| Tuesday, 13th August 2019, 11:19 am

ദുരിതാശ്വാസ ഫണ്ട് വകമാറ്റുന്നെന്ന പ്രചരണം; ആരോപണങ്ങള്‍ ഒന്നൊന്നായി നിരത്തി മറുപടിയുമായി ധനമന്ത്രിയും റീബില്‍ഡ് കേരളയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളം മറ്റൊരു പ്രളയത്തിലൂടെ കടന്ന് പോകുമ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുത്, മുന്‍വര്‍ഷത്തെ സംഭാവനകള്‍ വകമാറ്റി ചിലവഴിച്ചു തുടങ്ങിയ പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയകളിലടക്കം വ്യാപകമായിരുന്നു. ദുരിതാശ്വാസ നിധിയ്‌ക്കെതിരെ ചില കോണുകളില്‍ നിന്നുയരുന്ന ഇത്തരം ആരോപണങ്ങള്‍ ഒന്നൊന്നായി നിരത്തി മറുപടി നല്‍കുകയാണ് റീബില്‍ഡ് കേരളയും ധനമന്ത്രിയും.

ദുരിതത്തേക്കാള്‍ വലിയ ദുരന്തമായി നുണപ്രളയം വ്യാപിച്ചിരിക്കുന്നുവെന്നു പറഞ്ഞാണ് റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് സി.ഇ.ഒ ഡോ. വി. വേണു ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.

വേണുവിന്റെ വിശദീകരണം:

ആരോപണം: ഫണ്ട് വകമാറ്റി ചിലവഴിച്ചു

യഥാര്‍ത്ഥ്യം: ആരോപണം തെറ്റാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഏതു ദുരിതത്തിനും സഹായം നല്‍കാനുള്ളതാണ്. അപേക്ഷയുടെ യോഗ്യതയനുസരിച്ച് സഹായം നല്‍കും. ഏതു കേരളീയനും അതിനായി അപേക്ഷിക്കാം. കഴിഞ്ഞവര്‍ഷത്തെ പ്രളയത്തിനുശേഷം ആരംഭിച്ച ഒന്നല്ല ഇത്.

പ്രളയദുരിതങ്ങള്‍ക്കായി സമാഹരിച്ച ഫണ്ട് പ്രത്യേകമായി കണക്കാക്കിവെക്കുന്നു. അതിനര്‍ത്ഥം മറ്റു ദുരിതങ്ങള്‍ക്കുള്ള ഫണ്ട് ഇല്ലാതായി എന്നല്ല. പ്രളയത്തിനു പിന്നാലെ സ്വരൂപിച്ച തുക മറ്റൊന്നിനും വകമാറ്റിയിട്ടില്ല.

ആരോപണം: ദുരിതാശ്വാസ ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി വെക്കുന്നു

യാഥാര്‍ത്ഥ്യം: വിവരങ്ങള്‍ രഹസ്യമല്ല. https://donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഇതിന്റെ വിശദാംശങ്ങള്‍ ഉണ്ട്. കൂടാതെ വരവ് ചെലവ് രേഖകള്‍ നിയമസഭയില്‍ പലകുറി അവതരിപ്പിച്ചു. അതും പരിശോധിക്കാം. വിവരാവകാശ നിയമവും ഉപയോഗിക്കാം.

ആരോപണം: ദുരിതാശ്വാസ നിധി തോന്നിയപോലെ ഉപയോഗിക്കാം

യഥാര്‍ത്ഥ്യം: മറ്റെല്ലാ സര്‍ക്കാര്‍ ഫണ്ടുംപോലെ ഇതും ഓഡിറ്റിന് വിധേയമാണ്. മുഖ്യമന്ത്രിക്ക് ഒപ്പിട്ട് പ്രളയഫണ്ട് ചിലവഴിക്കാമെന്ന ആരോപണവും ശരിയല്ല. ട്രഷറി മുഖേനയാണ് ഇതിലേക്കുള്ള ഓരോ രൂപയും വന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ അക്കൗണ്ടിലല്ല. ഫിനാന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അക്കൗണ്ടിലാണ് പണം വരുന്നത്. റവന്യൂ വകുപ്പാണ് ഇത് ചെലവഴിക്കുന്നത്.

