പ്രളയത്തില്‍ തകര്‍ന്ന വീടുകളും പാലങ്ങളും റോഡുകളും ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പുനര്‍ നിര്‍മ്മിക്കും: മുഖ്യമന്ത്രി
Kerala Flood
പ്രളയത്തില്‍ തകര്‍ന്ന വീടുകളും പാലങ്ങളും റോഡുകളും ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പുനര്‍ നിര്‍മ്മിക്കും: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th December 2018, 6:21 pm

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന വീടുകളും പാലങ്ങളും റോഡുകളും ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പുനര്‍നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പുനര്‍നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും കൂട്ടായി പ്രവര്‍ത്തിക്കണം. പ്രതിസന്ധികള്‍ക്ക് തകര്‍ക്കാനാവാത്ത സുസ്ഥിരതയായിരിക്കും കേരള പുനര്‍ നിര്‍മാണത്തിന്റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.

പുനര്‍നിര്‍മാണത്തില്‍ നൂതന ആശയങ്ങള്‍ ഉള്‍പ്പെടുത്തും. ഇത്തരം ആശയങ്ങള്‍ സര്‍ക്കാര്‍ സമാഹരിക്കും. ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ള വിദഗ്ധാഭിപ്രായം സ്വീകരിക്കും. ജലമേഖലയില്‍ അന്താരാഷ്ട്ര തലത്തിലുള്ള വൈദഗ്ധ്യം സ്വീകരിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ നെതര്‍ലാന്‍ഡിന്റെ സഹായം സ്വീകരിക്കാന്‍ ശ്രമം നടക്കുന്നു. വീടുകളുടെ പുനര്‍നിര്‍മാണത്തില്‍ പരമ്പരാഗത രീതി മാറ്റി പുതിയ സാധ്യതകള്‍ വിനിയോഗിക്കാനാണ് ശ്രമം. പുതിയ ഭവന സംസ്‌കാരത്തെക്കുറിച്ച് നാം ആലോചിക്കണം. സുസ്ഥിര ജീവനോപാധി സൃഷ്ടിക്കുന്നതിന് തനത് സാധ്യതകളും അന്താരാഷ്ട്ര സഹായങ്ങളും ലഭ്യമാക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ പുരോഗമന സ്വഭാവമാണ് കാലവര്‍ഷക്കെടുതിയെ ഒറ്റക്കെട്ടായി നേരിടാന്‍ സഹായിച്ചത്. ഈ ഒരുമ ചില നിക്ഷിപ്ത താത്പര്യക്കാരെ അസ്വസ്ഥമാക്കുന്നുണ്ട്. ഈ ഒരുമയെ ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. ഇത്തരം ഛിദ്രശക്തികളുടെ അജണ്ടയെ അതിജീവിക്കല്‍ കൂടിയാണ് കേരള പുനര്‍നിര്‍മാണമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റേയും ജനാവിഷ്‌കാര പീപ്പിള്‍സ് വെബ് പോര്‍ട്ടലിന്റേയും ആഭിമുഖ്യത്തില്‍ നിയമസഭയിലെ മെമ്പേഴ്സ് ലോഞ്ചില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്.