'രാജീവ് ഗാന്ധിയും സുന്ദരനായിരുന്നു, നന്നായി ഇംഗ്ലീഷും സംസാരിക്കുമായിരുന്നു'; പൈലറ്റിനെ പരിഹസിച്ച ഗെലോട്ടിന് മറുപടിയുമായി വിമത എം.എല്‍.എ
India
'രാജീവ് ഗാന്ധിയും സുന്ദരനായിരുന്നു, നന്നായി ഇംഗ്ലീഷും സംസാരിക്കുമായിരുന്നു'; പൈലറ്റിനെ പരിഹസിച്ച ഗെലോട്ടിന് മറുപടിയുമായി വിമത എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th July 2020, 2:26 pm

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി വിമത എം.എല്‍.എ വിശ്വേന്ദ്ര സിങ്.

കാണാന്‍ സുന്ദരനായതുകൊണ്ടോ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നതുകൊണ്ടോ കാര്യമില്ലെന്നും നന്നായി പ്രവര്‍ത്തിക്കാനും കാര്യങ്ങളെ ഉള്‍ക്കൊള്ളാനുമുള്ള കഴിവാണ് പ്രാധാന്യമെന്നും അത് പൈലറ്റിന് ഇല്ലെന്നുമുള്ള ഗെലോട്ടിന്റെ പ്രസ്താവനക്കെതിരെയായിരുന്നു ഇദ്ദേഹം രംഗത്തെത്തിയത്.

രാജീവ് ഗാന്ധിയും സുന്ദരനായിരുന്നെന്നും നന്നായി ഇംഗ്ലീഷ് സംസാരിക്കുകയും ചെയ്യുന്ന ആളായിരുന്നെന്നുമായിരുന്നു വിശ്വേന്ദ്ര സിങ് ഭരത്പൂര്‍ ട്വിറ്ററില്‍ കുറിച്ചത്.

പാര്‍ട്ടി വിട്ടതിന് പിന്നാലെ കടുത്ത വിമര്‍ശനമായിരുന്നു ഗെലോട്ട് സച്ചിന്‍ പൈലറ്റിനെതിരെ ഉന്നയിച്ചത്. അധികാരം മാത്രമാണ് പൈലറ്റിന് വേണ്ടതെന്നും ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാരിനെ വീഴ്ത്താനാണ് പൈലറ്റിന്റെ ശ്രമമെന്നും ഗെലോട്ട് പ്രതികരിച്ചിരുന്നു. അധികാരത്തിലേറിയ സമയം മുതല്‍ പൈലറ്റ് അട്ടിമറി ശ്രമങ്ങള്‍ ആലോചിച്ചിരുന്നെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

‘പ്രശ്നങ്ങളുണ്ടെങ്കില്‍ അദ്ദേഹമത് പാര്‍ട്ടിക്കുള്ളില്‍ പരിഹരിക്കണമായിരുന്നു. പക്ഷേ, ഇനി ഒന്നും അവശേഷിക്കുന്നില്ല. തനിക്ക് എല്ലാം നല്‍കിയ പാര്‍ട്ടിയെ ഒറ്റുകൊടുക്കാന്‍ പാടില്ല. അടിസ്ഥാന യാഥാര്‍ത്ഥത്തെക്കുറിച്ച് പൈലറ്റിന് ഒന്നുമറിയില്ല. അതുകൊണ്ടാണ് അദ്ദേഹമിപ്പോള്‍ ഇത്തരമൊരു നീക്കം നടത്തിയത്’, എന്നായിരുന്നു ഗെലോട്ട് പറഞ്ഞത്.

എന്നാല്‍ പൈലറ്റിനെ വിമര്‍ശിക്കുന്ന രീതിയിലുള്ള പ്രസ്താവനകളൊന്നും നേതാക്കളില്‍ നിന്നുണ്ടാകരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കിയിരുന്നു.

ഇതിന് പിന്നാലെ സച്ചിന്‍ പൈലറ്റിനോട് തനിക്ക് എതിര്‍പ്പൊന്നുമില്ലെന്നും പൈലറ്റ് തിരിച്ചുവരാന്‍ തീരുമാനിച്ചാല്‍ ഞാന്‍ അദ്ദേഹത്തെ സ്നേഹത്തോടെ ചേര്‍ത്തുനിര്‍ത്തുമെന്നും ഗെലോട്ട് പറഞ്ഞിരുന്നു.

2018ല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയതുമുതലാണ് ഗെലോട്ടും പൈലറ്റും തമ്മിലുള്ള വാക്കേറ്റം രൂക്ഷമായത്. ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതുമുതല്‍ ഇരുവിഭാഗവും തമ്മിലുള്ള ശീതയുദ്ധം ആരംഭിച്ചിരുന്നു.

പാര്‍ട്ടി വിജയിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്കാണെന്നും എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം മാത്രമാണ് താന്‍ മുഖ്യമന്ത്രി സ്ഥാനം ഗെലോട്ടിന് നല്‍കിയതെന്നും എന്നാല്‍ ആ സമയത്ത് രാഹുല്‍ വെച്ച നിര്‍ദേശങ്ങള്‍ ഗെലോട്ട് അംഗീകരിച്ചില്ലെന്നും പൈലറ്റ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