ആരോപണം: റീബില്‍ഡ് കേരള ഓഫീസിനായി ആഢംബര കെട്ടിടം ദുരിതാശ്വാസ നിധി ഉപയോഗിച്ച് വാടകയ്‌ക്കെടുത്തു

യാഥാര്‍ത്ഥ്യം: ദുരിതാശ്വാസ നിധിയില്‍ നിന്നും ഒരു രൂപപോലും ഓഫീസ് സജീകരിക്കാന്‍ ചിലവഴിക്കുന്നില്ല. ഇതിനുള്ള തുക പ്രത്യേക അക്കൗണ്ടില്‍ നിന്നാണ് ചെലവിടുന്നത്. ഇതൊരു ആഢംബര കെട്ടിടമല്ല. അതിന്റെ ഉടമസ്ഥന്‍ ലക്ഷ്മീ നായരല്ല, മുട്ടട സ്വദേശിയായ കെ.വി മാത്യുവാണ്. ഈ സ്ഥലം സ്വകാര്യ ഭൂമിയാണ്. സര്‍ക്കാറിന്റെ പാട്ടഭൂമിയല്ല.

ധനമന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണം:

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നീധിയിലേക്ക് വരുന്ന പണം ദുരിതാശ്വാസത്തിനല്ലാതെ മറ്റ് കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനാവില്ല . ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ഘടകങ്ങള്‍ ഉണ്ട് . ഒന്നു ബജറ്റില്‍ നിന്നു സര്‍ക്കാര്‍ നല്‍കുന്ന തുക , രണ്ടു ജനങ്ങള്‍ നല്‍കുന്ന സംഭാവനകള്‍ . ജനങ്ങള്‍ നല്കിയ അഭൂതപൂര്‍വ്വമായ സംഭാവനയാണ് കഴിഞ്ഞ പ്രളയാനുഭവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതകളില്‍ ഒന്ന് . 4106 കോടി രൂപയാണ് (20/07/2019 വരെ ) പ്രളയ ദുരിതാശ്വാസത്തിലേക്ക് അവര്‍ സംഭാവനയായി നല്കിയത്.

പ്രളയ ദുരിതാശ്വാസത്തിന് വേണ്ടി ലഭിച്ച തുക സാധാരണഗതിയിലുള്ള സര്‍ക്കാരിന്റെ വേയ്സ് ആന്ഡ് മീന്‍സിന്നുപോലും താല്‍ക്കാലികമായി ഉപയോഗപ്പെടുത്തരുത് എന്ന ശാഠ്യം ഉള്ളതുകൊണ്ട് കേരള സര്‍ക്കാര്‍ ഒരു പ്രത്യേക തീരുമാനം എടുക്കുകയുണ്ടായി. ആ തീരുമാനപ്രകാരം ഈ തുക തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കുകയാണ് . ചെക്ക്, ഡ്രാഫ്റ്റ്, ഇലക്ട്രോണിക് പേയ്മെന്റുകള്‍ , UPI /QR / VPA തുടങ്ങിയവ വഴി ട്രാന്‍ഫര്‍ ചെയ്യുന്ന തുക നേരെ ഈ അക്കൗണ്ടുകളിലേക്ക് ആണ് പോകുന്നത്. ഇതിന് ഏക അപവാദം ജീവനക്കാരില്‍ നിന്നു സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുകയാണ്. അതുമാത്രം ട്രെഷറിയില്‍ പ്രത്യക അക്കൗണ്ട് ആയി സൂക്ഷിച്ചിരിക്കുകയാണ്.

ഫിനാന്‍സ് സെക്രട്ടറിയുടെ പേരില്‍ ആണ് ബാങ്കുകളില്‍ ഉള്ള ദുരിതാശ്വാസ നിധി അക്കൗണ്ടുകള്‍ . സാധാരണ ദുരിതാശ്വാസ നിധിയില്‍ എന്നപോലെ മുഖ്യമന്ത്രി അനുവദിക്കുന്ന അടിയന്തിര ദുരിതാശ്വാസത്തിന് പോലും പരിധിയുണ്ട് . 3 ലക്ഷം രൂപ , ഇതില്‍ കൂടുതല്‍ തുക ഏതെങ്കിലും ആവശ്യത്തിനോ പ്രദേശത്തിനോ വേണ്ടി ചെലവഴിക്കണമെങ്കില്‍ കാബിനറ്റ് തീരുമാനം വേണം. ഇത് റെവന്യൂ വകുപ്പ് ഒരു ഉത്തരവായി ഇറക്കണം. ഇതിന്റെയടിസ്ഥാനത്തില്‍ ഫിനാന്‍സ് സെക്രട്ടറി കളക്ടര്‍മാര്‍ക്കോ ബന്ധപ്പെട്ട വ്യക്തികള്‍ക്കോ ബാങ്ക് വഴി പണം കൈമാറണം. ദുരിതാശ്വാസ നിധി യില്‍ നിന്നു ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും കൃത്യമായ രേഖകള്‍ ഉണ്ട് . ഇത് സി.എ.ജി ഓഡിറ്റിന് വിധേയമാണ്.

