| Friday, 18th June 2021, 12:46 pm

ആദ്യ ദിനത്തില്‍ സംസ്ഥാനത്ത് 51 കോടിയുടെ റെക്കോര്‍ഡ് മദ്യ വില്‍പന; കൂടുതല്‍ വില്‍പന നടന്നത് പാലക്കാട്ടെ ഔട്ട്‌ലെറ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് ലോക്ഡൗണിന് ശേഷം മദ്യശാലകള്‍ തുറന്ന ആദ്യ ദിവസം കേരളത്തില്‍ റെക്കോര്‍ഡ് മദ്യ വില്‍പ്പന. 51 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ ദിവസം മാത്രം വിറ്റുപോയത്.

ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം മദ്യവില്‍പ്പന പുനരാരംഭിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ മദ്യ വില്‍പ്പന നടന്നത് പാലക്കാട് ജില്ലയിലാണ്.

പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയിലെ ഔട്ട്‌ലെറ്റില്‍ 68 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തുകയ്ക്ക് മദ്യ വില്‍പന നടന്ന ഔട്ട്‌ലെറ്റാണിത്.

തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലുള്ള ഔട്ട്‌ലെറ്റിലാണ് രണ്ടാമതായി ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. 65 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റുപോയത്. ഇരിഞ്ഞാലക്കുടയിലെ ഔട്ട്‌ലെറ്റില്‍ 64 ലക്ഷം രൂപയുടെ മദ്യവും വില്‍പന നടന്നു.

കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 26നായിരുന്നു സംസ്ഥാനത്ത് മദ്യവില്‍പ്പന നിര്‍ത്തിവെച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയതോടെ ബെവ്‌കോയുടെ 225 ഔട്ട്‌ലെറ്റുകളാണ് വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള പ്രദേശങ്ങളിലെ 35 ഔട്ട്‌ലെറ്റുകള്‍ തുറന്നിട്ടില്ല.

ബെവ്‌കോ ആപ്പ് വഴിയുള്ള മദ്യ വില്‍പ്പന പുനരാരംഭിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് നേരിട്ട് വന്ന് തന്നെ വാങ്ങാമെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.

ബെവ്‌കോ ആപ്പ് പ്രവര്‍ത്തനക്ഷമമാകാന്‍ കൂടുതല്‍ ദിവസങ്ങളെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചതോടെയാണ് നേരിട്ടു ചെന്ന് മദ്യം വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Record alcohol sale in Kerala in one day after lockdown

We use cookies to give you the best possible experience. Learn more