ഇന്ത്യ- ഓസ്‌ട്രേലിയ ടി-ട്വന്റി പരമ്പരയിലെ അവസാന മത്സരത്തിലെ വിജയത്തോടെ ഓസ്‌ട്രേലിയ പരമ്പര നേടിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ഐ.സി.സിയുടെ ടി-ട്വന്റി ബൗളിങ് റാങ്കിങ്ങില്‍ മറ്റൊരു ചരിത്രം കുറിക്കുകയാണ് ഇന്ത്യന്‍ ബൗളര്‍ ദീപ്തി ശര്‍മയും ടിറ്റാസ് സാധുവും. സ്റ്റാന്‍ഡിങ്ങില്‍ നിന്നും നാല് പേരെ മറികടന്നാണ് ദീപ്തി ശര്‍മ രണ്ടാം സ്ഥാനത്തെത്തിയത്. ടിറ്റാസ് സാധു 50 പേരെ മറിക്കിടന്നാണ് 92ാം സ്ഥാനത്തേക്ക് എത്തിയത്. ഇരുവരും കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്കുവേണ്ടി കാഴ്ചവെച്ചത്.
ദീപ്തി ശര്‍മയുടെ മികച്ച പ്രകടനത്തില്‍ ബൗളിങ് റാങ്കിങ്ങില്‍ മാത്രമല്ല ഓള്‍റൗണ്ടര്‍ സ്ഥാനത്തില്‍ നാലാം റാങ്കിലും താരം എത്തിച്ചേര്‍ന്നിട്ടുണ്ട്. 723 റേറ്റിങ് പോയിന്റോടെയാണ് ദീപ്തി ശര്‍മ രണ്ടാം സ്ഥാനത്തെത്തിയത്. 722 പോയിന്റ് ഉള്ള സൗത്ത് ആഫ്രിക്കയുടെ നോണ്‍കുലുലെക്കോ മ്ലാബയെ മറികടന്നുകൊണ്ടാണ് താരം വിജയക്കുതിപ്പ് നടത്തിയത്. അതേ സമയം ടിറ്റാസ് സാധു 358 പോയിന്റുമായാണ് 92ാം സ്ഥാനത്തേക്ക് കുതിപ്പ് നടത്തിയത്.
പക്ഷേ ഓസ്‌ട്രേലിയയുമായുള്ള ഏകദിന പരമ്പരയിലും ടി ട്വന്റി പരമ്പരയിലും ഇന്ത്യക്ക് കടുത്ത നിരാശയാണ് നേരിടേണ്ടി വന്നത്. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ഏകദിന പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരിയപ്പോള്‍ കഴിഞ്ഞദിവസം നടന്ന അവസാന ടി ട്വന്റിയില്‍ രണ്ട് വിജയം സ്വന്തമാക്കിയതോടെ ഓസ്‌ട്രേലിയ തങ്ങളുടെ ഡോമിനന്‍സ് തുടരുകയാണ്.
Content Highlight: Record achievement for Indian players