| Saturday, 29th September 2018, 10:32 am

പ്രളയം, പുനര്‍നിര്‍മാണം; ചില ഇടതുപക്ഷ 'പക്ഷേ'കള്‍

ആര്യ. പി

ഈ നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ ദുരിതമായിരുന്നു ഓഗസ്റ്റ് മാസത്തിലെ പ്രളയം. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിലും തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും മലയാളികള്‍ ഒരുമിച്ചുനിന്നു. ആ സമയത്ത് ഉയര്‍ന്നുവന്ന “പക്ഷേ”കളേയും കേരളത്തിനെതിരായി സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ച അപവാദങ്ങളേയും കേരള ജനത ഒരുമിച്ച് തോല്‍പ്പിച്ചു.

ഇനി പുനര്‍നിര്‍മാണത്തിന്റെ ഘട്ടമാണ്. നവകേരളമെന്ന വാക്കാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചുപറയുന്നത്. നവകേരള നിര്‍മാണത്തിനായി കെ.പി.എം.ജിക്ക് കണ്‍സള്‍ട്ടന്‍സി കൊടുത്തതും നവകേരളത്തില്‍ പരിസ്ഥിതിയ്ക്കുള്ള സ്ഥാനവും ചോദ്യങ്ങളായി ഉയര്‍ത്തപ്പെടുത്തുന്നു.

നേരത്തെ കേരളമൊന്നായി ചെറുത്തുതോല്‍പ്പിച്ച “പക്ഷേ” പോലെയല്ല ഈ വിഷയങ്ങളെന്ന് കേരള ഭരണപരിഷാകാര കമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ വി.എസ് അച്യുതാനന്ദന്റേയും കേരള ആസൂത്രണ ബോര്‍ഡ് മുന്‍ ഉപാധ്യക്ഷന്‍ പ്രഭാത് പട്നായികിന്റേയും
നിലപാടുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ വിശദമായ അഭിമുഖത്തിലാണ് കേരളത്തിലെ പരിസ്ഥിതിയെ കുറിച്ചും പുനര്‍നിര്‍മാണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം നിര്‍ബന്ധമായും കൈക്കൊള്ളേണ്ട പാരിസ്ഥിതിക ജാഗ്രതയെ കുറിച്ചും വി.എസ് വിശദീകരിക്കുന്നത്. സമ്പദ് ഘടനയേയും സാമൂഹിക വികാസത്തേയും പരസ്പരം പൂരിപ്പിക്കാനായില്ലെങ്കില്‍ കേരളത്തിന്റെ പുനര്‍നിര്‍മാണം സാധ്യമാവില്ലെന്ന് അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

“”ഇന്നത്തെ കേരളത്തിലേക്കെത്തിയ വഴികളില്‍ നമുക്ക് കുറേയേറെ പാളിച്ചകള്‍ പറ്റിയിട്ടുണ്ട്. നവകേരളത്തെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ മുന്നോട്ടുവെക്കുന്ന ഘട്ടത്തില്‍ നമ്മുടെ നേട്ടങ്ങളും കോട്ടങ്ങളും മാത്രമല്ല നമ്മുടെ ശക്തിയും ദൗര്‍ബല്യങ്ങളും സൂക്ഷ്മമായി വിലയിരുത്തണം. അഭിമാനത്തോടെ നാം പറയുന്ന കേരള മോഡല്‍ എത്രമാത്രം മാതൃകാപരമാണ് എന്നതടക്കം ആ വിലയിരുത്തലില്‍ ഉണ്ടാകണം. വികസനത്തെ കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളില്‍ വന്ന പാളിച്ചകള്‍ കഴിഞ്ഞ ഒരു മാസത്തിനിടെ കേരള സമൂഹം തന്നെ സ്വയം വിലയിരുത്തിക്കൊണ്ടിരിക്കുകയാണല്ലോ? 50 കളിലെ കേരളം മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഏറെയൊന്നും മികച്ച് നിന്നില്ലെന്ന് കാണാന്‍ കഴിയും. പക്ഷേ ആ കേരളത്തില്‍ നടത്തിയ വലിയൊരു രാഷ്ട്രീയ ഇടപടെലിലൂടെ നാം നമ്മുടെ ദിശ മാറ്റി നിശ്ചയിച്ചു.

