| Thursday, 12th December 2024, 4:24 pm

സിറിയയിലെ കുപ്രസിദ്ധ ജയിലുകള്‍ അടച്ച് പൂട്ടാനൊരുങ്ങി 'വിമതസംഘം'; സുരക്ഷാ സേനയേയും പിരിച്ചുവിടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡമസ്‌കസ്: സിറിയയില്‍ അസദ് ഭരണത്തിന് തിരശീല വീണതിന് പിന്നാലെ രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് പേരുകേട്ട ജയിലുകള്‍ അടച്ചുപൂട്ടാനൊരുങ്ങി തഹ്‌രീര്‍ അല്‍ ഷാം. കഠിനമായ ശിക്ഷാമുറകളുടേയും പീഡനത്തിന്റേയും പേരില്‍ പ്രസിദ്ധമായ സായ്ദ്‌നായ ജയിലും ഇതില്‍ ഉള്‍പ്പെടുമെന്നാണ് സൂചന.

‘വിമതര്‍’ അധികാരം പിടിച്ചതിന് പിന്നാലെ ആയിരക്കണക്കിന് തടവുകാരെ സായ്ദ്‌നായ ജയിലില്‍ നിന്ന് മോചിപ്പിക്കുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ലോകത്തിലെ വിവിധ അന്താരാഷ്ട്ര മനുഷ്യാവകാശ ഗ്രൂപ്പുകള്‍ ‘മനുഷ്യരുടെ അറവുശാല’ എന്നാണ് സായ്ദ്‌നായ ജയിലിനെ വിശേഷിപ്പിച്ചത്.

ബാഷര്‍ അല്‍ അസദിന്റെ ഭരണം അവസാനിച്ചതോടെ പതിനായിരക്കണക്കിന് തടവുകാരുള്ള വിവിധ ജയിലുകളിലേക്ക് ആയിരക്കണക്കിന് സിറിയക്കാരാണ് ഒഴുകിയെത്തിയത്. ചിലര്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ ജീവനോടെ ലഭിച്ചു, മറ്റുള്ളവരെ കാത്തിരുന്നത് ഉറ്റവരുടെ മൃതദേഹമാണ്. എന്നാല്‍ ആയിരക്കണക്കിന് പേരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

അസദിന്റെ ഭരണത്തിന് കീഴില്‍ ജയിലില്‍വെച്ച് ഏകദേശം 60,000 പേര്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തതായി യു.കെ ആസ്ഥാനമായുള്ള നിരീക്ഷണ ഗ്രൂപ്പായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് വെളിപ്പെടുത്തിയിരുന്നു.

അതേസമയം ജയിലുകള്‍ അടച്ച് പൂട്ടുന്നതിന് പുറമെ അസദ് ഭരണകൂടത്തിന്റെ സുരക്ഷാ സേനയെ പിരിച്ചുവിടുമെന്നും ഹയത്ത് തെഹ്‌രീര്‍ അല്‍ ഷാം മേധാവിയായ അബു ജുലാനി അറിയിച്ചിട്ടുണ്ട്.

തടവുകാരെ പീഡിപ്പിക്കുന്നതിലും കൊല്ലുന്നതിലും പങ്കെടുത്തവര്‍ക്ക് മാപ്പ് നല്‍കില്ലെന്നും ജുലാനി പുറത്തുവിട്ട പ്രത്യേക പ്രസ്താവനയില്‍ പറയുന്നു.

‘ഞങ്ങള്‍ അവരെ പിന്തുടരും, നാടുവിട്ട് പോയവരെ കൈമാറാന്‍ ഞങ്ങള്‍ മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെടുകയാണ്, അങ്ങനെ നീതി ഉറപ്പാക്കാന്‍ സാധിക്കും,’ ജുലാനി പറഞ്ഞു.

അതേസമയം ഭരണത്തിന്റെ അവസാന ആഴ്ചകളിലേക്ക് പ്രവേശിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡനും ആന്റണി ബ്ലിങ്കനും യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും ഗസയില്‍ വെടിനിര്‍ത്തല്‍ പ്രവര്‍ത്തികമാക്കാനും സിറിയയിലെ സ്ഥിതിഗതികള്‍ പരിശോധിക്കാനും ഇന്നലെ മിഡില്‍ ഈസ്റ്റിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ജോര്‍ദാന്‍, തുര്‍ക്കി, ഇസ്രഈല്‍, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളും യു.എസ് സംഘം സന്ദര്‍ശിക്കും.

Content Highlight: ‘Rebel group’ poised to shut down Assad’s notorious prisons in Syria; Security forces will also be disbanded

We use cookies to give you the best possible experience. Learn more