| Tuesday, 10th October 2023, 6:24 pm

ടെക്‌നിക്കലി ഗംഭീരമെങ്കിലും ചാവേര്‍ അപൂര്‍ണമാവുന്നത് എങ്ങനെ?

അമൃത ടി. സുരേഷ്

പ്രഖ്യാപനം മുതല്‍ തന്നെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ടിനു പാപ്പച്ചന്റെ ചാവേര്‍. ചിത്രത്തിന്റെ ഹൈപ്പിനുള്ള പ്രധാന കാരണം ടിനു പാപ്പച്ചന്‍ തന്നെയാണ്. കേവലം രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനായി അദ്ദേഹം മാറിയിരുന്നു.

പുതുമയാര്‍ന്ന പ്രമേയവും അതിനൊത്ത മേക്കിങ്ങുമാണ് സ്വാതന്ത്ര്യം അര്‍ധരാത്രിയിലേക്കും അജഗജാന്തരത്തിലേക്കും പ്രേക്ഷകരെ ആകര്‍ഷിച്ചത്. ആ ചിത്രങ്ങളുടെ സംവിധായകന്‍ മൂന്നാമതൊരു ചിത്രവുമായി വരുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകളേറും. കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ് പെപ്പെ എന്നീ നടന്മാരുടെ സാന്നിധ്യവും ചിത്രത്തിന്റെ ഹൈപ്പ് കൂടുതല്‍ ഉയര്‍ത്തി.

എന്നാല്‍ ആദ്യദിനം മുതല്‍ തന്നെ ആ പ്രതീക്ഷ കെടുന്ന കാഴ്ചയാണ് കണ്ടത്. ടെക്‌നിക്കല്‍ സൈഡില്‍ അതിഗംഭീര പ്രകടനമാണ് ചാവേര്‍ കാഴ്ച വെച്ചത്. ടിനുവിന്റെ മേക്കിങ് മികവ് മുന്‍ ചിത്രങ്ങളിലേത് പോലെ തന്നെ ചാവേറില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ കാഴ്ചകളെ ഒപ്പിയെടുത്ത ജിന്റോ ജോര്‍ജിന്റെ ക്യാമറ വലിയ വിഷ്വല്‍ എക്‌സ്പീരിയന്‍സ് തന്നെയാണ് നല്‍കുന്നത്.

ജസ്റ്റിന്‍ വര്‍ഗീസിന്റെ സംഗീതവും ഒന്നിനൊന്ന് മികച്ചതാണ്. പ്രത്യേകിച്ചും തെയ്യക്കോലം വരുന്ന പോര്‍ഷനുകളില്‍ വിഷ്വലിയും മ്യൂസിക്കലിയും ഒരു ട്രീറ്റ് തന്നെയാവുന്നുണ്ട് ചിത്രം. കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, മനോജ് കെ.യു. ഉള്‍പ്പെടെ എല്ലാ താരങ്ങളുടെയും അഭിനയത്തിനും കുറ്റപ്പെടുത്താനൊന്നുമില്ല.

മറ്റെല്ലാ ഘടകങ്ങളും മികച്ച റിസള്‍ട്ട് നല്‍കിയപ്പോള്‍ ചാവേറിനെ പിന്നോട്ട് വലിച്ചത് ജോയ് മാത്യുവിന്റെ തിരക്കഥയാണ്. ഒട്ടും കോണ്‍ഫ്‌ളിക്റ്റുകളില്ലാതെ ഫ്‌ളാറ്റായാണ് തിരക്കഥ മുന്നോട്ട് പോയത്. ഇടക്ക് ചിലതൊക്കെ ഉണ്ടാവുമെന്ന തോന്നല്‍ നല്‍കുമെങ്കിലും ആ പ്രശ്‌നങ്ങള്‍ വളരെ എളുപ്പം അവസാനിച്ചു. പ്രത്യേകിച്ചും കിണറില്‍ ബോംബ് പൊട്ടിയതിന് ശേഷം വന്ന സീക്വന്‍സുകള്‍.

ക്ലൈമാക്‌സില്‍ വലിയ ട്വിസ്റ്റുണ്ടെങ്കിലും ഇത്രയേ ഉള്ളോ എന്നൊരു തോന്നലാണുണ്ടായത്. പറയുന്ന വിഷയം വലുതായി നില്‍ക്കുമ്പോള്‍ തന്നെ ഇംപാക്ട് ഉണ്ടാക്കുന്ന രീതിയില്‍ അത് അവതരിപ്പിനാക്കാവാത്തത് തിരക്കഥയുടെ പോരായ്മയാണ്. ക്ലൈമാക്‌സിലെ പല ഭാഗത്തും സ്പൂണ്‍ ഫീഡിങ്ങും തോന്നിപ്പിച്ചു.

തിരക്കഥയാണ് ഒരു സിനിമയുടെ നട്ടെല്ല്. ബാക്കി എല്ലാ ഘടകങ്ങളും മികച്ച് നില്‍ക്കുമ്പോഴും ചാവേറിന്റെ ആസ്വാദനം പൂര്‍ണതയിലേക്ക് എത്താതതിന് കാരണം തിരക്കഥയുടെ പാളിച്ചയാണ്.

Content Highlight: Reasons why ‘Chaaver’ did not goes up to expectations

അമൃത ടി. സുരേഷ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more