മുംബൈ: മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ തിരികെ വിളിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് ശിവസേന.പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ശിവസേന ഉന്നയിച്ചിരിക്കുന്നത്.
ബി.ജെ.പിയുടെ കളിപ്പാവ മാത്രമാണ് കോഷിയാരി എന്ന് പറഞ്ഞ പത്രം ഗവര്‍ണറുടെ ഓഫീസിന്റെ മാന്യത അദ്ദേഹം നശിപ്പിക്കുകയാണ് എന്നും കൂട്ടിച്ചേര്‍ത്തു.
” കേന്ദ്ര അഭ്യന്തര മന്ത്രാലയം ഭരണഘടനയോടും നിയമങ്ങളോടും എന്തെങ്കിലും ബഹുമാനം കാണിക്കുന്നുണ്ടെങ്കില്‍ ഗവര്‍ണറെ തിരികെ വിളിക്കണം,” ശിവസേന സാമ്‌നയില്‍ എഴുതി.
മഹാരാഷ്ട്ര സര്‍ക്കാരിന്റെ വി.വി.ഐ.പി വിമാനം ഉപയോഗിക്കാന്‍ ഗവര്‍ണര്‍ക്ക് അനുമതി നല്‍കാത്തതിന് പിന്നാലെയാണ് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത്.
ഭഗത് സിംഗ് കോഷിയാരിക്ക് ഡെറാഡൂണിലേക്ക് പോകാന്‍ സംസ്ഥാന സര്‍ക്കാരിന്റെ വിമാനം ഉപയോഗിക്കാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
മുഖ്യമന്ത്രി അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ സാധാരണ വിമാനത്തിലാണ് ഡെറാഡൂണിലേക്ക് പോയത്.
അവസാന നിമിഷം അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ഗവര്‍ണര്‍ വിമാനത്താവളത്തിലെത്തിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അനുമതി അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് വന്നിരുന്നില്ല.
അതേസമയം മഹാരാഷ്ട്ര സര്‍ക്കാര്‍ സ്റ്റേറ്റ് ലെജിസ്‌ലേറ്റീവ് അസംബ്ലിയിലേക്ക് ഗവര്‍ണറുടെ പ്രതിനിധിയായി നാമനിര്‍ദേശം ചെയ്ത 12 പേരുകള്‍ ഇതുവരെ കോഷിയാരി അംഗീകരിച്ചിട്ടില്ല.
ഗവര്‍ണര്‍ ഒപ്പിടാന്‍ വിസമ്മതിച്ചതോടെ സ്റ്റേറ്റ് ലെജിസ്‌ലേറ്റീവ് അസംബ്ലിയിലേക്കുള്ള ഇവരുടെ പ്രവേശനം അനിശ്ചിതത്വത്തിലാണ്.
ഈ തര്‍ക്കങ്ങള്‍ സജീവമായി തുടരുന്നതിനിടയിലാണ് മഹാരാഷ്ട്ര ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സാമ്‌ന മുഖപ്രസംഗവും എഴുതിയത്.