|

എ.ഡി.ജി.പി അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് സർക്കാരിനോട് ഡി.ജി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ശുപാര്‍ശ. ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹേബ് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കുകയായിരുന്നു. ഇന്റലിജൻസ് മേധാവിയായ എ.ഡി.ജി.പി പി. വിജയനെതിരെ വ്യാജ മൊഴി നല്‍കിയതിലാണ് നടപടി.

വ്യാജ മൊഴിയില്‍ നടപടി ആവശ്യപ്പെട്ട് വിജയന്‍ സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഡി.ജി.പിയുടെ അഭിപ്രായം തേടുകയായിരുന്നു.

സ്വര്‍ണക്കടത്തില്‍ വിജയന് പങ്കുണ്ടെന്നായിരുന്നു എം.ആര്‍. അജിത് കുമാറിന്റെ മൊഴി. എസ്.പി സുജിത് ദാസ് സ്വര്‍ണക്കടത്ത് കേസില്‍ വിജയനും പങ്കുണ്ടെന്ന് തന്നോട് പറഞ്ഞുവെന്നായിരുന്നു അജിത് കുമാറിന്റെ മൊഴി. എന്നാല്‍ സുജിത് ദാസ് ഇത് നിഷേധിച്ചിരുന്നു.

നിലവില്‍ അജിത് കുമാറിനെതിരെ സിവില്‍-ക്രിമിനല്‍ കേസുകള്‍ എടുക്കാനാണ് ഡി.ജി.പി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

രണ്ട് മാസം മുമ്പാണ് ഡി.ജി.പി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ ഈ ശുപാര്‍ശയില്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

2025 മാര്‍ച്ചില്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എം.ആര്‍. അജിത് കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ ചീറ്റ് ലഭിച്ചിരുന്നു. നിലമ്പൂര്‍ മുന്‍ എം.എല്‍.എ പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിജിലന്‍സ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് എ.ഡി.ജി.പി അജിത് കുമാറിന് ക്ലീന്‍ ചീറ്റ് ലഭിച്ചത്. അന്വേഷണത്തില്‍ എം.ആര്‍. അജിത് കുമാര്‍ അഴിമതി നടത്തിയിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.

ക്ലീന്‍ചീറ്റ് ലഭിച്ചതോടെ ഡി.ജി.പി സ്ഥാനത്തേക്കുള്ള പട്ടികയില്‍ അജിത് കുമാറിനുള്ള മുന്‍തൂക്കവും വര്‍ധിച്ചിരുന്നു. വിജിലന്‍സിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുന്ന പക്ഷം ഡി.ജി.പി സ്ഥാനത്തേക്ക് അജിത് കുമാറിന്റെ പേരും പരിഗണിക്കും.

മെയ് 30നാണ് സംസ്ഥാന പൊലീസ് മേധാവിയായ ഡി.ജി.പി ഷെയ്ഖ് ദര്‍വേസ് സാഹിബ് വിരമിക്കുന്നത്. അദ്ദേഹത്തിന്റെ ഒഴിവിലേക്ക് നിലവില്‍ ആറ് പേരുകളാണ് പരിഗണനയില്‍ ഉള്ളത്. അതില്‍ ആറാമനാണ് എ.ഡി.ജി.പി. അജിത് കുമാര്‍. ചീഫ് സെക്രട്ടറി, ഡി.ജി.പി, ആഭ്യന്തര സെക്രട്ടറി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ അടങ്ങിയ സ്‌ക്രീനിങ് കമ്മറ്റിയാണ് അജിത് കുമാറിന്റെ പേര് നിര്‍ദേശിച്ചത്.

Content Highlight: Recommendation to the government to file a case against ADGP Ajith Kumar