ഉത്പാദന വ്യവസ്ഥയുടെ സാമൂഹ്യവത്ക്കരണം എന്ന മഹത്തായ കാഴ്ചപ്പാടിന്റെ ഫലമായി, ജന്മിത്തം അവസാനിക്കുകയും കര്‍ഷകരും തൊഴിലാളികളും അടങ്ങുന്ന തൊഴിലാളി വര്‍ഗം സാമൂഹ്യവത്ക്കരിക്കപ്പെടുകയുമുണ്ടായി. ഭൂപരിക്ഷകരണത്തിനും തൊഴിലാളികളുടെ താത്പര്യ സംരക്ഷണത്തിനും പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്തുന്നതിനും വിദ്യാഭ്യാസത്തെ ജനാധിപത്യപരമാക്കുന്നതിനുമെല്ലാം നിയമങ്ങളുണ്ടാക്കി.
അവിടെയൊന്നും നമുക്ക് കണ്‍സള്‍ട്ടന്റുകളുടെ ആവശ്യം വന്നില്ല. നമ്മുടെ ഉപദേശകര്‍ നാം തന്നെയായിരുന്നു.

ഭൂസ്വാമിമാരുടേയും സവര്‍ണരുടേയും അടിച്ചമര്‍ത്തലില്‍ നിന്ന് കര്‍ഷകരും ദളിതരും മോചിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, അത് വര്‍ഗസമരത്തിലൂടെ നാം ആര്‍ജിച്ച പ്രായോഗിക വിജ്ഞാനം രാഷ്ട്രീയമായി പ്രയോഗിച്ചതുകൊണ്ടാണ് എന്നര്‍ത്ഥം. ഈ വിജ്ഞാനമായിരുന്നു, നമ്മുടെ അടിസ്ഥാന മാസ്റ്റര്‍പ്ലാന്‍. അതിന്റെ ചുവടുപിടിച്ചുകൊണ്ടല്ലാതെ, നവകേരളം കെട്ടിപ്പടുക്കാനാവില്ലെന്നും വി.എസ് ചൂണ്ടിക്കാട്ടുന്നു.

കര്‍ഷകരേയും തൊഴിലാളികളേയും അവരിലൂടെയുണ്ടാകേണ്ട മൂല്യവര്‍ധനവിനേയും കാണാത്ത, സമ്പദ്ഘടനയേയും സാമൂഹ്യവികാസത്തേയും പരസ്പരം പൂരിപ്പിക്കാനറിയാത്ത ഒരു വികസനത്തിനും കേരളത്തെ ഒരിഞ്ചുപോലും മുന്നോട്ട്‌കൊണ്ടുപോകാനാവില്ലെന്നും അതിനുള്ള കരുത്ത് ഇന്നും നമുക്കുണ്ടെന്നും സത്യത്തില്‍, നമുക്കേ ആ കരുത്തുള്ളൂവെന്നും അദ്ദേഹം പറയുന്നു.

അതുകൊണ്ട് തന്നെ വഴിയെ പോകുന്ന കോര്‍പ്പറേറ്റുകളുടെ വെറുതെ കിട്ടുന്ന ഉപദേശങ്ങളിലല്ല, അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ നാം ആര്‍ജ്ജിച്ച വിജ്ഞാനത്തെ ആശ്രയിച്ച് നാം തന്നെ തയ്യാറാക്കുന്ന ഒരു മാസ്റ്റര്‍ പ്ലാനിലാണ് നാം വിശ്വാസമര്‍പ്പിക്കേണ്ടതെന്നും വി.എസ് അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി കെ.പി.എം.ജിയുടെ ഉപദേശം തേടുന്നതിനെതിരെ കേരള ആസൂത്രണ ബോര്‍ഡ് മുന്‍ ഉപാധ്യക്ഷന്‍ പ്രഭാത് പട്നായികും രംഗത്തെത്തിയിരുന്നു. കെ.പി.എം.ജിയെന്നല്ല ഒരു വിദേശ കമ്പനിയുടെ അല്ലെങ്കില്‍ സംസ്ഥാനത്തിന് പുറത്തുള്ള ഏജന്‍സിയുടെ സഹായം സ്വീകരിക്കേണ്ടതില്ലെന്നാണ് പ്രഭാത് പട്നായിക് അഭിപ്രായപ്പെട്ടത്.

