| Wednesday, 22nd May 2024, 12:06 pm

മൈക്കിളപ്പനെയും വീഴ്ത്തി ടർബോ ജോസിന്റെ കുതിപ്പ്; പ്രീ സെയിലിലൂടെ ഇതുവരെ നേടിയത് റെക്കോഡ് കളക്ഷൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’യുടെ ബുക്കിങ്ങ് ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ.

മമ്മൂട്ടിയുടെ സിനിമ കരിയറിൽ തന്നെ ഏറ്റവും മികച്ച തുടക്കമാണ് ടർബോയിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ഷോ തുടങ്ങുന്നതിന് മുൻപുള്ള ബുക്കിങ്ങ് തീരാൻ ഇനിയും ഒരു ദിവസം ബാക്കിനിൽക്കെയാണ് ഈ റെക്കോഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

1,400 ഷോകളിൽ നിന്നായി 2.60 കോടി രൂപയുടെ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഭീഷ്മ പർവത്തിന്റെ റെക്കോഡ് ഇതോട് കൂടി ടർബോ തിരുത്തിക്കുറിച്ചിരിക്കുകയാണ്. കേരളത്തിൽ മാത്രമല്ല ലോകമെമ്പാടും ചിത്രത്തിന്റെ ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. ഓരോ നിമിഷം കഴിയുംതോറും ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. യു.കെയിൽ റെക്കോഡുകൾ തകർത്തുകൊണ്ടാണ് ചിത്രത്തിന്റെ തേരോട്ടം. ജർമനിയിൽ ഏറ്റവും വലിയ റിലീസുള്ള മലയാള ചിത്രമായി ടർബോ മാറി.

കേരളത്തിൽ 300ലധികം തീയറ്ററുകളിൽ കേരളത്തിൽ ടർബോ എത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം മെയ് 23ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടർബോ. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ്.ബി.ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്.

പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ടർബോ.

Content Highlight: Record Pre Sale Collection For Turbo

We use cookies to give you the best possible experience. Learn more