| Tuesday, 28th August 2018, 6:58 pm

കേരളത്തിന്റെ പുനര്‍നിര്‍മ്മാണവും, മുതലാളിത്ത വ്യവസ്ഥയും

ശ്രീനാഥ് നെന്മണിക്കര

നൂറ്റാണ്ടിലെ പ്രളയത്തില്‍ നിന്ന് നമ്മള്‍ കരകയറാന്‍ ഒരുങ്ങുകയാണ് .മികച്ച ആസൂത്രണവും, ജനാധിപത്യ സ്വാഭാവവും , വികസന കാഴ്ചപ്പാടും ആവശ്യമുള്ള ഈ വലിയ പ്രവര്‍ത്തനത്തിന് കേരളം പക്വമാണോ ?കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നമ്മുടെ വികസന , പരിസ്ഥിതി നയങ്ങള്‍ തീരുമാനിക്കുന്നത് ആരുടെ താല്പര്യ പ്രകാരമാണ് ?വലിയ ഒരു പ്രകൃതി ദുരന്തത്തില്‍നിന്ന് കരകയറി നാടിനെ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ പ്രസക്തമല്ലേ ?ശാസ്ത്രീയമായൊരു ആസൂത്രണമില്ലാതെയാണ് ഇന്ന് പ്രകൃതിവിഭവങ്ങളും മനുഷ്യാധ്വാനവും കേരളത്തില്‍ വിനിയോഗിക്കപ്പെടുന്നത്.ഈ അവസ്ഥ നാടിന്റെയും ജനങ്ങളുടെയും മൊത്തത്തിലുള്ള സാമൂഹ്യ വികസനത്തെ സഹായിക്കുന്നില്ല. മാത്രമല്ല, ആധുനിക വികസനം സൃഷ്ടിക്കുന്ന പലതരം കെടുതികള്‍ക്കും ജനങ്ങള്‍ ഇരയാകേണ്ടിവരുന്നു.

മുതലാളിത്ത വ്യവസ്ഥ എന്നാല്‍ കേവലമൊരു സാമ്പത്തികവ്യവസ്ഥയല്ല. ഒരു അധികാരവ്യവസ്ഥയാണത്. അധികാരത്തിന്റെ സങ്കീര്‍ണമായ ബലതന്ത്രങ്ങള്‍ നിരന്തരം പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥ. മൂലധനത്തിന്റെ ആധിപത്യം സ്ഥാപിക്കപ്പെടുന്നതും വികസിക്കുന്നതും ഈ അധികാരവ്യവസ്ഥയുടെ സങ്കീര്‍ണമായ പ്രയോഗത്തിലൂടെയാണ്.

ആഗോളീകരണ കാലഘട്ടത്തില്‍ മൂലധനം മാത്രമല്ല ആഗോളീകരിക്കപ്പെടുന്നത്. അധികാരത്തിന്റെ സങ്കീര്‍ണമായ ആഗോളീകരണമാണ് ഈ കാലഘട്ടത്തെ സവിശേഷമാക്കുന്നത്. അതുകൊണ്ടുതന്നെ, മുതലാളിത്ത കാലഘട്ടത്തില്‍ വിശേഷിച്ചും ആഗോളീകരണ കാലഘട്ടത്തില്‍ എങ്ങനെയാണ് നമ്മള്‍ ഈ വ്യവസ്ഥയില്‍ കീഴ്പെട്ടു പ്രതികരണ ശേഷിയില്ലാത്തവരായി മാറുന്നതെന്ന് നമ്മള്‍ സ്വയം വിലയിരുത്തിയെ മതിയാകു .

ദേശീയ തലം മുതല്‍ വാര്‍ഡ് തലം വരെ നമ്മുടെ വികസന നയങ്ങള്‍ തീരുമാനിക്കുന്നത് മുതലാളിത്ത വ്യവസ്ഥയാണ്. ആഗോളീകരണകാലത്ത് പരിസ്ഥിതിനയങ്ങളും, നിയമങ്ങളും തങ്ങള്‍ക്കു കൊള്ളലാഭമുണ്ടാക്കുന്ന രീതിയില്‍ പൊളിച്ചെഴുതാനായി ഈ പണാധിപത്യ അധികാരവ്യവസ്ഥക്ക് കഴിയുന്നു. നോക്കൂ നമ്മുടെ സംസ്ഥാന വികസന-പരിസ്ഥിതി നയങ്ങള്‍ തീരുമാനിക്കുന്നത് ലുലു ഗ്രൂപ്പ് പോലുള്ള വലിയ മുതലാളിമാര്‍ക്ക് വേണ്ടിയാണെങ്കില്‍. ഇങ്ങ് വാര്‍ഡ് തലത്തില്‍ പ്രാദേശിക സാമ്പത്തിക ശക്തികളാകും ഇവ തീരുമാനിക്കുന്നത്..