കേരള മോഡല്‍ വിജയകരമായി നടപ്പിലാക്കിയ ഒന്നാണ്. ഇത് ലോകം മുഴുവന്‍ അംഗീകരിച്ച ഒന്നുമാണ്. അത് ഇടതുപക്ഷത്തിന്റെ സംഭാവനയാണ്. ഈ പാരമ്പര്യവും പൈതൃകവും ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകണം. അതുകൊണ്ടുതന്നെ ജനങ്ങളെ പങ്കാളികളാക്കിയുള്ള ഒരു പുനര്‍ നിര്‍മാണമാണ് കേരളത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ശക്തമായ പഞ്ചായത്തീരാജ് സംവിധാനം ഉപയോഗിച്ച് കേരളത്തിന്റെ പുനര്‍ നിര്‍മാണം നടപ്പിലാക്കണം. അതിന് ആസൂത്രണ ബോര്‍ഡിനെ ചുമതലപ്പെടുത്താം. അല്ലെങ്കില്‍ ആസൂത്രണ ബോര്‍ഡ് അംഗങ്ങളും, വിദഗ്ധരും, തദ്ദേശ സ്വയംഭരണ സംവിധാനങ്ങളും ഉള്‍പ്പെട്ട ഒരു പ്രത്യേക സമിതിയെ രൂപീകരിക്കാമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

കേരളത്തിന്റെ പുനര്‍ നിര്‍മാണ ചുമതല കെ.പി.എം.ജിയെ ഏല്‍പ്പിക്കുന്നതിനെതിരെ വി.എസ് അച്യുതാനന്ദന്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചിരുന്നു.

പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്ന കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയുടെ കണ്‍സള്‍ട്ടന്റായി കെ.പി.എംജിയെ നിയോഗിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ബ്രിട്ടനില്‍ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ അന്വേഷണം നേരിടുകയും സൗത്ത് ആഫ്രിക്കന്‍ സര്‍ക്കാരിന്റെ കരിമ്പട്ടികയിലുമുള്ള ഒരു കമ്പനിയെ കണ്‍സല്‍ട്ടന്റായി തെരഞ്ഞെടുത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

ലോകത്തിലെ നാല് പ്രധാന ഓഡിറ്റര്‍ കമ്പനികളിലൊന്നായ കെ.പി.എം.ജിക്കെതിരെ ഇന്ത്യ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്ന് ആരോപണമുണ്ടായിട്ടുണ്ട്. Carillion എന്ന ബ്രിട്ടീഷ് കമ്പനിയുടെ ഓഡിറ്റിങ് നിര്‍വഹിച്ച കെ.പി.എം.ജി ഗുരുതരമായ സാമ്പത്തിക ക്രമക്കേടിനു കൂട്ട് നിന്ന് സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നു സാമ്പത്തിക കാര്യ റെഗുലേറ്ററി കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

സൗത്ത് ആഫ്രിക്കന്‍ ഗവണ്‍മെന്റ് കെ.പി.എം.ജി യുമായുള്ള എല്ലാ കരാറുകളും റദ്ദാക്കിയത് ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ്. ഇന്ത്യന്‍ വംശജനും സൗത്ത് ആഫ്രിക്കയിലെ ആദ്യ അഞ്ചു ധനികരില്‍ ഒരാളുമായ അതുല്‍ ഗുപ്തയുമായി ചേര്‍ന്ന് വന്‍തോതില്‍ സാമ്പത്തിക തിരിമറി നടത്തിയതിന്റെ പേരിലാണ് സൗത്ത് ആഫ്രിക്കന്‍ സര്‍ക്കാര്‍ കെ.പി.എംജിയുമായുള്ള കരാറുകള്‍ റദ്ദാക്കിയത്.

