| Tuesday, 30th November 2021, 10:39 pm

കര്‍ഷകസമരവുമായി ബന്ധപ്പെട്ട്‌ എനിക്ക് വധഭീഷണി സന്ദേശം ലഭിച്ചിരുന്നു, ഞാനിതിലൊന്നും പേടിക്കുന്ന വ്യക്തിയല്ല; എഫ്.ഐ.ആറിന്റെ കോപ്പി പങ്കുവെച്ച് കങ്കണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: തനിക്കെതിരെ ഉയര്‍ന്നു വരുന്ന ഭീഷണി സന്ദേശങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതായി ബോളിവുഡ് നടി കങ്കണ റണാവത്. കര്‍ഷക സമരത്തിനെതിരെയുള്ള തന്റെ പോസ്റ്റിന് പിന്നാലെ നിരന്തരമായി തനിക്ക് വധഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായും കങ്കണ പറയുന്നു.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് കങ്കണ ഇക്കാര്യം പറയുന്നത്.

കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിയിരുന്ന സമരങ്ങളുടെ നിരന്തര വിമര്‍ശകയായിരുന്നു കങ്കണ. കര്‍ഷകരെ വിമര്‍ശിച്ചും കേന്ദ്ര സര്‍ക്കാരിന് സ്തുതി പാടിയും കങ്കണ സമൂഹമാധ്യമങ്ങളില്‍ സജീവമായി രംഗത്ത് വന്നിരുന്നു.

‘എനിക്കെതിരെ നിരന്തരമായി വധഭീഷണികള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. സംഘടിതമായ ആക്രമണമാണ് എനിക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത്. എന്നെ കൊല്ലണമെന്ന് പരസ്യമായി ആഹ്വാനം ചെയ്ത് ഒരാള്‍ രംഗത്ത് വന്നിരുന്നു. ഇതൊന്നും എന്നെ ഭയപ്പെടുത്തില്ല.

എന്റെ രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന എല്ലാവരേയും ഞാന്‍ വിമര്‍ശിക്കും. പാവം ജവാന്‍മാരെ നക്‌സലുകള്‍ കൊന്നൊടുക്കുന്നു. ചില തീവ്രവാദി ഗ്യാംഗുകള്‍ വിദേശത്തിരുന്നു ഖലിസ്ഥാന് വേണ്ടി വാദിക്കുന്നു. ഇവര്‍ക്കെതിരെ ഞാന്‍ ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കും,’ കങ്കണ പറയുന്നു.

ജനാധിപത്യമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയെന്നും ഏത് പാര്‍ട്ടി ഭരിച്ചാലും ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും മൗലികാവകാശങ്ങളും സംരക്ഷിക്കാനാണ് ശ്രമിക്കേണ്ടതെന്നും കങ്കണ പറഞ്ഞു. താന്‍ ഏതെങ്കിലും ജാതിക്കോ മതത്തിനോ എതിരെ സംസാരിച്ചിട്ടില്ലെന്നും വിദ്വേഷം പ്രചരിപ്പിച്ചിട്ടില്ലെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

പൊലീസിന് നല്‍കിയ പരാതിയുടെ കോപ്പിയും കങ്കണ പങ്കുവെച്ചു. തന്റെ പരാതിയില്‍ നടപടിയെടുക്കാന്‍ ചരണ്‍ജിത് സിംഗ് ചന്നിയുടെ നേതൃത്വത്തിലുള്ള പഞ്ചാബ് സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് കങ്കണ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഇപ്പോള്‍ തനിക്കെതിരെ നടന്നു വരുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ കതൃത്യമായ രാഷ്ട്രീയമുണ്ടെന്നും സംഘടിതമായ നീക്കങ്ങളാണ് ഇതിന് പിന്നിലെന്നും താരം ആരോപിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Received death threats over posts on farmers’ protests, have filed FIR: Kangana Ranaut

We use cookies to give you the best possible experience. Learn more