ദുരന്ത നിവാരണ ഫണ്ടിലേക്ക് സംസ്ഥാന തലം മുതല്‍ വാര്‍ഡ് തലം വരെ നടക്കുന്ന നക്കുന്ന ഫണ്ട് സമാഹരണ കൂട്ടായ്മകളില്‍ ഇനങ്ങനെയുള്ളവരുടെ അരാഷ്ട്രീയമായ ശബ്ദങ്ങളും , തീരുമാനങ്ങളും ഉയര്‍ന്നുനില്‍ക്കുന്നു. ഇവരെല്ലാം കൊള്ള ലാഭമുണ്ടാക്കാനുള്ള നിര്‍മാണ വികസനത്തിന് നിയമങ്ങള്‍ ലംഘിച്ചും , മാറി കടന്നും വന്‍തോതില്‍ ഇടിച്ചും , പൊട്ടിച്ചും കളഞ്ഞ കുന്നുകളും ..ഏക്കര്‍ കണക്കിന് നികത്തിയ പാടങ്ങളും , പുഴയും , നീര്‍ത്തടങ്ങളും ഒക്കെയാണ് ഈ പ്രളയം ഇത്രയേറെ ഭീകരമായ നാശ നഷ്ട്ടം സാധാരണ ജനങ്ങളെ ബാധിക്കാന്‍ കാരണം അവര്‍ ഇപ്പോള്‍ വലിച്ചു നീട്ടുന്ന ഏതാനും കൊടിയേക്കാള്‍ നൂറു കണക്കിന് ഇരട്ടി നാശമാണ് നമ്മുടെ പരിസ്ഥിതിക്കും, നാടിനും അവര്‍ വരുത്തി വെച്ചിരിക്കുന്നത്. പൊന്മുട്ടയിടുന്ന താറാവിനെ കൊന്നു തിന്നതിന്റെ ഒരംശം അവര്‍ അതുമൂലം ജീവനും , ജീവിതവും നഷപെട്ടവര്‍ക്കു വെച്ച് നീട്ടുന്നു .

ഇതിനു വേണ്ടി സഹായം ചെയ്തുകൊടുത്ത രാഷ്ട്രീയ നേതൃത്വത്തിന് നോക്കി നില്‍ക്കാനേ കഴിയു, കാരണം ഇവരെ ഉപയോഗിച്ചു മുതലാളിത്തം നടപ്പിലാക്കിയ നയങ്ങളിലൂടെ സമ്പത്ത് അത്രമേല്‍ കേന്ദ്രീകൃതമാണ് . ഇവിടെയാണ് ഈ ദുരന്തത്തില്‍ നിന്ന് വീണ്ടും കേരളം പുനര്‍നിര്‍മ്മിക്കുമ്പോള്‍ നമ്മള്‍ ജനാധിപത്യപരമായി പ്രതികരിക്കേണ്ടതും , ഇടപെടേണ്ടതുമായ അടിയന്തര സാഹചര്യം ഉണ്ട് എന്ന് വ്യക്തമാകുന്നത് .

ലാഭാധിഷ്ഠിതമായ കോര്‍പ്പറേറ്റ് നവലിബറല്‍ സമ്പദ് വ്യവസ്ഥയുടെ അനിയന്ത്രിതമായ കടന്നുകയറ്റത്തില്‍ കേരളം തകരുകയേ ഉള്ളൂ. എന്നു വ്യക്തമാണ്. സ്റ്റേറ്റ് ഇടപെടലുകളും ഉദാരവല്‍ക്കരണവും കൂടിയുള്ള ചേരുവകള്‍ ഇന്നത്തെ സാഹചര്യത്തില്‍ എത്രമാത്രം ഫലപ്രദമാകുമെന്നും പരിശോധിക്കേണ്ടതാണ്. അതേസമയം നവലിബറല്‍ കടന്നുകയറ്റം ശക്തമാണ്.അതിനനുകൂലമായ ഒരു മാനസികാവസ്ഥ കേരളത്തില്‍ ഇന്ന് വളര്‍ന്നുവന്നിട്ടുണ്ട്. മധ്യവര്‍ഗം പരസ്യമായി അതിനെ അനുകൂലിക്കുന്നവരാണ്. എതിര്‍ക്കുന്നവര്‍പോലും അതു നല്‍കുന്ന അവസരങ്ങളെ പരമാവധി ഉപയോഗപ്പെടുത്തുന്നുമുണ്ട്.

പരിസ്ഥിതിനാശവും ഇതുമായി ബന്ധപ്പെടുത്തി കാണണം. ദരിദ്രജനതയുടെ ജീവിതമാര്‍ഗങ്ങള്‍ പുനസ്ഥാപിക്കപ്പെടുകയും വളര്‍ന്നുവരികയും ചെയ്യണമെങ്കില്‍ ധനികവര്‍ഗത്തിന്റെ പരിസ്ഥിതിയിലേക്കുള്ള കടന്നുകയറ്റങ്ങള്‍ അവസാനിക്കണം. ആദിവാസികള്‍, തീരദേശവാസികള്‍, നഗരങ്ങളിലെയും ഗ്രാമങ്ങളിലേയും ദരിദ്രര്‍ എന്നിവര്‍ ഇന്ന് വിഭവശൂന്യവും മലീമസവുമായ സാഹചര്യങ്ങളില്‍ കഴിയുന്നവരാണ്. പാരിസ്ഥിതിക സന്തുലിതാവസ്ഥയുടെ സ്ഥാപനം അവരുടെ വികസനത്തിന്റെ അടിസ്ഥാനഘടകമാണ്.

