ബോക്സ്‌ ഓഫീസ് അടിച്ച് തകർത്ത് ജോസേട്ടായി; മമ്മൂട്ടിയുടെ കരിയറിലെ റെക്കോഡ് ഫസ്റ്റ് ഡേ കളക്ഷനുമായി ടർബോ
Entertainment
ബോക്സ്‌ ഓഫീസ് അടിച്ച് തകർത്ത് ജോസേട്ടായി; മമ്മൂട്ടിയുടെ കരിയറിലെ റെക്കോഡ് ഫസ്റ്റ് ഡേ കളക്ഷനുമായി ടർബോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th May 2024, 2:33 pm

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’യുടെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്.

കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം 6.2കോടി രൂപയാണ് വാരികൂട്ടിയത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന കളക്ഷനാണ് ഇതോടെ ടർബോ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം ദിനത്തിൽ ഇതുവരെ 2 കോടി രൂപയുടെ പ്രീ ബുക്കിങ്ങും നടന്ന് ചരിത്രത്തിന്റെ തേരോട്ടം ജോസേട്ടായി തുടരുകയാണ്.

മമ്മൂട്ടിയുടെ എക്കാലത്തെയും ആദ്യദിന കളക്ഷൻ ആണ് ടർബോയിലൂടെ സ്വന്തമാക്കിയത്.ആദ്യ ദിനം 224 എക്സ്ട്രാ ഷോകളാണ് ടർബോയ്ക്കായി ചാർട്ട് ചെയ്തിരുന്നത്. ആദ്യ ഷോ കഴിഞ്ഞയുടൻ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പും മാസ് ആക്ഷൻ കോമഡി കൊണ്ടും ടർബോ തീയേറ്ററുകളിൽ തീ പടർത്തി. ടർബോ ജോസിന്റെ കിന്റൽ ഇടി കണ്ട് കോരിത്തരിച്ചിരിക്കുകയാണ് പ്രേക്ഷകർ. തിയേറ്ററുകളിലേക്കുള്ള ജന ഒഴുക്ക് കാരണം 224 എക്സ്ട്രാ ഷോകളാണ് ആദ്യ ദിനം ലഭിച്ചിരിക്കുന്നത്. റെക്കോർഡ് നേട്ടമാണ് ഇതിലൂടെ ടർബോ സ്വന്തമാക്കിയിരിക്കുന്നത്.

എറണാകുളം ജില്ലയിൽ 40ലധികം ഷോകളാണ് വിവിധ തീയേറ്ററുകളിലായി ചാർട്ട് ചെയ്തിരുന്നത്. തിരുവനന്തപുരം ജില്ലയിൽ 22 ലധികം ഷോകളും കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 50ലധികം ലേറ്റ് നൈറ്റ് ഷോകളാണ് ചാർട്ട് ചെയ്തീരുന്നത്. ബുക്കിങ്ങ് ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. മമ്മൂട്ടിയുടെ സിനിമ കരിയറിൽ തന്നെ ഏറ്റവും മികച്ച തുടക്കമാണ് ടർബോയിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.

കേരളത്തിൽ മാത്രമല്ല ലോകമെമ്പാടും ചിത്രത്തിന്റെ ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. ഓരോ നിമിഷം കഴിയുംതോറും ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. യു.കെയിൽ റെക്കോഡുകൾ തകർത്തുകൊണ്ടാണ് ചിത്രത്തിന്റെ തേരോട്ടം. ജർമനിയിൽ ഏറ്റവും വലിയ റിലീസുള്ള മലയാള ചിത്രമായി ടർബോ മാറി. കേരളത്തിൽ 300ലധികം തിയേറ്ററുകളിൽ കേരളത്തിൽ ടർബോ പ്രദർശനം തുടരുന്നു.

2 മണിക്കൂർ 32 മിനുറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടർബോ. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്.

പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘ടർബോ’. പി. ആ. ഓ – ശബരി

 

Content Highlight:  Record First Day Collection For Turbo Movie