മത്തി എന്നും മലയാളികള്‍ക്ക് ഒരു വീക്ക്‌നെസ് ആണ്. മത്തി കൊണ്ടുള്ള നിരവധി വിഭവങ്ങള്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. അത്തരത്തില്‍ ഒരു നാടന്‍ മത്തികൊണ്ട് ഒരു വിഭവമാണിന്ന്. മത്തി പീര വറ്റിച്ചത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവമാണിത്, എല്ലാവര്‍ക്കും ഇഷ്ടമാകും. ഒന്നു ശ്രമിച്ചു നോക്കൂ.
ആവശ്യമായ വസ്തുക്കള്‍
മത്തി – 1 കിലോ
ചെറിയ ഉള്ളി – മുക്കാല്‍ കപ്പ്
വെളുത്തുള്ളി – 10 അല്ലി
ഇഞ്ചി – ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂണ്‍
പച്ചമുളക് – 6 എണ്ണം
കറിവേപ്പില – 2 തണ്ട്
കുടംപുളി – 3 അല്ലി
തേങ്ങ ചിരവിയത് – രണ്ടു കപ്പ്
മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍
വെളിച്ചെണ്ണ – ആവശ്യത്തിന്
കടുക് – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം,
ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിന് ശേഷം ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി കറിവേപ്പില എന്നിവ ഇടുക. ചെറിയ ബ്രൗണ്‍ നിറമാകുമ്പോള്‍ ഇതിലേക്ക് ചിരവിയ തേങ്ങ ചേര്‍ത്ത് ഇളക്കുക. ശേഷം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് അരിഞ്ഞ പച്ചമുളകും കുടുംപുളിയും ചേര്‍ത്ത് ഒന്നിളക്കി അടച്ച് വെയ്ക്കുക.
ഒരു മിനുറ്റിന് ശേഷം ഇതിലേക്ക് മീന്‍ ചേര്‍ക്കാം. തുടര്‍ന്ന് ആവശ്യത്തിന് ഉപ്പും കാല്‍കപ്പ് വെള്ളവും ചേര്‍ത്ത് ഒന്നിളക്കി അടച്ച് വെയ്ക്കാം. മീന്‍ വെന്തതിന് ശേഷം ആവശ്യാനുസരണം വെള്ളം വറ്റിച്ച് എടുക്കാം. പിന്നീട് വേണമെങ്കില്‍ ഒരല്‍പം പച്ച വെളിച്ചെണ്ണ ഇതിന് മുകളില്‍ തൂവാം.