| Friday, 27th November 2020, 4:32 pm

മമതയ്ക്ക് തിരിച്ചടി; മുതിര്‍ന്ന നേതാവും മന്ത്രിയുമായ സുവേന്ദു അധികാരി രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മമത സര്‍ക്കാരിന് തിരിച്ചടി നല്‍കിക്കൊണ്ട് മുതിര്‍ന്ന നേതാവും മന്ത്രിയുമായ സുവേന്ദു അധികാരി രാജിവെച്ചു. അടുത്ത വര്‍ഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അധികാരിയുടെ രാജി.

ഇന്ന് രാവിലെ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഇദ്ദേഹം രാജിക്കത്ത് നല്‍കി. രാജിക്കത്തിന്റെ പകര്‍പ്പ് ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറിന് അയച്ചിട്ടുണ്ട്.

സര്‍ക്കാരിലെ ഗതാഗത, ജലസേചനവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയായിരുന്നു സുവേന്ദു അധികാരി. നിയമസഭയില്‍ നിന്ന് രാജിവെക്കാത്തതിനാല്‍ അദ്ദേഹം എം.എല്‍.എയായി തുടരും. പാര്‍ട്ടിവിടുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് സൂചന.

കഴിഞ്ഞ രണ്ടുമൂന്ന് മാസമായി തൃണമൂലുമായി അകല്‍ച്ചയിലാണ് നന്ദിഗ്രാമില്‍ നിന്നുള്ള എം.എല്‍.എ കൂടിയായ സുവേന്ദു. കഴിഞ്ഞ ഏതാനും നാളുകളായി പാര്‍ട്ടി യോഗങ്ങളിലും മന്ത്രിസഭാ യോഗങ്ങളിലും സുവേന്ദു പങ്കെടുത്തിരുന്നില്ല. അദ്ദേഹം പങ്കെടുക്കുന്ന പരിപാടിയിലൊന്നും പാര്‍ട്ടി പതാകയോ മമതയുടെ ചിത്രമോ ഉപയോഗിക്കാറുമുണ്ടായിരുന്നില്ല.

പാര്‍ട്ടിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നില്ലെങ്കിലും മമത ബാനര്‍ജിയുടെ അനന്തരവനും ലോക്‌സഭാ എം.പിയുമായ അഭിഷേക് ബാനര്‍ജിക്ക് പാര്‍ട്ടിയില്‍ നല്‍കുന്ന അമിത പ്രാധാന്യത്തില്‍ അധികാരിക്ക് അതൃപ്തിയുള്ളതായി സൂചനകളുണ്ടായിരുന്നു.

”ഞാന്‍ പാരച്യൂട്ടിലോ ലിഫ്റ്റിലോ വന്നിട്ടില്ല, പടികള്‍ കയറി ഒരു സ്ഥലത്ത് എത്തിയ ആളാണ് ഞാന്‍. ഒരു സമയം ഒരു പടി”, എന്നായിരുന്നു അടുത്തിടെ നടന്ന ഒരു പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞത്.

ഇതിനൊപ്പം തന്നെ പാര്‍ട്ടി കാര്യങ്ങളില്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ഇടപെടുന്നതിലും സുവേന്ദു അധികാരിക്ക് അതൃപ്തിയുണ്ടായിരുന്നതായി പറയപ്പെടുന്നു.

കഴിഞ്ഞയാഴ്ച പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എം.പിയുമായ സൗഗത റോയ് സുവേന്ദ അധികാരികുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായിരുന്നില്ല.

അധികാരി രാജിവെക്കില്ലെന്നും അദ്ദേഹവുമായുള്ള ചര്‍ച്ച തുടരുമെന്നുമായിരുന്നു അന്ന് സൗഗത റോയ് പ്രതികരിച്ചത്. അതേസമയം സുവേന്ദു അധികാരിയെ സ്വാഗതം ചെയ്ത് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.

‘ഞാന്‍ അധികാരിയുമായി സംസാരിച്ചിട്ടില്ല. ബി.ജെ.പിയിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുകയാണ്. അദ്ദേഹം ഒരു പോരാളിയാണ്. പാര്‍ട്ടിയില്‍ അദ്ദേഹത്തിന് പൂര്‍ണ്ണമായ ബഹുമാനം ഞങ്ങള്‍ നല്‍കും’, ബി.ജെ.പി സംസ്ഥാന അധിക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.

ആത്മാഭിമാനമുള്ളവര്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസില്‍ തുടരാന്‍ സാധിക്കില്ലെന്നും ബംഗാളിന്റെ പുരോഗതിക്കായി പോരാടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്‍പില്‍ ബി.ജെ.പിയുടെ വാതില്‍ തുറന്നിരിക്കുമെന്നും അദ്ദേഹം പറഞ്ഞു

49 കാരനായ സുവേന്ദു അധികാരി തൃണമൂല്‍ കോണ്‍ഗ്രസിലെ ശക്തനായ നേതാവാണ്. 2007 ല്‍ ഇടതില്‍ നിന്ന് നന്ദിഗ്രാം തൃണമൂല്‍ പിടിക്കുന്നത് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലാണ്. സിംഗൂരിലേയും നന്ദിഗ്രാമിലേയും വിജയം കൂടിയാണ് 2011 ല്‍ തൃണമൂലിനെ സംസ്ഥാനത്ത് അധികാരത്തിലെത്തിക്കുന്നത്.

2009 ലും 2014 ലും എം.പിയായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 2015 ല്‍ വീണ്ടും അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തന്നെ മടങ്ങിയെത്തുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rebel Trinamool Minister Suvendu Adhikari Quits, BJP says “Welcome”

We use cookies to give you the best possible experience. Learn more