| Monday, 15th July 2019, 9:17 am

മുംബൈ പൊലീസിനോട് സംരക്ഷണമാവശ്യപ്പെട്ട് വീണ്ടും വിമത എം.എല്‍.എമാര്‍; അനുനയ നീക്കം പാളുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടികാഴ്ച്ച ഒഴിവാക്കുന്നതിനായി വീണ്ടും മുംബൈ പൊലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ട് കര്‍ണ്ണാടകയില്‍ നിന്നും രാജി സമര്‍പ്പിച്ച 14 വിമത എം.എല്‍.എമാര്‍. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മല്ലിഖാര്‍ജ്ജുന ഗാര്‍ഗെയും കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും വിമത എം.എല്‍.എമാരെ കാണുന്നതിനായി ഹോട്ടലില്‍ എത്തിയിരുന്നു. പിന്നാലെയാണ് വിമത എം.എല്‍.എ മാര്‍ മുംബൈ പൊലീസിന് കത്തയച്ചത്.

കത്തില്‍ ഇവരെ കൂടാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഗുലാം നബി ആസാദിന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്.
കൂടികാഴ്ച്ച നടത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമത എം.എല്‍.എ മാര്‍ നേരത്തെ ഹെക്കോടതിയേയും സമീപിച്ചിരുന്നു.

മുംബൈയിലെ ഹോട്ടലില്‍ കഴിയുന്ന രാജിവെച്ച എം.എല്‍.എമാരെ അനുനയിപ്പിക്കാനായി കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജര്‍ എന്നറിയപ്പെടുന്ന ഡി.കെ ശിവകുമാര്‍ മുംബൈയിലെത്തിയപ്പോള്‍ അദ്ദേഹത്തെ ഹോട്ടലിന് ഉള്ളിലേക്ക് കടക്കാന്‍ മുംബൈ പൊലീസ് അനുവദിച്ചില്ല. തങ്ങള്‍ക്ക് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി എം.എല്‍.എമാര്‍ മുംബൈ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ഇത്.

അതേസമയം കോണ്‍ഗ്രസിന്റെ ഇടപെടലിനെ തുടര്‍ന്ന് രാജി പിന്‍വലിച്ച് കോണ്‍ഗ്രസില്‍ തുടരുമെന്ന് വ്യക്തമാക്കിയ എം.ടി.ബി നാഗരാജ് ഉള്‍പ്പെടെയുള്ള മൂന്ന് എം.എല്‍.എമാര്‍ ഇന്നലെ മുംബൈയിലെത്തിയിരുന്നു.

നാഗരാജിനു പുറമേ കെ. സുധാകര്‍, മുനിരത്‌ന നായിഡു എന്നിവരാണ് ബെംഗളൂരു വിട്ട് വീണ്ടും മുംബൈയിലേക്കു പറന്നത്. മുംബൈയിലുള്ള മറ്റു വിമത എം.എല്‍.എമാര്‍ക്കൊപ്പം ഇവരും ചേര്‍ന്നേക്കാനാണു സാധ്യത. ബി.ജെ.പിയാണ് വിമതരുടെ അപ്രതീക്ഷിത നീക്കത്തിനു പിന്നിലെന്ന് ആരോപണമുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more