നിര്‍മാണമല്ല, രാഷ്ട്രപുനര്‍നിര്‍മാണമാണ് പ്രധാനമെന്ന് വി.എസ് ചൂണ്ടിക്കാട്ടുന്നു. “ആര്‍ക്ക് വേണ്ടിയാണ് നാം കോണ്‍ക്രീറ്റ് കൂമ്പാരങ്ങള്‍ കെട്ടിപ്പൊക്കുന്നതെന്നും എന്തിന് വേണ്ടിയാണ് അത് ഉപയോഗപ്പെടുന്നതെന്നും സംബന്ധിച്ച് വ്യക്തത വേണം. പശ്ചിമഘട്ട മലനിരകളില്‍ വന്‍കിട നിര്‍മാണങ്ങള്‍ പാടില്ല എന്നുപറഞ്ഞ ഗാഡ്ഗിലിനെ നാം എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് കണ്ടതാണല്ലോ? ഒരു കൂട്ടം സ്വാര്‍ത്ഥമതികളാണ് ഒരു സമൂഹത്തെയാകെ സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി ബലിയാടാക്കുന്നത്. അവരാണ് ജനങ്ങളില്‍ ഭീതി വിതച്ച് അതില്‍ നിന്ന് വിളവെടുക്കുന്നത്. റിസോര്‍ട്ട് പൊളിക്കാന്‍ ചെന്നാല്‍ കൈവെട്ടാനും നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നാല്‍ അതിനെതിരെ ജനങ്ങളെ പേടിപ്പിച്ച് അണിനിരത്താനുമൊക്കെ ഇത്തരം കച്ചവടക്കാര്‍ ഇറങ്ങിപ്പുറപ്പെടും. അതുകണ്ട് പിന്‍മാറുകയല്ല, ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തി മുന്നോട്ട് പോകുകയാണ് വേണ്ടതെന്ന്” വി.എസ് പറയുന്നു.

കേരളത്തിലെ ഭൂപ്രശ്‌നങ്ങള്‍ പൂവിറുക്കുന്ന ലാഘവത്തോടെ പരിഹരിക്കാവുന്നതല്ല. പക്ഷേ ആ വിഷയം അഡ്രസ് ചെയ്യപ്പെട്ടിട്ടുള്ളത് ഇടതുപക്ഷം മാത്രമാണെന്ന് കാണാം. ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കിക്കൊണ്ടായിരുന്നു തുടക്കം. ഇന്ത്യയിലെ ഒരു സംസ്ഥാനവും ധൈര്യപ്പെടാത്ത ആ നടപടിയിലൂടെയാണ് കേരള മാതൃകയിലേക്ക് നാം ചുവടുവെച്ചുതുടങ്ങിയത്. ഭൂപരിധി നിയമത്തില്‍ നിന്നും തോട്ടങ്ങള്‍ ഒഴിവാക്കപ്പെട്ടു. അതിന് ന്യായമായ കാരണങ്ങള്‍ അന്നുണ്ടായിരുന്നു. പക്ഷേ പഠനം നടത്തിയവരെല്ലാം തോട്ടം മേഖലയിലെ മാടമ്പിത്തരങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമത്തിന്റെ പഴുതുകളിലൂടെ വന്‍കിട തോട്ടമുടമകള്‍ അവരുടെ വന്‍കിട നടപടികള്‍ സാധൂകരിച്ചെടുക്കുന്ന സ്ഥിതിയുമുണ്ട്. -വി.എസ് പറയുന്നു.

ഉത്പാദന പരതയുടെ അടിസ്ഥാനത്തില്‍ ഭൂമിയെ തരംതിരിക്കേണ്ടതുണ്ട്. ആ തരംതിരിവിന്റെ അടിസ്ഥാനത്തിലാണ് ജനവാസ മേഖലകളും കാര്‍ഷിക മേഖലകളും വ്യവസായ മേഖലകളുമെല്ലാം വ്യവസായ മേഖലകളുമെല്ലാം നിര്‍ണയിക്കപ്പെടേണ്ടത്. അതോടൊപ്പം, പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളിലെ നിര്‍മാണത്തിന് കര്‍ശനമായ വിലക്കുണ്ടാവണം. അവിടങ്ങളില്‍ സ്വകാര്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല എന്ന് തീരുമാനിക്കണം. എല്ലാ നിര്‍മാണങ്ങളും സര്‍ക്കാര്‍ നേരിട്ട് ചെയ്യണം. കെട്ടിടങ്ങളും വീടുകളുമടക്കം സര്‍ക്കാര്‍ ഹൗസിങ് ബോര്‍ഡ് വഴി നിര്‍മിച്ച് ലേലം വഴി വിതരണം ചെയ്താല്‍ മതി.