കേരളത്തില്‍ ഭൂമിക്കു നേരെയുള്ള കയ്യേറ്റങ്ങള്‍ കൂടിവരികയാണ്. വനനശീകരണം, പാടം നികത്തല്‍, പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണം, അവയുടെ കച്ചവടം എന്നിവയൊക്കെ അനിയന്ത്രിതമാവുകയാണ്. ലാഭക്കൊതിയോടെയുള്ള ഇത്തരം കടന്നാക്രമണങ്ങള്‍ ഭൂമിയുടെ സ്വതസിദ്ധമായ സന്തുലനാവസ്ഥ നശിപ്പിക്കുന്നു. ഇതിന്റെ ഫലമായി നീര്‍ത്തടങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, വയല്‍, പറമ്പ്, തീരപ്രദേശങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത ധര്‍മങ്ങള്‍ നിറവേറ്റുന്ന ഇക്കോവ്യൂഹങ്ങള്‍ തകരുകയാണ്. ഇക്കോവ്യൂഹങ്ങളുടെ തകര്‍ച്ച മൂലം എല്ലാ പ്രവചനങ്ങള്‍ക്കുമതീതമായി കാലാവസ്ഥ താളം തെറ്റുകയാണ്. ഇത് ഭക്ഷ്യസുരക്ഷയ്ക്കും തൊഴില്‍സുരക്ഷയ്ക്കും നേരെ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ്.

കമ്പോളാധിഷ്ഠിതമായ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ളതും പഴുതുകളില്ലാത്തതുമായ നിയമനടപടികള്‍ ഉണ്ടാകുന്നില്ല. നിലവിലുള്ള നിയമങ്ങളാകട്ടെ കൃത്യമായി പാലിക്കപ്പെടുന്നുമില്ല. കേരളത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്തുകൊണ്ടുള്ള ഒരു ഭൂനയം അതിന്റെ സമഗ്രതയില്‍ തയ്യാറാക്കാനോ നടപ്പാക്കാനോ കഴിയുന്നില്ല. 1990കളില്‍ രാജ്യത്താകെ നവലിബറല്‍ നയങ്ങള്‍ ശക്തിപ്പെട്ടതോടെ സ്വതന്ത്രകമ്പോളത്തിന്റെ സ്വാധീനം കൂടിവന്നു.

ഇതിന്റെ ഫലമായി ജീവിതസൗകര്യങ്ങള്‍ മിക്കതും പണക്കാര്‍ക്കായി പരിമിതപ്പെട്ടു. പണം ഉണ്ടാക്കുക എന്നത് പ്രധാന ലക്ഷ്യമായി. ഇത് ആവാസവ്യവസ്ഥയിലും ജീവിതശൈലിയിലും പലതരം മാറ്റങ്ങള്‍ക്കിടയാക്കി. ഭൂവുടമകള്‍, കരാറുകാര്‍, പുത്തന്‍പണക്കാര്‍ എന്നിവര്‍ ചേര്‍ന്ന അവിശുദ്ധകൂട്ടുകെട്ട് ശക്തിപ്പെട്ടു. ഇവര്‍ക്ക് രാഷ്ട്രീയാധികാരം കയ്യാളുന്നവരിലുള്ള സ്വാധീനം കൂടി. അങ്ങനെ പ്രകൃതിവിഭവങ്ങളെ ചുറ്റി പ്പറ്റിയുള്ള ഭൂമാഫിയ കേരളത്തില്‍ ശക്തിപ്പെട്ടിരിക്കയാണ്. ഇതോടെ ഭൂമിയുടെ അനിയന്ത്രിത ക്രയവിക്രയവും അശാസ്ത്രീയവും അനാസൂത്രീതവുമായ വിനിയോഗരീതിയും വിപുലപ്പെട്ടു. ഭൂമി കേവലം വില്‍പ്പനച്ചരക്ക് മാത്രമായി മാറുന്ന സ്ഥിതിയുണ്ടായി.

