ബെംഗളൂരു: വിമത എം.എല്‍.എമാരില്‍ ചിലരോട് രാജിവെക്കാന്‍ താന്‍ ആവശ്യപ്പെട്ടെന്ന ആരോപണം തള്ളി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ.
ഒരു അടിസ്ഥാനവും ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും അങ്ങനെ പറഞ്ഞ വിമതരോട് തന്നോട് നേരിട്ട് സംസാരിക്കാന്‍ വെല്ലുവിളിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
വോട്ടര്‍മാരെയും പാര്‍ട്ടിയെയും ഒറ്റിക്കൊടുത്തതിന് ജനങ്ങളില്‍ നിന്നും തിരിച്ചടി നേരിടുമെന്ന് മനസിലാക്കിയപ്പോള്‍ കുറ്റം എനിക്ക് മേല്‍ ചുമത്താന്‍ ശ്രമിക്കുകയാണ്. ഇത് അനുവദിക്കില്ല. ഈ പൊടിയടങ്ങുമ്പോള്‍ എല്ലാം തെളിയും. അപ്പോള്‍ തീര്‍ച്ചയായും ഇതിന്റെ ഫലം അവര്‍ അനുഭവിച്ചിരിക്കും’- സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.
കര്‍ണാടകയിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ സിദ്ധരാമയ്യ ആണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ വീണതില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന നിലപാടാണ് രാഹുല്‍ ഗാന്ധിയും സ്വീകരിച്ചത്.
വിശ്വാസ വോട്ടെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധി നടത്തിയ പ്രതികരണവും ആ അതൃപ്തി വ്യക്തമാക്കുന്നതാണ്. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയെ ഉദ്ദേശിച്ചാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം എന്ന വിലയിരുത്തലും ഉണ്ടായിരുന്നു.