ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഡി.കെ. ശിവകുമാറിനും നോട്ടീസ് ലഭിച്ചത്.
വെള്ളിയാഴ്ച രാത്രിയോടെയാണ് നോട്ടീസ് ലഭിച്ചതെന്നാണ് ഡി.കെ. ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. കോടതിയില്‍ ഇതിന് മുമ്പ് തീരുമാനമായ ഒരു കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് ലഭിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഏത് കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് ലഭിച്ചതെന്നോ എന്താണ് നോട്ടീസില്‍ ആവശ്യപ്പെട്ടതെന്നോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
ഈ രാജ്യത്ത് ജനാധിപത്യം ഇല്ലേയെന്ന് നോട്ടീസ് ലഭിച്ച വിഷയത്തില്‍ മാധ്യമങ്ങളോട് ഡി.കെ. ശിവകുമാര്‍ ചോദിച്ചു. ‘ആദായനികുതി വകുപ്പിന്റെ നോട്ടീസ് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. കോടതിയില്‍ തീരുമാനമായ കേസില്‍ ഒരു തെരഞ്ഞെടുപ്പ് കാലത്ത് എങ്ങനെയാണ് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെ ബി.ജെ.പിക്ക് ഇത്തരത്തില്‍ ഉന്നമിടാന്‍ സാധിക്കുന്നത്’, ഡി.കെ. ശിവകുമാര്‍ ചോദിച്ചു.
ഇന്ത്യ സഖ്യത്തെ എന്‍.ഡി.എക്ക് ഭയമായതിനാലാണ് ഇത്തരത്തില്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഐ.ടിയെയും ഇ.ഡിയെയും ഉപയോഗിച്ച് നിരന്തരം വേട്ടയാടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആദായനികുതി വകുപ്പിന്റെ തുടര്‍ച്ചയായ നടപടിക്കെതിരെ കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കുമെന്നും ഡി.കെ. ശിവകുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും കഴിഞ്ഞദിവസം ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. രണ്ട് സാമ്പത്തിക വര്‍ഷത്തിലെ കണക്കുകളുടെ പ്രശ്‌നത്തില്‍ 1,800 കോടി രൂപ പിഴ അടക്കണമെന്നാണ് കോണ്‍ഗ്രസിന് ലഭിച്ച നോട്ടീസ്.
ഒരു ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി 15 കോടിയാണ് സി.പി.ഐ.എമ്മിന് പിഴ ചുമത്തിയത്. പാന്‍ കാര്‍ഡ് തെറ്റായി രേഖപ്പെടുത്തിയെന്ന് ആരോപിച്ച് 11 കോടിയാണ് സി.പി.ഐക്ക് പിഴ ചുമത്തിയത്. നടപടിക്കെതിരെ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചെന്നാണ് സി.പി.ഐ.എം പറഞ്ഞത്.
Content Highlight: Received income tax notice on matter which is already settled: D K Shivakumar