കേരളത്തില്‍ വികസനത്തിന്റെ പേരില്‍ നടപ്പാക്കി വരുന്ന ഭൂബന്ധിതനടപടികള്‍ മിക്കതും ജനങ്ങള്‍ക്ക് പൊതുവിലും ദരിദ്രര്‍ക്ക് പ്രത്യേകിച്ചും ഗുണകരമല്ല. ഇക്കാലത്ത് നടപ്പാക്കിയ/നടപ്പാക്കാന്‍ ശ്രമിച്ച പല പ്രവര്‍ത്തനങ്ങള്‍ക്കും മുതലാളിത്ത വികസനത്തിന്റെ പരിമിതികളെ മറികടക്കാന്‍ പോലും കഴിയുന്നില്ല. PPP, എക്സ്പ്രസ്സ് പാത, ബി.ഒ.ടി റോഡ് നിര്‍മാണം, SEZ, EPZ, പാടം നികത്തി റിയല്‍ എസ്റ്റേറ്റ് ഉണ്ടാക്കല്‍, എന്നിവയിലെല്ലാം മൂലധനവ്യവസ്ഥയുടെ താല്‍പ്പര്യങ്ങളാണ് സംരക്ഷിക്കുന്നത്.കേരളത്തിന്റെ ഭൂപ്രകൃതിയെ ഉള്‍ക്കൊള്ളാതെ നിര്‍മിച്ച മണ്ണുത്തി – അങ്കമാലി BOT നാലുവരി പാത മൂലം പ്രദേശവാസികള്‍ക്ക് പ്രളയത്തിന്റെ ദുരിതം പതിന്മടങ്ങു അനുഭവിക്കേണ്ടി വന്നു .

പ്രത്യേക ധര്‍മങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരുന്ന കേരളത്തിലെ സമുദ്രതീരങ്ങള്‍, റോഡുകള്‍, പുഴകള്‍, കായലുകള്‍, വയലുകള്‍, കുന്നിന്‍ ചെരിവുകള്‍, മലകള്‍, തണ്ണീര്‍ത്തടങ്ങള്‍ എന്നിവയെല്ലാം ഇന്ന് കമ്പോളശക്തികളുടെ കടന്നാക്രമണങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കയാണ് എന്നു തുടക്കത്തിലേ ചൂണ്ടിക്കാണിച്ചുവല്ലൊ. ഭൂമി കൃത്യമായൊരു വില്‍പ്പനച്ചരക്കായതോടെയും സാമൂഹിക നിയന്ത്രണ ഉപാധികള്‍ ദുര്‍ബലപ്പെട്ടതോടെയും ഈ കടന്നാക്രമണ രീതി വിപുലപ്പെടുക മാത്രമല്ല വലിയ തോതില്‍ ശക്തി കൈവരിച്ചിക്കുകയുമാണ്.

മണ്ണ്, വെള്ളം, കല്ല്, പാറ, മണല്‍, വനം എന്നീ പ്രകൃതിവിഭവങ്ങളിലെ കൈയേറ്റങ്ങള്‍ വിവിധതരം മാഫിയകള്‍ പങ്കുവച്ചെടുത്തിരിക്കുകയാണ്. ഇവര്‍ക്കാകട്ടെ, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്നത് ജനകീയ പ്രതിരോധങ്ങളെ ദുര്‍ബലപ്പെടുത്തുന്നു. അനിയന്ത്രിതമായ നഗരവല്‍ക്കരണത്തിന്റെയും വാണിജ്യത്തിന്റെ വ്യാപനത്തിന്റെയും പേരില്‍ നമ്മുടെ ജൈവപരിസ്ഥി തിയും ജൈവവൈവിധ്യവും തകരുകയാണ്. വര്‍ധിച്ച ജനസാന്ദ്രത, അണുകുടുംബവ്യാപനം, സവിശേഷമായ ആവാസവ്യവസ്ഥ എന്നിവ ഭൂമിയുടെ തുണ്ടവല്‍ക്കരണത്തിന് ആക്കം കൂട്ടുന്നു. ദാരിദ്ര്യം മൂലമുള്ള കടബാധ്യതകള്‍ ഇത്തരം തുണ്ടുഭൂമികളുടെ വില്‍പ്പന വര്‍ധി പ്പിക്കുന്നു. തുണ്ടുഭൂമി അവസാനം ധനികരിലേക്ക് എത്തിപ്പെടുന്നു. അവര്‍ ലാഭത്തിനു വേണ്ടി മറിച്ചുവില്‍ക്കുന്നു. ഈ പ്രക്രിയ കേരളത്തില്‍ ഒരു ദൂഷിതവലയമായി മാറിയിരിക്കയാണ്.

