Kerala
14 കേസ്സുകളില്‍ പ്രതിയായ ജോര്‍ജ് ആലഞ്ചേരിയെ ഇനി വേണ്ട; വിമത വൈദികര്‍ നിരാഹാരം ആരംഭിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 18, 02:57 pm
Thursday, 18th July 2019, 8:27 pm

കൊച്ചി: 14 കേസ്സുകളില്‍ പ്രതിയായ ജോര്‍ജ് ആലഞ്ചേരിയെ ഭരണ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് ബിഷപ്‌സ് ഹൗസില്‍ ഉപവാസം നടത്തുന്ന വൈദികര്‍. സ്ഥാപനങ്ങളെയും വൈദികരെയും വിശ്വാസികളെയും സംരക്ഷിക്കാന്‍ കഴിയാത്ത കര്‍ദ്ദിനാളെ മാറ്റണമെന്നാണ് വിമത വൈദികരുടെ ആവശ്യം.

എറണാകുളം-അങ്കമാലി അതിരൂപതയുടെ അധ്യക്ഷനായി അടുത്തിടെയാണ് ആലഞ്ചേരി വീണ്ടും ചുമതലയേറ്റെടുത്തത്. ഇതില്‍ ഒരു വിഭാഗം വൈദികര്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു. വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രണ്ട് അന്വേഷണ റിപ്പോര്‍ട്ട് വത്തിക്കാന് സമര്‍പ്പിച്ചിരിക്കുകയാണ്. ഇതില്‍ നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ വീണ്ടും ചുമതല നല്‍കിയതിലാണ് പ്രതിഷേധം.

സഹായമെത്രാന്മാരെയും വൈദികരെയും വിശ്വാസികളെയും കള്ളക്കേസില്‍ ഉള്‍പ്പെടുത്തി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക, സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സഹായമെത്രാന്‍മാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങളും വൈദികര്‍ ഉന്നയിക്കുന്നുണ്ട്. ഫാ. ജോസഫ് പാറേക്കാട്ടില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു.

ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ മാറ്റിനിര്‍ത്തി വത്തിക്കാനില്‍നിന്നുള്ള അപ്പസ്‌തോലിക നിരീക്ഷകന്റെ സാന്നിധ്യത്തിലാണ് സിനഡ് യോഗം ചേരേണ്ടതെന്നും വൈദികര്‍ക്ക് പൊതുസമ്മതനായ ഒരു അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ എറണാകുളം അങ്കമാലി അതിരൂപതയക്ക് വേണ്ടി നിയമിക്കണമെന്നുമാണ് വൈദികരുടെ ആവശ്യം.

വിശാസികളുടെ ആത്മീയ ആവശ്യങ്ങള്‍ക്ക് തടസ്സം വരാതെയാണ് തങ്ങള്‍ പ്രാര്‍ഥന ഉപവാസം നടത്തുന്നതെന്നും മാര്‍പാപ്പയിലും ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനിലും ഞങ്ങള്‍ വിശ്വാസം അര്‍പ്പിക്കുന്നുണ്ടെന്നും വിമത വൈദികര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.