| Saturday, 6th July 2019, 10:05 pm

പ്രതിസന്ധിയ്ക്ക് പിന്നില്‍ 'ഓപറേഷന്‍ താമര' തന്നെ; കര്‍ണാടകയില്‍ വിമത എം.എല്‍.എമാരെ രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തില്‍ മുംബൈയിലേക്ക് മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: കര്‍ണാടകയില്‍ രാജിവെച്ച കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരില്‍ പത്തു പേരെ ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തില്‍ മുംബൈയിലെത്തിച്ചു. ഇവര്‍ക്കൊപ്പം ബി.ജെ.പി എം.എല്‍.എമാരായ അശ്വത് നാരായണ്‍, അരവിന്ദ് ലിംബാവലി എന്നിവരുമുണ്ടെന്നാണ് സൂചന.

കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിയ്ക്കുന്നില്ലെന്ന് ബി.ജെ.പി ആവര്‍ത്തിക്കുന്നതിനിടെയാണ് എം.എല്‍.എമാരെ രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തില്‍ മുംബൈയിലെത്തിച്ചിരിക്കുന്നത്.

എം.എല്‍.എമാരെ ഗോവയിലേക്കാണ് കൊണ്ടു പോകുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

രാജിവെച്ച കോണ്‍ഗ്രസ് എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള ഡി.കെ ശിവകുമാറിന്റെ നീക്കങ്ങള്‍ പരാജയപ്പെട്ടിരുന്നു. രാജിസമര്‍പ്പിച്ച രാമലിംഗ റെഡ്ഡി, എസ്.ടി. സോമശേഖര്‍, ഭാരതി ബാസവരാജ് എന്നിവരുമായി ശിവകുമാര്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും എം.എല്‍.എമാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ്. എം.എല്‍.എമാരുമാണ് ശനിയാഴ്ച ഉച്ചയോടെ സ്പീക്കറുടെ ഓഫീസിലെത്തി രാജി സമര്‍പ്പിച്ചത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ രാമലിംഗ റെഡ്ഡി, എച്ച്. വിശ്വനാഥ്, പ്രതാപ് ഗൗഡ പാട്ടീല്‍, ബി.സി. പാട്ടീല്‍, സൗമ്യ റെഡ്ഡി എന്നിവരടങ്ങുന്ന എം.എല്‍.എമാരാണ് സ്പീക്കറുടെ ഓഫീസിലെത്തി രാജി നല്‍കിയത്.

We use cookies to give you the best possible experience. Learn more