വയലുകള്‍ നികത്തിയുള്ള ഫ്ളാറ്റുനിര്‍മാണം, മലമുകളിലെയും കടല്‍ത്തീരത്തെയും റിസോര്‍ട്ട് നിര്‍മാണം എന്നിവ എല്ലാ പരിസ്ഥിതി നിയമങ്ങളെയും നിയന്ത്രണങ്ങളെയും അതിലംഘിക്കയാണ്. CRZ നിയമം വന്‍തോതില്‍ ലംഘിക്കപ്പെടുന്നു. ടൂറിസത്തിന്റെ പേരില്‍ നടക്കുന്ന എല്ലാതരം കടന്നാക്രമണങ്ങളും വിദേശപണം ലഭിക്കുന്നതിന്റെ പേരില്‍ ന്യായീകരിക്കപ്പെടുകയാണ്. കേന്ദ്രസര്‍ക്കാറും ആസൂത്രണ കമ്മീഷനും ഈയിടെയായി പശ്ചാത്തലവികസനത്തിന്റെ പേരില്‍ ഭൂമി ഏറ്റെടുത്തുകൊണ്ടിരിക്കുകയോ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ ക്കാറുകളെ പ്രേരിപ്പിക്കുകയോ ആണ്. ദേശീയ പാതകളുടെ ബി.ഒ.ടി വ്യവസ്ഥകളും ഇത്തരത്തിലുള്ളവയാണ്. ഈ പ്രളയക്കെടുതി വിലയിരുത്തിയാല്‍ നമുക്ക് കാണാനാകും ഏതൊക്കെ പ്രദേശത്താണോ വയലുകളും , നീര്‍ച്ചാലുകളും നികത്തപ്പെടാതിരിന്നിട്ടുള്ളത് , കുന്നുകള്‍ നശിപ്പിക്കപ്പെടാതിരിന്നിട്ടുള്ളത് അവിടെയൊക്കെ ദുരന്തത്തിന്റെ കാഠിന്യം കുറവാണ്

കേന്ദ്രത്തിന്റെ എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും നേരത്തെ കേന്ദ്ര പി.ഡബ്ല്യു.ഡി (PWD) മുഖേനയാണ് നടന്നിരുന്നതെങ്കിലും ഇപ്പോള്‍ വന്‍കിടക്കാരായ സ്വകാര്യകമ്പനികള്‍ BOT, PPP എന്നീ സംവിധാനങ്ങള്‍ വഴിയാണ് നടപ്പാക്കുന്നത്. പശ്ചാത്തലസൗകര്യങ്ങളുടെ വികസനത്തിന്റെ മറവില്‍ ആവശ്യത്തിലധികം ഭൂമി കൈവശപ്പെടുത്തി അതിലൂടെ റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്താനുള്ള അവസരം ബോധപൂര്‍വം സൃഷ്ടിക്കപ്പെടുന്നു. ഇതൊക്കെ വളരെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് കേരളത്തില്‍ സൃഷ്ടിക്കുന്നത്. സാധാരണക്കാരായ ജനങ്ങളും ദരിദ്രരും അവരുടെ തുണ്ട് ഭൂമിയില്‍ നിന്ന് പുറംതള്ളപ്പെടുകയാണ്. ഏതാനും പുത്തന്‍പണക്കാരും അവരുടെ സഹചാരികളുമാണ് എല്ലാ ആസ്തികളുടെയും ഉടമസ്ഥരായിത്തീരുന്നത്.

കേരളത്തില്‍ ഭൂപരിഷ്‌കരണത്തിലൂടെ കൂടുതല്‍ കുടുംബങ്ങളിലേക്കു വ്യാപിച്ച ഭൂ ഉടമസ്ഥത വീണ്ടും ചുരുക്കം പേരിലേക്ക് പരിമിതപ്പെടുകയാണെന്നും ഇതിന്റെ ഫലമായി ധനിക-ദരിദ്ര അന്തരം കൂടി ക്കൊണ്ടിരിക്കുകയാണെന്നും `കേരളപഠനം” കാണിക്കുന്നു. ഇതിലെല്ലാം വ്യക്തമാകുന്നത് കമ്പോളത്തിന്റെ ശക്തമായ കടന്നുവരല്‍ തന്ത്രങ്ങളാണ്. നവലിബറല്‍നയങ്ങള്‍ ശക്തിപ്പെട്ടതോടെ എന്തും വിറ്റ് കാശാക്കാനുള്ള ത്വര കൂടി വരികയുമാണ്. ഈയൊരു പശ്ചാത്തലത്തിന്റെ സ്വാധീനത്തിലാണ് വികലമായ ഭൂവിനിയോഗരീതികള്‍ ശക്തിപ്പെടുന്നതെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

കേരളം ഇക്കാലത്ത് നേരിടുന്ന ഭൂരിഭാഗം പ്രശ്നങ്ങളും ഭൂബന്ധിതമാണ്. ഭൂമിയിലും അതിന്റെ വിഭവങ്ങളിലും സാധാരണ ജനങ്ങള്‍ക്ക് നിയന്ത്രണമില്ലാതാകുന്നു എന്നതാണ് പ്രധാന പ്രശ്നം. കമ്പോളം കൈയേറി തുടങ്ങിയതോടെ പരമ്പരാഗത ഭൂവിനിയോഗരീതി തകര്‍ന്നു. ആധുനികവും ശാസ്ത്രീയവുമായ ബദല്‍രീതിയാകട്ടെ, വളര്‍ന്നുവന്നതുമില്ല. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കും മറ്റു ജീവ ജാലങ്ങള്‍ക്കും സ്വതന്ത്രമായി ജീവിക്കാനും ഭക്ഷിക്കാനും പ്രവര്‍ത്തിക്കാനും ഇടപെടാനുമുള്ള അവസരങ്ങള്‍ ഉറപ്പാക്കുന്ന രീതിയില്‍ ശാസ്ത്രീയമായ ഭൂവിനിയോഗ രീതി ഉണ്ടാകേണ്ടിയിരിക്കുന്നു. ഇതിന് സഹായകമാം വിധം പാര്‍പ്പിടം, കൃഷി, വ്യവസായം, ഖനനം, ടൂറിസം, ഗതാഗതം, മറ്റ് പശ്ചാത്തലസൗകര്യങ്ങള്‍ എന്നിവയൊക്കെ വിക സിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും സ്ഥലീയ ആസൂത്രണരീതികളും വളര്‍ന്നുവരണം.

