റെക്കോഡ് വില്‍പ്പനയുമായി ഷവോമി; മൂന്നു മിനിറ്റില്‍ വിറ്റഴിച്ചത് മൂന്നുലക്ഷം ഫോണുകള്‍
Tech
റെക്കോഡ് വില്‍പ്പനയുമായി ഷവോമി; മൂന്നു മിനിറ്റില്‍ വിറ്റഴിച്ചത് മൂന്നുലക്ഷം ഫോണുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th February 2018, 1:16 pm

ഷവോമിയുടെ റെഡ്മി നോട്ട് 5 ന് വില്‍പ്പനയില്‍ റെക്കോഡ് നേട്ടം. മൂന്നുമിനിറ്റിനിടെ മൂന്നുലക്ഷം ഹാന്‍ഡ്‌സെറ്റുകളാണ് ഷവോമി വിറ്റഴിച്ചത്. ഷവോമിയുടെ റെഡ്മി നോട്ട് 5, റെഡ്മി നോട്ട് 5 പ്രോ ഹാന്‍ഡ്‌സെറ്റാണ് നിമിഷ നേരം കൊണ്ടു വിറ്റുതീര്‍ന്നത്.

180 സെക്കന്റിനിടെ മൂന്നു ലക്ഷം ഹാന്‍ഡ്‌സെറ്റുകള്‍ വിറ്റതായി ഷവോമി ഇന്ത്യ മാനേജിങ് ഡിറക്ടര്‍ മനു കുമാര്‍ ജെയിന്‍ ട്വീറ്റ് ചെയ്തു. രാജ്യത്ത് ഷവോമിയുടെ ഏറ്റവും വലിയ വില്‍പ്പനയാണിത്.

കഴിഞ്ഞ വര്‍ഷം ഷവോമിയുടെ റെഡ്മി നോട്ട് 4, റെഡ്മി 4, റെഡ്മി 4എ ഹാന്‍ഡ്‌സെറ്റുകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ 2.5 ലക്ഷം പേരാണ് വാങ്ങിയത്. ഷവോമി റെഡ്മി നോട്ട് 5, നോട്ട് 5 പ്രോ ഹാന്‍ഡ്‌സെറ്റുകളുടെ അടുത്ത വില്‍പ്പന ഫെബ്രുവരി 28 നാണ്.

റെഡ്മി നോട്ട് 5 (3ജിബി റാം) 9999 രൂപ, (4ജിബി) 11,999 രൂപ. റെഡ്മി നോട്ട് 5 പ്രോ (4ജിബി റാം) 13,999, (6ജിബി റാം) 16,999.

ഡിസംബറില്‍ അവതരിപ്പിച്ച റെഡ്മി നോട്ട് 5 പ്ലസ് മോഡല്‍ ഇന്ത്യക്കായി പേരുമാറ്റി ഇറക്കുന്നതാണ്. ഇരട്ട സിം ഇടാവുന്ന ഈ ഫോണിന് ആന്‍ഡ്രോയിഡ് 7.0 ആസ്പദമാക്കി സൃഷ്ടിച്ച ഷവോമിയുടെ സ്വന്തം MIUI 9 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. എട്ടു കോര്‍ ഉള്ള സ്നാപ്ഡ്രാഗണ്‍ 625 ആണ് പ്രൊസസര്‍.

3ജി.ബി/4ജി.ബി റാമുകളില്‍ രണ്ടു വേര്‍ഷനിലാണ് റെഡ്മി നോട്ട് 5 ഉള്ളത്. സ്‌ക്രീന്‍ റെസലൂഷന്‍ ഫുള്‍ എച്ഡി പ്ലസ് ആണ് (1080ഃ2160 പിക്സല്‍സ്)

12MP സെന്‍സറും f/2.2 അപേര്‍ച്ചറുമുള്ളതാണ് പിന്‍ ക്യാമറ. DSLRകളിലുള്ള ഫെയ്സ് (phase) ഡിറ്റെക്ട് ഓട്ടോഫോക്കസ് സിസ്റ്റവും ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷനും ക്യാമറയ്ക്ക് നല്‍കിയിട്ടുണ്ട്. എല്‍.ഇ.ഡി ഫ്ളാഷും ഉണ്ട്. സ്റ്റോറേജ് ഓപ്ഷനിലും രണ്ടു വേരിയന്റുകളുണ്ട്- 32ജി.ബി/64ജി.ബി. മൈക്രോ എസ്ഡി കാര്‍ഡിട്ട് മെമ്മറി വര്‍ധിപ്പിക്കുയും ചെയ്യാം.

ഇതുവരെ ഇറക്കിയതില്‍ വച്ച് ഏറ്റവും കരുത്തു കൂടിയ റെഡ്മി നോട്ട് ഫോണ്‍ എന്നാണ് റെഡ്മി നോട്ട് 5 പ്രോയെ ഷവോമി വിശേഷിപ്പിക്കുന്നത്. സ്‌ക്രീന്‍ അടക്കമുള്ള പല കാര്യങ്ങളിലും റെഡ്മി നോട്ട് 5 ല്‍ കണ്ടതു തന്നെയാണ് ഈ മോഡലിനും. പ്രൊസസര്‍ അല്‍പ്പം കൂടെ മെച്ചപ്പെട്ട സ്നാപ്ഡ്രാഗണ്‍ 636 ആണ്. ഈ പ്രൊസസര്‍ ഉപയോഗിച്ച് ഇറക്കുന്ന ലോകത്തെ ആദ്യ ഫോണാണ് എന്നതാണ് ഹാന്‍ഡ്‌സെറ്റിനെ വേര്‍തിരിച്ചു നിറുത്തുന്ന ഒരു ഗുണം. റാം 4ജിബി/6ജിബി ഉള്ള രണ്ടു വേരിയന്റുകള്‍ ഇറക്കും.

ഈ മോഡലിന്റെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ പിന്നിലാണ്. ഇരട്ട പിന്‍ ക്യാമറകളാണ് മറ്റൊരു പ്രത്യേകത. 12MP/f2.2 പ്രഥമ സെന്‍സറും 5MP/f2.0 സെന്‍സറുമാണ് ക്യാമറയ്ക്ക് ഉള്ളത്. എല്‍.ഇ.ഡി ഫ്ളാഷ് മൊഡ്യൂളും കൂട്ടിനുണ്ട്. മുന്‍ക്യാമറയുടെ കാര്യത്തിലാണ് ഒരു വമ്പന്‍ മാറ്റമുള്ളത്. സോണിയുടെ IMX376 20MP സെന്‍സറാണ് മുന്‍ക്യാമറയ്ക്ക്.