വിമാന ദുരന്തം: റഷ്യന്‍ സഹായത്തോടെ വിമതര്‍ തെളിവുകള്‍ നശിപ്പിക്കുന്നതായി യുക്രൈന്‍
Daily News
വിമാന ദുരന്തം: റഷ്യന്‍ സഹായത്തോടെ വിമതര്‍ തെളിവുകള്‍ നശിപ്പിക്കുന്നതായി യുക്രൈന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th July 2014, 1:44 pm

[] കീവ്: മലേഷ്യന്‍ വിമാന ദുരന്തത്തില്‍ വിമതര്‍ തെളിവുകള്‍ നശിപ്പിക്കുന്നതായി യുക്രൈന്‍. വിമതരുടെ മിസൈലേറ്റ് തകര്‍ന്നുവീണ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് തെളിവുകള്‍ നശിപ്പിക്കാന്‍ റഷ്യന്‍ സഹായത്തോടെ വിമതര്‍ ശ്രമിക്കുന്നതായി യുക്രൈന്‍ ആരോപിച്ചു.

വിമതരുടെ നിയന്ത്രണത്തിലുള്ള സംഭവ സ്ഥലത്തേക്ക് അന്വേഷണ സംഘത്തെയും നിരീക്ഷകരേയും പ്രവേശിക്കാന്‍ അനുവദിക്കാതെ വിതമര്‍ അന്വേഷണം തടസ്സപ്പെടുത്തുകയാണെന്നും യുക്രൈന്‍ വ്യക്തമാക്കി. സുരക്ഷാ പ്രവര്‍ത്തകര്‍ 186 കത്തിക്കരിഞ്ഞ ശവശരീരങ്ങള്‍ കണ്ടെടുത്തെങ്കിലും സംഭവസ്ഥലത്ത്  നേരിട്ട്  അന്വേഷണം നടത്താനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്.

മേഖലയില്‍ നിന്നും 38 മൃതദേഹങ്ങള്‍ വിമതര്‍ കടത്തിക്കൊണ്ടുപോയതായും വിമതര്‍ക്ക്  ലഭിച്ചുവെന്ന് അവകാശപ്പെടുന്ന വിമാനത്തിന്റെ ബ്‌ളാക്ക് ബോക്‌സുകളെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നും യുര്രൈന്‍ സര്‍ക്കാര്‍ അറിയിച്ചു.

വിമാന ദുരന്തത്തില്‍ റഷ്യയ്ക്കു മേല്‍ അന്താരാഷ്ട്ര അന്വേഷണത്തിന് സമര്‍ദമേറിയ സാഹചര്യത്തിലാണ് റഷ്യക്കെതിരെ യുക്രൈന്‍ രംഗത്തെത്തിയിരിക്കുന്നത്.  മലേഷ്യന്‍ വിമാനം റഷ്യന്‍ അനൂകൂല വിമതര്‍ വെടിവച്ചു വീഴ്ത്തിയതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.