കേരളം പോലെ പാരിസ്ഥിതികപ്രശ്നങ്ങളും കനത്ത ജനസാന്ദ്രതയുള്ള ഒരു പ്രദേശത്ത് സന്തുലിതമായ ഭൂവിനിയോഗം അത്യാവശ്യമാണ്. ഇതിന് ആവാസവ്യവസ്ഥകള്‍, ജൈവമേഖലകള്‍, ഉല്‍പ്പാദന മേഖലകള്‍, സാംസ്‌കാരികമേഖലകള്‍, വിനിമയ-ഗതാഗതമേഖലകള്‍ എന്നിവ കൃത്യമായി നിര്‍ണയിക്കുന്ന സ്ഥലീയ ആസൂത്രണം ആവശ്യമാണ്. കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ സ്ഥലീയ ആസൂത്രണം ജലവിഭവാസൂത്രണവുമായും ബന്ധപ്പെടും. അതു കൊണ്ട് സമഗ്രമായ നീര്‍ത്തടവ്യവസ്ഥകളുടെ ആസൂത്രണത്തിന്റെ ഭാഗമായിവേണം ഭൂവിനിയോഗആസൂത്രണം നടത്തുന്നത്. വ്യവ സായ മേഖലകള്‍ക്കും വിവിധ സ്ഥാപനങ്ങള്‍ക്കുമുള്ള ഭൂമിയും ഇതിന്റെ ഭാഗമാകണം.

ഉല്‍പ്പാദനവ്യവസ്ഥകളും ജൈവപ്രകൃതിയും മനുഷ്യജീവിതവും തമ്മിലുള്ള സന്തുലനം ഏറ്റവും ഫലപ്രദമായി നടക്കുക പ്രാദേശിക തലത്തിലാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ഭൂവിനിയോഗ-നിര്‍വഹണത്തില്‍ പ്രധാന പങ്കു വഹിക്കാനുണ്ട്. അതിന് നിയമപരമായ പ്രാബല്യമുണ്ടാവുകയും ഭൂവിനിയോഗത്തെ കര്‍ശനമായി നിര്‍ണയിക്കുന്നതിനാവശ്യമായ വ്യവസ്ഥകള്‍ തദ്ദേശസ്വയംഭരണസ്ഥാപ നങ്ങളെ സംബന്ധിച്ച നിയമങ്ങളില്‍ ഉള്‍പ്പെടുത്തുകയും വേണം. നീര്‍ത്തടാധിഷ്ഠിതമായ ജനകീയസമിതികളെയും ഇതിനായി പരിഗണിക്കാവുന്നതാണ്.

ഇനി ആസൂത്രണത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും പ്രായോഗിക ബുദ്ധിമുട്ടുകളെ കുറിച്ചു നോക്കാം ..90 കളില്‍ നടന്ന ജനകീയാസൂത്രണ വികസന പ്രവര്‍ത്തനങ്ങളെപോലെ ഇന്ന് നടക്കാന്‍ വളരെ പ്രയാസമാണ് കാരണങ്ങള്‍ ഒരുപാടാണ്

ആഗോളവല്‍ക്കരണകാലത്തു നിസ്വാര്‍ത്ഥ പോതു പ്രവര്‍ത്തനത്തിനു ജനങ്ങള്‍ക്ക് സമയം കണ്ടെത്താന്‍ പ്രയാസമാണ് .കൂടുതലും അസംഘടിത സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന നമ്മള്‍ക്ക് ഇതിനു വേണ്ടി പ്രവര്‍ത്തിക്കാനുള്ള മാനസിക – സാമ്പത്തിക സുസ്ഥിരതയില്ല .

പിന്നെ ആരുണ്ട് ഇത് ഏറ്റെടുക്കാന്‍? പൊതുരംഗം കൂടുതല്‍ കക്ഷിരാഷ്ട്രീയ പ്രേരിതമായിരിക്കുന്നു. കേഡറ്റ് സ്വഭാവമുള്ള രാഷ്ട്രീയ സംഘടനപ്രവര്‍ത്തകര്‍ മാത്രമേ പൊതുവികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭാഗമാകുന്നുള്ളു , ഇവയെല്ലാം കേന്ദ്രീകൃതവും സംഘടനാ-നേതൃത്വ താല്‍പര്യങ്ങള്‍ക്കു അനുസരിച്ചിട്ടുള്ളത് മാത്രമാകുന്നു , അതുകൊണ്ടു തന്നെ മുതലാളിത്ത വ്യവസ്ഥക്ക് ഇങ്ങനെയുള്ള പ്രവര്‍ത്തികള്‍ക്ക് മേല്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കും .