ഏതെല്ലാം പ്രദേശങ്ങളില്‍ ഏതെല്ലാം നിര്‍മാണ സാമഗ്രികള്‍ ഉപയോഗിക്കണം എന്നുവരെ സൂക്ഷ്മമായി നിര്‍ദേശിക്കപ്പെടണം. ഈ ഘട്ടത്തില്‍ അത്തരം കാര്‍ക്കശ്യങ്ങള്‍ ചില ബുദ്ധിമുട്ടുകളുണ്ടാക്കിയേക്കും. പക്ഷേ അതായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും വി.എസ് പറയുന്നു.

ശാസ്ത്രീയ പഠനങ്ങളെ രാഷ്ട്രീയപഠനങ്ങള്‍ കൊണ്ട് ഇല്ലാതാക്കുന്ന രീതി ഒട്ടും തന്നെ ആശാസ്യമല്ല. മുതലാളിത്ത വികസന മാതൃകകള്‍ കേരളത്തിലേക്ക് പറിച്ചുനടാന്‍ ശ്രമിക്കരുത്. ഇത് നമ്മുടെ നിലനില്‍പ്പിന്റെ പ്രശ്‌നം കൂടിയാണെന്നും വി.എസ് വിശദീകരിക്കുന്നു.

ഇത്തവണ പെയ്തിറങ്ങിയ മഴ നമ്മുടെ ജലാശയങ്ങളെ നിറച്ച രീതി അസാധാരണമായിരുന്നു. തുടക്കത്തില്‍ പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ മാത്രമുള്ള മുന്നനുഭവങ്ങളും നമുക്കുണ്ടായിരുന്നില്ല. ഡാമുകള്‍ തുറക്കില്ല എന്ന് പ്രഖ്യാപിക്കുകയും അതിന് വിരുദ്ധമായി തുറക്കുകയും ചെയ്തതുപോലെയുള്ള ചില പാളിച്ചകളുണ്ടായത് ബോധപൂര്‍വമാണെന്ന് തോന്നുന്നില്ല. പക്ഷേ ഡാമുകള്‍ തുറന്നതുകൊണ്ട് മാത്രമല്ല പ്രളയം രൂക്ഷമായത്. ഡാം മാനേജ്‌മെന്റിനേക്കാള്‍, നമ്മുടെ സ്ഥലജല മാനേജ്‌മെന്റില്‍ കാലങ്ങളായി കൈക്കൊണ്ടുവന്ന അശാസ്ത്രീയതയാണ് ഒന്നാം പ്രതി. നമ്മുടെ പരാമ്പര്യ ജലനിര്‍ഗമനമാര്‍ഗങ്ങളെല്ലാം അടഞ്ഞുകഴിഞ്ഞിട്ടുണ്ട്. മുന്നിലെ തടസ്സങ്ങളെല്ലാം തട്ടിത്തകര്‍ത്ത് കുത്തിയൊഴുകിയ ജലമാണ് ഒരു വശത്ത് ദുരന്തകാരണമായത്. മറുവശത്ത് നദികളോടും നദീതീരങ്ങളോടും നാം കാണിച്ച ക്രൂരതയും പ്രളയം രൂക്ഷമാക്കി. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവുകള്‍ വരുത്തുന്നത് ഒട്ടും ആശാസ്യമല്ല. മലനിരകളിലെ ക്വാറികളും നിര്‍മാണ പ്രവര്‍ത്തനങ്ങളുമെല്ലാം ഉരുള്‍പൊട്ടലിന് കാരണമായി. നവകേരളം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഈ ഘട്ടത്തില്‍ ഇത്തരം കാര്യങ്ങളിലാവണം നമ്മുടെ ജാഗ്രത.

വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍ പാരിസ്ഥിതിക വിഷയങ്ങള്‍ ആന്തരിക ചര്‍ച്ചകള്‍ക്ക് വിധേയമാക്കുന്നത് ഇടതുപക്ഷ പാര്‍ട്ടികളാണെന്ന് കാണാന്‍ കഴിയും. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രത്യേകിച്ചും. ഞാന്‍ പ്രവര്‍ത്തിക്കുന്നത് സി.പി.ഐ.എമ്മിലാണ്. ആ പാര്‍ട്ടിയുടെ രേഖകള്‍ പൊതുമണ്ഡലത്തില്‍ ലഭ്യമാണല്ലോ? ഇഴകീറിയ ചര്‍ച്ചകളിലൂടെ തയ്യാറാക്കുന്നവയാണ് അത്തരം ഓരോ രേഖയും. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യാത്ത പാര്‍ട്ടി സമ്മേളനങ്ങള്‍ ഞങ്ങള്‍ക്കില്ല. ഇത് കാണിക്കുന്നത് പാരിസ്ഥിതിക ജാഗ്രതയല്ലെങ്കില്‍ പിന്നെന്താണ്? നടപ്പാക്കുമ്പോള്‍ ജാഗ്രതകുറവ് സംഭവിച്ചിട്ടില്ലേ എന്ന് വേണമെങ്കില്‍ ചോദിക്കാം. ഇത് പാരിസ്ഥിതിക വിഷയങ്ങളില്‍ മാത്രമല്ല നാനാ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്ന ഒരു പാര്‍ട്ടിക്ക് അത്തരം ജാഗ്രതകുറവുകള്‍ സംഭവിക്കാറുണ്ട്. അത്തരം ജാഗ്രത കുറവുകള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യും.

തിരിച്ചൊന്നു ചോദിക്കട്ടേ, ഏതെങ്കിലും വലതുപക്ഷ പാര്‍ട്ടികള്‍ പാരിസ്ഥിതിക വിഷയങ്ങളില്‍ ഇത്തരമൊരു പ്രക്രിയയിലൂടെ കടന്നുപോകുന്നത് ചൂണ്ടിക്കാണിക്കാമോ?

ഞങ്ങളാണ് കേരളം രൂപപ്പെടുത്തിയത് എന്നൊന്നും അവകാശപ്പെടാനാവില്ല. നമ്മളാണത് ചെയ്തത്. അതിന് ദിശ നിര്‍ണയിക്കുന്നതില്‍ ഞങ്ങള്‍ ജാഗ്രതയോടെ ഇടപെട്ടുവെന്നേയുള്ളൂ. ആ ഇടപെടലിന്റെ ഫലമായിട്ടാണ് നമുക്കൊരു കേരള മാതൃകയുണ്ടായത് എന്ന് ഞാന്‍ ആവര്‍ത്തിച്ചുപറയും. ആ മാതൃക ഇനിയും കുറ്റമറ്റതാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ജോലി അവസാനിച്ചിട്ടുമില്ല.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചില സാമൂഹ്യ നിയന്ത്രണങ്ങള്‍ വേണം. കാര്‍ഷിക ഉത്പാദന വ്യവസ്ഥ പുനരുദ്ധരിക്കണം. കാര്‍ഷിക ഉത്പാദന വ്യവസ്ഥയുമായി ബന്ധപ്പെടുത്തി പരമ്പരാഗത വ്യവസായങ്ങളെ ആധുനിക വത്ക്കരിക്കുകയും ശക്തിപ്പെടുത്തുകയും വേണം. കാര്‍ഷിക ഉത്പാദന വ്യവസ്ഥയുടെ തുടര്‍ച്ചയും വികാസവുമൊക്കെയായിരിക്കണം അത്. ഇത്തരമൊരു മാസ്റ്റര്‍ പ്ലാനിന്റെ നിര്‍വഹണത്തിന് വേണ്ടിയാകണം നമ്മുടെ അടിസ്ഥാന സൗകര്യ വികസനം. കുത്തക മൂലധന ശക്തികള്‍ക്കടിമപ്പെടാതെ തൊഴിലാളികളുടേയും കര്‍ഷകരുടേയും ഉത്പാദന സഹകരണ പ്രസ്ഥാനങ്ങളെയും പൊതു മേഖലയുമായി കൂട്ടിച്ചേര്‍ക്കുന്നതാവണം നമ്മുടെ മാസ്റ്റര്‍ പ്ലാന്‍. ഇപ്പോള്‍ അങ്ങനെ അല്ലല്ലോ? കുന്നിന്‍മണ്ടയിലൊരു റിസോര്‍ട്ടും അതിലേക്കൊരു റോഡും വികസിപ്പിച്ചാല്‍ നമ്മുടെ ടൂറിസം രക്ഷപ്പെടുമെന്ന വിശ്വാസം നാം കുടഞ്ഞുകളയേണ്ട കാലം അതിക്രമിച്ചിരിക്കുന്നെന്നും വി.എസ് പറഞ്ഞു.

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more