| Friday, 29th March 2019, 5:13 pm

ദേവഗൗഡയ്‌ക്കെതിരെ മത്സരിക്കാനില്ല; കോണ്‍ഗ്രസ് വിമത നേതാവ് പത്രിക പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ ജെ.ഡി.എസ് അധ്യക്ഷന്‍ ദേവഗൗഡ മത്സരിക്കുന്ന തുംക്കൂരില്‍ നോമിനേഷന്‍ നല്‍കിയ കോണ്‍ഗ്രസ് വിമത നേതാവ് പത്രിക പിന്‍വലിച്ചു. കോണ്‍ഗ്രസ് എം.പി മുദ്ദഹനുമഗൗഡയാണ് പത്രിക പിന്‍വലിച്ചത്. തുംക്കൂരില്‍ ദേവഗൗഡയ്‌ക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മുദ്ദഹനുമഗൗഡ പത്രിക നല്‍കിയിരുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുംക്കൂരില്‍ നിന്നാണ് മുദ്ദഹനുമഗൗഡ വിജയിച്ചത്. ഈ സീറ്റ് സഖ്യകക്ഷിയായ ജെ.ഡി.എസിന് കോണ്‍ഗ്രസ് വിട്ടുനല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു മുദ്ദഹനുമഗൗഡ മത്സരിക്കാന്‍ തീരുമാനിച്ചത്. ഒടുവില്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വര നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലാണ് മുദ്ദഹനുമഗൗഡയുടെ പിന്‍മാറ്റം.

സീറ്റ് ചര്‍ച്ചകള്‍ പ്രകാരം 28 ലോക്സഭാ മണ്ഡലങ്ങളില്‍ ഇരുപതിടത്ത് കോണ്‍ഗ്രസും 8 സ്ഥലത്ത് ജനതാദളുമാണ് മത്സരിക്കുന്നത്. തുംക്കൂര്‍ സീറ്റ് ദേവഗൗഡയ്ക്ക് മത്സരിക്കാനായി വിട്ടുകൊടുത്തതായിരുന്നു.

മുന്നണി മര്യാദ പാലിച്ച് നോമിനേഷന്‍ നല്‍കിയതില്‍ നിന്നും പിന്മാറണമെന്നും ഹൈക്കമാന്‍ഡ് തീരുമാനപ്രകാരമാണ് സീറ്റ് വിട്ടു നല്‍കിയതെന്നും മുദ്ദഹനുമേഗൗഡയോട് ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി. പരമേശ്വര ആവശ്യപ്പെട്ടിരുന്നു. ഇത് കേള്‍ക്കാതെയാണ് സിറ്റിങ് എം.പിയായിരുന്ന മുദ്ദഹനുമേഗൗഡ പത്രിക സമര്‍പ്പിച്ചത്.

ദേവഗൗഡ തുംക്കൂരിന് പകരം ബംഗളൂരു നോര്‍ത്തില്‍ നിന്ന് മത്സരിക്കണമെന്നാണ് വിമത കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടത്.

ഹാസനില്‍ നിന്നുള്ള സിറ്റിങ് എം.പിയായിരുന്ന ദേവഗൗഡ ചെറുമകന് പ്രജ്വല്‍ ദേവണ്ണയ്ക്ക് വേണ്ടി സീറ്റൊഴിഞ്ഞ് കൊടുക്കുകയായിരുന്നു. ജെ.ഡി.എസിന് സ്വാധീനമുള്ള ബംഗളൂരു റൂറല്‍, മൈസൂര്‍ മണ്ഡലങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് തയ്യാറാകാതെ വന്നതോടെയാണ് തുംക്കൂരില്‍ മത്സരിക്കാന്‍ അദ്ദേഹം തീരുമാനമെടുത്തത്.

We use cookies to give you the best possible experience. Learn more