സമരങ്ങള്‍ക്ക് മുതിരാതെ സമരസപെട്ടു ജീവിക്കുന്ന രാഷ്രീയ സ്വഭാവം വളര്‍ത്തിയെടുക്കുന്ന കക്ഷിരാഷ്ട്രീയ സമൂഹത്തില്‍ ജനാധിപത്യവും – ജനോപകാരപ്രദവുമായ അഭിപ്രായമുള്ള സമൂഹിക സ്വഭാവം വലിയ അളവില്‍ നഷ്ടപ്പെട്ടിട്ടുണ്ട് .ഇതെല്ലാം കാലാ കാലങ്ങളിലായി മുതലാളിത്തം സമര്‍ത്ഥമായി കക്ഷി രാഷ്ട്രീയ നേതൃത്വത്തെ തങ്ങളുടെ പണാധിപത്യത്തില്‍ നിയന്ത്രിച്ചതിലൂടെയുണ്ടായ സാമൂഹികമാറ്റമാണ്.

ദൃശ്യ മാധ്യമ -സോഷ്യല്‍ മീഡിയ പ്രതികരണങ്ങളുടെ കാലത്തു ഒരു സംഘം ആരാഷ്ട്രീയ കൂട്ടത്തിനു എളുപ്പം വിവാദങ്ങളോ , നുണ പ്രചാരണങ്ങളോ ഉണ്ടാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ജനകീയ പ്രശ്ങ്ങളില്‍ നിന്ന് സമൂഹത്തിന്റെ ശ്രദ്ധ തിരിച്ചു വിടാനാകും. വെറുപ്പിന്റെ രഷ്ട്രീയം ജനപക്ഷ പ്രശ്‌നങ്ങളെ എളുപ്പത്തില്‍ ഒളിപ്പിക്കും .

മറ്റൊരുകാര്യം പലയിടങ്ങളിലും ജനകീയ- പരിസ്ഥിതി പ്രശ്‌നങ്ങളില്‍ അവ തങ്ങളുടെ കുടിവെള്ളവും, ചുറ്റുപാടും മലിനപ്പെടുത്തുന്നതാണെങ്കില്‍ പോലും സാധാരണ ജനവിഭാഗം ഇടപെടാനും , പ്രതികരിക്കാനും , സംഘടിക്കാനും ഭയപ്പെടുന്നു. പാര്‍ലമെന്ററി രാഷ്ട്രീയ സ്വാധീനമുള്ള കക്ഷികള്‍ നേതൃത്വം നല്‍കിയാല്‍ മാത്രമേ അവര്‍ ഇതിനെതിരെയെല്ലാം സംഘം ചേര്‍ന്ന് പ്രതികരിക്കൂ , ഇല്ലെങ്കില്‍ ഈ ഭരണ വര്‍ഗം തങ്ങള്‍ക്കു കിട്ടേണ്ട അടിസ്ഥാന അനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തും എന്നവര്‍ ഭയപ്പെടുന്നു. അതുമാത്രമല്ല വികസനത്തിന്റെ പേരില്‍ ദുരിദം അനുഭവിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണ് എന്ന ചിന്ത മേലെ പറഞ്ഞ കേഡറ്റ് രാഷ്ട്രീയകക്ഷികള്‍ ഇവരുടെ മനസ്സില്‍ കുത്തിവെക്കുന്നു. തങ്ങളുടെ കിണറുകള്‍ മലിനപെട്ടാലും പൈപ്പുകളില്‍ കുടിവെള്ളം എത്തിക്കാം എന്ന് ഭരണകൂടം അവര്‍ക്കു വാക്ക് നല്‍കുന്നു .

വളരെ പേടിപ്പിക്കുന്ന മറ്റൊരുകാര്യം അടിസ്ഥാന വര്‍ഗ്ഗത്തിന്റെ വികാരത്തെ ആളി കത്തിച്ചു, നുണ പ്രചരണങ്ങള്‍ നടത്തി നമ്മുടെ നാട് ദുരന്തങ്ങളെ അതി ജീവിച്ചു നിലനില്‍ക്കാനുള്ള പല നിയമങ്ങളെയും നടപ്പാകാതിരിക്കാന്‍ സമരങ്ങളും , കലാപങ്ങളും വരെ കക്ഷി രാഷ്രീയ – മത-ജാതി സംഘടനകള്‍ നടത്തുന്നു . ഈ സംഘടനകളെ എല്ലാം നിയന്ത്രിക്കുന്നത് വിരലിലെണ്ണാവുന്ന ഭൂമി കച്ചവടക്കാരും, വന്‍കിട കയ്യേറ്റക്കാരും, ക്വറി മുതലാളിമാരുമാണ്. ഇവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ജനങ്ങള്‍ക്ക് ഭാവിയിലേക്ക് ഗുണകരമായ നിയമങ്ങളെ ഈ സംഘടനകളിലൂടെ കലാപങ്ങള്‍ വരെ ഉണ്ടാക്കുന്നു. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ വയനാട്ടില്‍ കാട് കത്തിച്ചതും, മത സംഘടനകള്‍ പ്രക്ഷോഭം നടത്തിയതും നമ്മള്‍ ഓര്‍ക്കേണ്ടതാണ്. വയനാട്ടിലും, ഇടുക്കിയിലും ഭീകരമായ ദുരിതങ്ങളാണ് ഉണ്ടായിരിക്കുന്നത് .

