വയനാടിന്റെ പുനര്‍നിര്‍മാണം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൈമാറി ഐ.ഡി.ബി.ഐ ബാങ്ക്
Kerala News
വയനാടിന്റെ പുനര്‍നിര്‍മാണം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൈമാറി ഐ.ഡി.ബി.ഐ ബാങ്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th September 2024, 3:52 pm

കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ഐ.ഡി.ബി.ഐ ബാങ്ക്. ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജയകുമാര്‍ എസ്. പിള്ളയാണ് മുഖ്യമന്ത്രി പിണറായി വിജയന് തുക കൈ മാറിയത്.

ബാങ്കിന്റെ കൊച്ചി സോണ്‍ സി.ജി.എം രാജേഷ് മോഹന്‍ ഝാ, ജനറല്‍ മാനേജര്‍മാരായ ടോമി സെബാസ്റ്റ്യന്‍, എം.സി. സുനില്‍കുമാര്‍, സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ബിന്ദു വി.സി. തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്.

തുക കൈമാറിയതിന് ശേഷം കേരളത്തിലെ ഐ.ഡി.ബി.ഐ ബാങ്കിന്റെ പ്രവര്‍ത്തന വിപുലീകരണത്തെ കുറിച്ചും ജയകുമാര്‍ എസ്. പിള്ള മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു.

വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ ഒടുവിലായി വന്ന കണക്കുകള്‍ പ്രകാരം 369 പേര്‍ ഇതുവരെ മരണപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക കണക്കുകളില്‍ 221 മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്.

അതേസമയം വയനാട് ദുരന്തത്തില്‍ 1202.12 കോടിയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് സംസ്ഥാന സര്‍ക്കാറിന്റെ കണക്കുകളില്‍ സൂചിപ്പിക്കുന്നത്. എസ്.ഡി.ആര്‍.എഫ് വിഭാഗത്തില്‍ 614.62 കോടിയുടെയും നോണ്‍ എസ്.ഡി.ആര്‍.എഫ് വിഭാഗത്തില്‍ 587.50 കോടിയുടെ നഷ്ടവും ഉണ്ടായതായാണ് വിലയിരുത്തല്‍.

ദുരന്തത്തില്‍ 26 കോടിയുടെ വാഹനങ്ങള്‍ നശിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നോണ്‍ എസ്.ഡി.ആര്‍.എഫ് വിഭാഗത്തിലാണ് വാഹന നഷ്ടം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ടൂറിസം മേഖല-50 കോടി, റിയല്‍ എസ്റ്റേറ്റ്-36 കോടി, കാര്‍ഷിക മേഖല-15 കോടി, ടൂറിസം മേഖല-23 കോടി, സര്‍ക്കാര്‍ ആസ്തി-56 കോടിയടക്കം 587.50 കോടി രൂപയുടെ നഷ്ടമാണ് നോണ്‍ എസ്.ഡി.ആര്‍.എഫ് വിഭാഗത്തില്‍ കണക്കാക്കിയിരിക്കുന്നത്.

Content Highlight: Reconstruction of Wayanad; IDBI Bank handed over one crore rupees to the Chief Minister’s relief fund