| Saturday, 27th February 2021, 9:27 am

ഇബ്രാഹിംകുഞ്ഞ് സ്ഥാനാര്‍ത്ഥിയായാല്‍ എതിരെ മത്സരിക്കുമെന്ന് വിമതപക്ഷം; ലീഗ് നേതൃത്വത്തിന് പരാതി നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിലെ അഞ്ചാംപ്രതി വി.കെ ഇബ്രാഹിംകുഞ്ഞിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റിയിലെ അഹമ്മദ് കബീര്‍ ഗ്രൂപ്പില്‍പ്പെട്ട പത്ത് നേതാക്കള്‍ ലീഗ് നേതൃത്വത്തിന് നിവേദനം നല്‍കി.

ഇബ്രാഹിംകുഞ്ഞോ ലീഗ് ജില്ലാ സെക്രട്ടറിയായ അദ്ദേഹത്തിന്റെ മകനോ സ്ഥാനാര്‍ത്ഥിയായാല്‍ എതിരെ മത്സരിക്കുമെന്നും ജില്ലാ കമ്മിറ്റിയിലെ ഇബ്രാഹിംകുഞ്ഞ് വിരുദ്ധ വിഭാഗം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇബ്രാഹിംകുഞ്ഞ് കളമശേരിയില്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറെടുക്കവേയാണ് വിരുദ്ധ വിഭാഗത്തിന്റെ ഇടപെടല്‍.

നേതൃത്വം അനുമതി നല്‍കിയില്ലെങ്കില്‍ മകനായ വി.ഐ അബ്ദുള്‍ഗഫൂറിനെ മത്സരിപ്പിക്കാനാണ് ഇബ്രാഹിംകുഞ്ഞിന്റെ നീക്കം. ജാമ്യത്തിലിറങ്ങിയ ഇബ്രാഹിംകുഞ്ഞ് നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല.

കര്‍ശന ഉപാധികളോടെയാണ് വി.കെ ഇബ്രാഹിംകുഞ്ഞിന് കോടതി ജാമ്യം അനുവദിച്ചത്. വി. കെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി പരിഗണിച്ചാണ് ജാമ്യം നല്‍കുന്നതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. രണ്ട് ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

നവംബര്‍ 26നാണ് പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

ഇബ്രാഹിംകുഞ്ഞ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഇബ്രാഹിംകുഞ്ഞ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയായിരുന്നു വിജിലന്‍സ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rebels against V K Ibrahimkunju

We use cookies to give you the best possible experience. Learn more