എല്ലാവര്‍ക്കും വിമര്‍ശിക്കാം, പ്രതികരിക്കാം എന്ന ജനാധിപത്യ വ്യവസ്ഥയില്‍, തങ്ങള്‍ മുതലാളിത്ത വ്യവസ്ഥക്ക് കീഴ്‌പെട്ടു സമരസപ്പെടുമ്പോള്‍ പ്രതികരിക്കുന്ന പാര്‍ലിമെന്ററി സംവിധാനത്തിന് പുറത്തു നില്‍ക്കുന്ന സംഘടനകളോട് “നിങ്ങള്‍ ആരാ ഇത് ചോദിയ്ക്കാന്‍ ? നിങ്ങള്‍ ഇവിടെ എന്ത് ചെയ്യുന്നു ? നിങ്ങള്‍ക്ക് എന്ത് ശക്തി ഉണ്ടായിട്ടാണ് ? ” തുടങ്ങിയ അണ്‍ പാര്‍ലിമെന്ററി ചോദ്യങ്ങള്‍ കേഡറ്റ് സംഘടനകള്‍ മുന്നോട്ടുവെക്കുന്നു. ഭയവും, അധികാരവും കാണിച്ചു മുതലാളിത്ത-അധികാര വ്യവസ്ഥയില്‍ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തപ്പെടുന്നു .

ഭൂമി പൊതുസ്വത്താണ്” എന്ന മുദ്രാവാക്യം കേവലമായ റൊമാന്റിക് സ്വപ്നമല്ല. ഭൂമി ആര്‍ക്കും തന്നിഷ്ടം പോലെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നല്ലെന്നും ചരിത്രത്തിന്റെ എല്ലാ ദശകളിലും മനുഷ്യര്‍ക്ക് ഭൂമിയുടെ മേല്‍ ഉപയോഗാവകാശം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നുമുള്ള ഓര്‍മപ്പെടുത്തലാണത്. ഭൂമിയുടെയും പ്രകൃതിദത്തമായ വിഭവങ്ങളുടെയും മേലുള്ള മനുഷ്യരുടെ അവകാശം സ്വത:സിദ്ധമല്ല. ഓരോ ഘട്ടത്തിലും സമൂഹവും ഭരണകൂടങ്ങളും വ്യക്തിക്കു നല്‍കുന്ന നിയമാവകാശം മാത്രമാണത്.

ഭൂവിനിയോഗത്തിന് മേലുള്ള സാമൂഹികനിയന്ത്രണവും സ്ഥലജലാസൂത്രണവും നടപ്പാകണം. ഇന്നത്തെ സാഹചര്യത്തില്‍ ഒരു ജനാധിപത്യവ്യവസ്ഥയില്‍ ഇത്തരം ആസൂത്രണത്തിന് നേതൃത്വം കൊടുക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യഗവണ്മെന്റുകളാണ്. പ്രാദേശികതലത്തില്‍ അതിന് നേതൃത്വം നല്‍കേണ്ടത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളാണ്.

അവയുടെ നേതൃത്വത്തില്‍ കേരളത്തിലെ ഭൂവിനിയോഗം ശാസ്ത്രീയമായും സന്തുലിതമായും പുനഃസംവിധാനം ചെയ്യുന്നതിനുള്ള ധീരമായ നടപടികള്‍ ഇന്നത്തെ ആവശ്യമാണ്. വികേന്ദീകൃത മാതൃകകളാണ് നമ്മുടെ വികസനത്തിന്റെ ആണിക്കല്ല് , പക്ഷെ ഇന്ന് മുതലാളിത്ത വ്യവസ്ഥ ജനകീയ വികസനപ്രവര്‍ത്തനങ്ങളെ കേന്ദ്രീകൃതമാക്കികൊണ്ടിരിക്കുന്നു. ഇടപെടലുകള്‍ മാത്രമേ ബദലായുള്ളു. വലിയ ദുരന്തത്തില്‍ നിന്ന് കരകയറി പുതിയ കേരള സൃഷ്ടിയില്‍ ജനകീയവും , പ്രകൃതി സൗഹൃദവുമായ കേരളം നമുക്ക് പുനര്‍നിര്‍മിക്കാം

ശ്രീനാഥ് നെന്മണിക്കര

Latest Stories

We use cookies to give you the best possible experience. Learn more