| Thursday, 20th April 2023, 11:42 am

മെസിയെ സ്വന്തമാക്കാന്‍ ബാഴ്‌സ ശ്രമിക്കുന്നതിന് പിന്നില്‍ ലക്ഷ്യങ്ങള്‍ മൂന്ന്; റിപ്പോര്‍ട്ടുകള്‍ പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഈ വര്‍ഷത്തോടെ പി.എസ്.ജിയില്‍ കരാര്‍ അവസാനിക്കുന്ന ലയണല്‍ മെസിയെ വീണ്ടും സ്‌പെയ്‌നിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ബാഴ്‌സലോണ. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരത്തെ ഒരിക്കല്‍ക്കൂടി തങ്ങളുടെ പാളയത്തിലേക്കെത്തിക്കാനാണ് കറ്റാലന്‍മാര്‍ ശ്രമിക്കുന്നത്.

പി.എസ്.ജിയുമായുള്ള കരാര്‍ പുതുക്കുന്നതിനെ കുറിച്ച് മെസി ഇനിയും മനസ് തുറന്നിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് താരത്തിന്റെ ബാഴ്‌സയിലേക്കുള്ള മടങ്ങി വരവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമാകുന്നതും.

പി.എസ്.ജിയിലെ കരാറിന്റെ അവസാന മാസങ്ങളില്‍ കഴിയുന്ന മെസിയെ പ്രധാനമായും മൂന്ന് ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബാഴ്‌സ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌പോര്‍ട്ടിന്റെ റിപ്പോര്‍ട്ടറായ ഡേവിഡ് ബെര്‍ണാബ്യൂ റെവെര്‍ട്ടറാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നത്.

ടീമിന്റെ പ്രകടനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതാണ് ഇതിലെ ആദ്യത്തെ കാരണം. വീണുപോയ ടീമിനെ സാവി ഹെര്‍ണാണ്ടസിന് കീഴില്‍ പടുത്തുയര്‍ത്താനുള്ള ശ്രമമാണ് ബാഴ്‌സ ഇപ്പോള്‍ നടത്തുന്നത്. മെസിയുടെ മടങ്ങി വരവ് ഇത് വേഗത്തിലാക്കുമെന്നും കളിക്കളത്തില്‍ ടീമിന് മുതല്‍ക്കൂട്ടാകുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

ടീമിന് അറ്റാക്കിങ് ക്രിയേറ്റിവിറ്റി നഷ്ടപ്പെട്ടെന്നും മെസിയുടെ മടങ്ങി വരവോടെ അതിന് പരിഹാരമാകുമെന്ന് സാവി കരുതുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ഥാപനപരമായ കാരണമാണ് (ഇന്‍സ്റ്റിറ്റിയൂഷണല്‍ റീസണ്‍) രണ്ടാമത്തേത്. 2021ല്‍ മെസി എങ്ങനെയാണ് ക്ലബ്ബ് വിട്ടതെന്നതിനെ കുറിച്ച് ബാഴ്‌സക്ക് ഇപ്പോഴും വിഷമമുണ്ട്. ജോവാന്‍ ലാപോര്‍ട്ട അദ്ദേഹത്തിന് കരാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ലാ ലീഗയുടെ വേതന പരിധി നിയമങ്ങള്‍ കാരണം ഇത് നടക്കാതെ പോവുകയായിരുന്നു. ഇതിന് പരിഹാരം കാണാന്‍ കൂടിയും ലപോര്‍ട്ടക്ക് താത്പര്യമുണ്ട്.

സാമ്പത്തികമായി ബാഴ്‌സക്കുണ്ടാക്കുന്ന നേട്ടമാണ് മൂന്നാമത്തെ കാരണമായി കണക്കാക്കുന്നത്. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ പോലെ ഒരു സൂപ്പര്‍ താരം ടീമിനൊപ്പമുണ്ടെങ്കിലും മെസി ടീമിലെത്തുന്നത് ടീമിന്റെ ജനപ്രീതി വര്‍ധിപ്പിച്ചേക്കും.

ടീമിന്റെ ഗ്ലോബല്‍ ബ്രാന്‍ഡിനൊപ്പം ക്ലബ്ബിന്റെ വരുമാനം 25 മുതല്‍ 30 ശതമാനം വരെ വര്‍ധിപ്പിക്കാനും ഇത് കാരണമാകുമെന്ന് ബാഴ്‌സ വിശ്വസിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Content Highlight: Reasons why Barcelona want to re-sign Lionel Messi

We use cookies to give you the best possible experience. Learn more