട്ടുണ്ട്. യു.കെയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് ചൂട് വരെ വരും ദിവസങ്ങള്‍ രേഖപ്പെടുത്താനുള്ള സാധ്യത, നിലവിലെ നാചുറല്‍ കാലാവസ്ഥയെ അപേക്ഷിച്ച് 10 മടങ്ങ് കൂടുതലാണ്,” ഡബ്ല്യു.എം.ഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

”ഇനിമുതല്‍ രാത്രികള്‍ അസാധാരണമാംവിധം ചൂടുള്ളതായിരിക്കും, പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍. ഇത് ജനങ്ങളിലും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളിലും വ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും.

അതിനാല്‍, ചൂട് കാലാവസ്ഥയെ മുന്നില്‍ കണ്ടുകൊണ്ട് ആളുകള്‍ അവരുടെ ജീവിതം ആസൂത്രണം ചെയ്യുകയും ദിനചര്യകള്‍ മാറ്റുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഈ അളവിലുള്ള ചൂട് ആരോഗ്യത്തിനെയും പ്രതികൂലമായി ബാധിക്കും,” ഡബ്ല്യു.എം.ഒയുടെ ബ്രിട്ടനിലെ ചീഫ് മെറ്റിയോരോളജിസ്റ്റ് പോള്‍ ഗുണ്ടര്‍സെന്‍ പറഞ്ഞു.

മനുഷ്യരാശിയുടെ പകുതിയും അപകട മേഖലയിലാണെന്നും, വെള്ളപ്പൊക്കം, വരള്‍ച്ച, കൊടുങ്കാറ്റ്, കാട്ടുതീ എന്നിവ അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണെന്നും യു.എന്‍ മേധാവി അന്റോണിയോ ഗുട്ടെറസും കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, ബ്രിട്ടന് പുറമെ, സ്‌പെയിനിലും ഫ്രാന്‍സിലും താപനിലയില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. കാട്ടുതീയും ഉഷ്ണ തരംഗവുമാണ് കാരണം. പോര്‍ച്ചുഗലില്‍ കടുത്ത ജലക്ഷാമമുള്ളതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

സ്‌കോട്‌ലാന്‍ഡിലും വടക്കന്‍ അയര്‍ലാന്‍ഡിലും കഴിഞ്ഞ ദിവസം റെക്കോഡ് താപനിലയാണ് രേഖപ്പെടുത്തിയത്. ഇത് യൂറോപ്പില്‍ വലിയ ആശങ്കക്കും ഇടയാക്കുന്നുണ്ട്.

Content Highlight: Record temperature in France and Britain, Wildfires rage in Spain, Europe battles intense heatwave