ഞങ്ങള്‍ ആഘോഷിച്ചത് ഉദ്ധവിന്റെ രാജിയല്ല, ഷിന്‍ഡെയുടെ വിജയം; വിവാദങ്ങള്‍ക്ക് പിന്നാലെ മറുപടിയുമായി വിമത എം.എല്‍.എമാര്‍
national news
ഞങ്ങള്‍ ആഘോഷിച്ചത് ഉദ്ധവിന്റെ രാജിയല്ല, ഷിന്‍ഡെയുടെ വിജയം; വിവാദങ്ങള്‍ക്ക് പിന്നാലെ മറുപടിയുമായി വിമത എം.എല്‍.എമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st July 2022, 5:49 pm

പനാജി: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക് നാഥ് ഷിന്‍ഡെയെ തെരഞ്ഞെടുത്തതിന് പിന്നാലെ വൈറലായ ആഹ്ലാദ പ്രകടന വീഡിയോയില്‍ പ്രതികരണവുമായി വിമത എം.എല്‍.എമാര്‍. തങ്ങള്‍ ആഘോഷിച്ചത് ഉദ്ധവിന്റെ തോല്‍വിയല്ല ഷിന്‍ഡെയുടെ വിജയമാണെന്നായിരുന്നു വിമതരുടെ പ്രതികരണം.

‘ മഹാരാഷ്ട്രയിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, 50 എം.എല്‍.എമാര്‍ക്കുമുണ്ടായ ആവശ്യം ബാലാസാഹെബിന്റെ ഹിന്ദുത്വ എന്ന സ്വപ്നം മുന്നോട്ട് കൊണ്ടുപോകണം എന്ന് മാത്രമായിരുന്നു. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുത്തിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു. ഞങ്ങള്‍ ആഘോഷിച്ചത് ഉദ്ധവിന്റെ രാജിയല്ല, ഷിന്‍ഡെയുടെ വിജയം മാത്രമാണ്,’ വിമത നേതാവ് ദീപക് കേസര്‍ക്കാര്‍ പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക് നാഥ് ഷിന്‍ഡെയെ തെരഞ്ഞെടുത്തതിന് പിന്നാലെ ഗുവാഹത്തിയിലെ റിസോര്‍ട്ടില്‍ വിമത എം.എല്‍.എമാരുടെ ആഹ്ലാദപ്രകടനത്തിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. മറാത്തി ഗാനത്തിന് ചുവടുവെക്കുന്ന എം.എല്‍.എമാരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.

ഷിന്‍ഡെ മുംബൈയിലെത്തിയെങ്കിലും വിമതര്‍ റിസോര്‍ട്ടില്‍ തുടരുകയായിരുന്നു. ഇതിനിടെയാണ് ആഹ്ലാദപ്രകടന വീഡിയോ പ്രചരിച്ചത്.

പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെയും ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെയും കാണാന്‍ മുംബൈയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഷിന്‍ഡെ ഗോവയിലെ വിമത എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ഷിന്‍ഡെയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എം.എല്‍.എമാര്‍ ആഹ്ലാദപ്രടനവുമായി എത്തിയത്. വിജയിച്ചതിന് പിന്നാലെ ഷിന്‍ഡെ വിമത എം.എല്‍.എമാരെ വീഡിയോ കോള്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. രണ്ട് മണിക്കൂറിലേറെ നീണ്ട ആഘോഷം റിസോര്‍ട്ടിന്റെ ലോബിയും ഹാളും ഉള്‍പ്പെടെ എല്ലായിടത്തും നിറഞ്ഞിരുന്നു.

ഷിന്‍ഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ശിവസേനയുടെ കല്യാണ്‍ എം.പിയും ഷിന്‍ഡെയുടെ മകനുമായ ശ്രീകാന്ത് ആനന്ദാശ്രുക്കളും വീഡിയോയില്‍ കാണാമായിരുന്നു. താന്‍ വളരെ സന്തോഷവാനാണെന്നായിരുന്നു ശ്രീകാന്തിന്റെ പ്രതികരണം.

Content highlight: rebel mlas said that they didnt celebrate the resignation of uddhav but the win of shinde