മരിച്ചു പോയ എം എല്‍ എ യുടെ കടം വീട്ടുന്നതിന് വേണ്ടി ഈ പണം ഉപയോഗിച്ചില്ലെ ?യെന്ന് ചിലര്‍ ചോദ്യമുയര്‍ത്തുന്നുണ്ട്. പ്രളയ ദുരിതാശ്വാസത്തിന് വേണ്ടി ലഭിച്ച സംഭാവനകളില്‍ നിന്നു ഒരു പൈസ പോലും മറ്റൊരു കാര്യത്തിനും വിനിയോഗിച്ചിട്ടില്ല എന്നു ധനമന്ത്രി എന്ന നിലയില്‍ ഖണ്ഡിതമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.

എല്ലാവര്‍ഷവും ദുരിതാശ്വാസ നിധിയിലേക്ക് ബജറ്റില്‍ നിന്നു പണം നീക്കി വയ്ക്കാറുണ്ട്. ഇതില്‍ നിന്നാണ് മാറ്റാവശ്യങ്ങള്‍ക്കായി പണം നല്‍കുന്നത്. പ്രളയ ദുരിതാശ്വാസ നിധി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ല എന്നുറപ്പു വരുത്താന്‍ വേണ്ടിയാണ് ഇത് പ്രത്യക അക്കൗണ്ടുകളില്‍ സൂക്ഷിച്ചിട്ടുള്ളത് .

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കിട്ടിയ പണം ബാങ്കുകളില്‍ ഫിക്സ്ഡ് ഡെപോസിറ്റ് ഇട്ടിരിക്കുന്നു എന്നും പ്രചരണമുണ്ട്. പിന്നെ എന്തായിട്ടു ഇടണം? സേവിങ്സ് അക്കൗണ്ടിലോ ? ദുരിതാശ്വാസ നിധിയില്‍ നിന്നു പണം ചെലാവാകുന്നതിനെ കുറിച്ച് ചില സമയബന്ധിത കാഴ്ചപ്പാട് ഉണ്ട്.

പ്രളയവുമായി ബന്ധപ്പെട്ട് 20.07.2019 വരെ 2041 കോടി രൂപ വിവിധ ചെലവുകള്‍ക്കയി അനുവദിച്ചിട്ടുണ്ട്. ബാക്കിത്തുകയെല്ലാം മിച്ചമാണെന്നല്ല അര്‍ത്ഥം, വീട് നിര്‍മ്മാണത്തിനുള്ള തുകയില്‍ ഗണ്യമായ ഒരു ഭാഗം പണി പൂര്‍ത്തിയാക്കുന്നത് അനുസരിച്ചു ഇനിയും നല്‍കേണ്ടതാണ്. കുടുംബശ്രീ വഴിയുള്ള പലിശരഹിത വായ്പ്പ, കൃഷിക്കാരുടെയും സംരംഭകരുടെയും പലിശ സബ്‌സിഡി , റോഡുകളുടെയും മറ്റും അറ്റകുറ്റപ്പണി ഇവയുടെ എല്ലാം പണം ഇനിയും മാസങ്ങള്‍ കഴിഞ്ഞേ നല്‍കേണ്ടി വരൂ. അത് കണക്കിലാക്കി അവയെ 3 മാസം, 6 മാസം , 1 വര്‍ഷം തുടങ്ങിയ കാലയളവുകളില്‍ ഫിക്സ്ഡ് ഡെപോസിറ്റ് ആയിടും. സേവിങ്സ് അക്കൗണ്ടില്‍ 33.5 ശതമാനം പലിശയേ കിട്ടൂ. ഫിക്സ്ഡ് ഡെപ്പോസിറ്റില്‍ 78 ശതമാനം പലിശ കിട്ടും. ഇതെടുത്ത്. പൊക്കിപിടിച്ചിട്ടാണ് സര്‍ക്കാരിലേക്ക് പലിശ മേടിക്കാന്‍ ഫിക്സ്ഡ് ഡെപോസിറ്റ് ഇട്ടിരിക്കുന്നു എന്നു പ്രചാരണം. ദുരിതാശ്വാനിധിയുടെ പലിശ പോലും സര്‍ക്കാരിലേക്കല്ല, ദുരിതാശ്വാസനിധിയിലേക്കാണ്.

We use cookies to give you the best possible experience. Learn more