ടെൽ അവീവ്: അന്താരാഷ്ട്ര സമൂഹം ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനെ എതിർക്കുന്നത് തുടരുമെന്ന് ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഗസയിലെ സംഘർഷം പരിഹരിക്കുന്നതിന് വിലങ്ങുതടിയാകുമെന്നാണ് നെതന്യാഹുവിന്റെ വാദം.
ഇസ്രഈലും ഫലസ്തീനികളും തമ്മിൽ ദീർഘകാലതേക്കുള്ള സമാധാനത്തിന് യു.എസും അറബ് രാജ്യങ്ങളും ഒരു പദ്ധതി ചർച്ച ചെയ്തുവരികയാണെന്ന വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിർദേശത്തിൽ വെടിനിർത്തലും, ഹമാസ് ബന്ദികളാക്കിയവരുടെ മോചനവും ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിന് ഒരു സമയപരിധി നിശ്ചയിക്കുന്നതുമാണ് ഉൾപ്പെട്ടിട്ടുള്ളത്.
അടുത്ത കുറച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിർദേശത്തിൽ പറയുന്നതായി വാഷിങ്ടൺ പോസ്റ്റ് പറയുന്നു.
എന്നാൽ ഈ ചർച്ചയെ ഫലസ്തീൻ രാഷ്ട്രത്തെ ഇസ്രഈലിന് മേൽ അടിച്ചേൽപ്പിക്കുന്ന ചർച്ചയെന്നാണ് എക്‌സിൽ നെതന്യാഹു വിശേഷിപ്പിച്ചത്.
‘ഫലസ്തീൻ രാഷ്ട്രത്തെ ഏകപക്ഷീയമായി അംഗീകരിക്കുന്നതിനെ എതിർക്കുന്നത് ഇസ്രഈൽ തുടരും. ഒക്ടോബർ ഏഴിന് ഇസ്രഈലിൽ നുഴഞ്ഞുകയറി ഹമാസ് 1,200 പേരെ കൊലപ്പെടുത്തുകയും 240 പേരെ ബന്ദികളാക്കുകയും ചെയ്ത ശേഷം, അന്താരാഷ്ട്ര സമൂഹം ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണക്കുന്നത് തീവ്രവാദത്തിനുള്ള വലിയ പുരസ്‌കാരമാകും. ഇത് ഭാവിയിൽ സമാധാന ഒത്തുതീർപ്പുകൾക്ക് തടയിടും.
ഫലസ്തീനുമായി ശാശ്വത ഒത്തുതീർപ്പുകൾ സംബന്ധിച്ച അന്താരാഷ്ട്ര സമൂഹത്തിന്റെ നിർദേശങ്ങൾ ഇസ്രഈൽ നിരസിക്കുന്നു,’ നെതന്യാഹു പറഞ്ഞു.
വ്യവസ്ഥകളൊന്നുമില്ലാതെ ഇരുകക്ഷികളും തമ്മിൽ നേരിട്ടുള്ള ചർച്ചകളിലൂടെ മാത്രമേ ഗസയിൽ സമാധാന ഉടമ്പടി ഉണ്ടാക്കാൻ സാധിക്കൂ,’ നെതന്യാഹു പറഞ്ഞു.
അതേസമയം റഫയിൽ ഇസ്രഈൽ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ യു.എസും ഇസ്രഈലും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു.
CONTENT HIGHLIGHT: Recognition of Palestinian state is ‘reward to terrorists’ – Netanyahu