ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ എന്‍.ഐ.എ അന്വേഷണം വേണമെന്ന് ശുപാര്‍ശ. ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേനയുടേതാണ് ശുപാര്‍ശ.
ആം ആദ്മി പാര്‍ട്ടിക്കായി അരവിന്ദ് കെജ്‌രിവാള്‍ ഭീകര സംഘടനയില്‍ നിന്ന് സംഭാവന സ്വീകരിച്ചുവെന്ന ആരോപണത്തിലാണ് നീക്കം. സിഖ്സ് ഫോര്‍ ജസ്റ്റിസില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിക്ക് 1.5 കോടി ലഭിച്ചുവെന്നാണ് ആരോപണം.
എന്നാല്‍ ബി.ജെ.പിയുടെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രി കെജ്‌രിവാളിനെതിരെ നടത്തുന്ന മറ്റൊരു ഗൂഢാലോചനയാണിതെന്ന് ദല്‍ഹി മന്ത്രിയും എ.എ.പി നേതാവുമായ സൗരഭ് ഭരദ്വാജ് ഗവര്‍ണറുടെ നീക്കത്തില്‍ പ്രതികരിച്ചു. ദല്‍ഹിയിലെ സീറ്റുകള്‍ ബി.ജെ.പിക്ക് നഷ്ടപ്പെടും എന്നതിനാല്‍ എന്‍.ഡി.എ സഖ്യം അസ്വസ്ഥരാണെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു.
2014നും 2022നും ഇടയില്‍ ഖലിസ്ഥാന്‍ സംഘങ്ങളില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി പണം സ്വീകരിച്ചുവെന്ന് ആരോപിച്ച് സിഖ്സ് ഫോര്‍ ജസ്റ്റിസ് തലവന്‍ പന്നൂന്‍ വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. 1993ലെ ദല്‍ഹി ബോംബ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ ഖലിസ്ഥാന്‍ ഭീകരവാദി ദേവീന്ദര്‍പാര്‍ സിങ് ഭുള്ളറെ മോചിപ്പിക്കാമെന്ന് കെജ്‌രിവാള്‍ ഉറപ്പ് നല്‍കിയെന്നും വീഡിയോയില്‍ പറഞ്ഞിരുന്നു.
അതേസമയം ദേവേന്ദ്ര പാല്‍ ഭുള്ളറിനെ മോചിപ്പിക്കുന്നതിന് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എ.എ.പി ഖലിസ്ഥാനി ഗ്രൂപ്പുകളില്‍ നിന്ന് 16 ദശലക്ഷം യു.എസ് ഡോളര്‍ കൈപ്പറ്റിയതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയ്ക്ക് പരാതി ലഭിച്ചതായി ലഫ്റ്റനന്റ് ഗവര്‍ണറുടെ സെക്രട്ടേറിയറ്റ് അറിയിക്കുകയും ചെയ്തു.
മുന്‍ എ.എ.പി പ്രവര്‍ത്തകന്‍ മുനിഷ് കുമാര്‍ റൈസാദ ഖാലിസ്ഥാന്‍ നേതാക്കളുമായി കെജ്‌രിവാള്‍ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതായും ഈ പരാതിയില്‍ പറയുന്നു.
Content Highlight: Recommend NIA probe against Arvind Kejriwal