തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തെന്നുവരെ പാര്‍ട്ടിയില്‍ നിന്ന് ആജീവനാന്തം പുറത്താക്കുമെന്ന് കോണ്‍ഗ്രസ്. സമീപകാല തദ്ദേശ തെരഞ്ഞെടുപ്പുകളിലെ റിബല്‍ സാന്നിദ്ധ്യം വിലയിരുത്തിയാണു കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന്റെ തീരുമാനം.
റിബലുകളായി രംഗത്തെത്തുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാറുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അവരെ പാര്‍ട്ടി നോമിനിയായി തെരഞ്ഞെടുക്കാറാണ് പതിവ്. ഈ പ്രവണത നല്‍കുന്ന ആത്മവിശ്വാസം മൂലമാണ് പലരും റിബല്‍ വേഷം കെട്ടുന്നതെന്നു നേതൃത്വം നിരീക്ഷിച്ചു.
അതിനാല്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നവരുടെ സേവനം ഇനി കോണ്‍ഗ്രസിനു വേണ്ടെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. റിബലുകളെ സഹായിക്കുന്നവര്‍ക്കെതിരെയും നടപടി കര്‍ശനമാക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
തദ്ദേശ സ്ഥാപന അധ്യക്ഷന്മാരെ നേതൃത്വമാകും തീരുമാനിക്കുകയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. അധ്യക്ഷ പദവി ലക്ഷ്യമിട്ടു തെരഞ്ഞെടുപ്പു സമയത്തു പരസ്പരം കാലു വാരുന്നതു നിയന്ത്രിക്കാനാണ് ഈ തീരുമാനം.
നിലവിലെ ഭരണസമിതികളിലെ ഭൂരിപക്ഷം നോക്കി അധ്യക്ഷനാകാനുള്ള ശ്രമങ്ങള്‍ ആരും നടത്തേണ്ടെന്നും പ്രാദേശിക-സാമൂഹിക സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം നേതൃത്വം നിര്‍ദേശിക്കുന്ന ആളായിരിക്കും അധ്യക്ഷനെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാര്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുകയാണെങ്കില്‍ അവര്‍ ആ പദവി താല്‍ക്കാലികമായി ഒഴിഞ്ഞു മറ്റൊരാള്‍ക്കു ചുമതല നല്‍കണം. സഹകരണ ബാങ്ക്, വിവിധ സൊസൈറ്റികള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ രാജിവച്ചു വേണം മത്സരിക്കാനെന്നും നിര്‍ദേശമുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക