ഡമസ്‌കസ്: മൂന്ന് സുപ്രധാന സിറിയന്‍ നഗരങ്ങള്‍ പിടിച്ചടക്കിയതിന് പിന്നാലെ സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസ് വളഞ്ഞ് സിറിയയിലെ ‘വിമതസംഘം’. വിമതര്‍ ഡമസ്‌കസില്‍ പ്രവേശിച്ചതിന് പിന്നാലെ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദ് രാജ്യം വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ഡമസ്‌കസില്‍ നിന്ന് വെടിയൊച്ചകള്‍ കേട്ടതായും തങ്ങളുടെ സംഘം തലസ്ഥാന നഗരിയില്‍ പ്രവേശിച്ച് നഗരം വളഞ്ഞതായും ‘വിമതസംഘ’ത്തിന്റെ കമാന്‍ഡര്‍ അറിയിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെ ഡമസ്‌കസിന്റെ സമീപ പ്രദേശങ്ങളില്‍ നിന്ന് സൈന്യം പിന്‍വാങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം ആയിരത്തോളം തടവുകാരുള്ള ഡമാസ്‌കസിന്റെ പ്രാന്തപ്രദേശത്തുള്ള വലിയ സൈനിക തടവറയായ സെദ്‌നയ വിമതര്‍ കൈയടക്കിയിരുന്നു. ഇതിന് പിന്നാലെ വിമതര്‍ തടവുകാരെ മോചിപ്പിക്കുകയുമുണ്ടായി.
‘തടവുകാരെ മോചിപ്പിച്ചതിന്റെയും അവരുടെ ചങ്ങലകള്‍ അറുത്ത് മാറ്റി സെദ്നയ ജയിലിലെ അനീതിയുടെ യുഗത്തിന് അന്ത്യം കുറിച്ചതായി ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. ഈ വാര്‍ത്ത ഞങ്ങള്‍ സിറിയന്‍ ജനതയ്ക്കൊപ്പം ആഘോഷിക്കുന്നു,’ ‘വിമത സംഘ’ത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഒരാഴ്ച്ചയുടെ ഇടവേളയില്‍ സിറിയിലെ മൂന്ന് സുപ്രധാന നഗരങ്ങളാണ് ‘വിമതസംഘം’ പിടിച്ചടക്കിയത്. ആദ്യം സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ആലെപ്പോയും പിന്നീട് ഹമ നഗരവും പിന്നീട് ഒരു ദിവസത്തെ പോരാട്ടത്തിന് ശേഷം ഞായറാഴ്ച പുലര്‍ച്ചെ ഹോംസിന്റെ പൂര്‍ണ നിയന്ത്രണവും വിമതര്‍ കൈക്കലാക്കുകയായിരുന്നു.
ഹയാത്ത് തഹ്രീര്‍ അല്‍-ഷാം (എച്ച്.ടി.എസ്) എന്ന ‘വിമതസംഘ’ത്തിന്റെ നേതൃത്വത്തിലാണ് കലാപം നടക്കുന്നത്. ഹമ നഗരം പിടിച്ചതിന് പിന്നാലെ അടുത്തത് രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ഹോംസ് ലക്ഷ്യമിട്ടാണ് ‘വിമതസംഘം’ നീങ്ങുന്നതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹമയില്‍ നിന്ന് 40 കി.മീ അകലെയാണ് ഹോംസ്. സിറിയന്‍ പ്രസിഡന്റ് ബാഷറല്‍ ആസാദിന് ഏറെ അനുയായികള്‍ ഉള്ള നഗരമാണിത്.
‘വിമത സംഘ’വും സൈന്യവും തമ്മില്‍ നടക്കുന്ന പോരാട്ടത്തില്‍ 200ലധികം പേരാണ് ഇതുവരെ സിറിയയില്‍ കൊല്ലപ്പെട്ടത്. 2020ന് ശേഷം വടക്കുപടിഞ്ഞാറന്‍ സിറിയ കണ്ട ഏറ്റവും തീവ്രമായ പോരാട്ടമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടന്നത്.
സിറിയ-തുര്‍ക്കി അതിര്‍ത്തിക്കടുത്തുള്ള ഇദ്ലിബ് പ്രവിശ്യയുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഏറ്റവും ശക്തമായ ‘വിമത ഗ്രൂപ്പാ’ണ് എച്ച്.ടി.എസ് എന്നറിയപ്പെടുന്ന ഹയാത്ത് തഹ്രീല്‍ അല്‍-ഷാം. സിറിയയും അമേരിക്കയും റഷ്യയുമടക്കമുള്ള രാജ്യങ്ങളെല്ലാം എച്ച്.ടി.എസിനെ ഒരു ഭീകര സംഘടനയായാണ് കണക്കാക്കുന്നത്.
Content Highlight: Rebel group near Syrian capital Damascus; The army retreated