പാട്‌ന: ഇന്ത്യ മുന്നണി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ച സംസ്ഥാനങ്ങളിലൊന്നായിരുന്നു ബിഹാര്‍. കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തിയെങ്കിലും ആകെയുള്ള 40ല്‍ 9 സീറ്റ് മാത്രമാണ് മുന്നണിക്ക് നേടാന്‍ സാധിച്ചത്. ബിഹാറില്‍ ഇന്ത്യ മുന്നണിക്ക് തിരിച്ചടി നേരിടാന്‍ കാരണമായത് സ്ഥാനാർത്ഥി നിര്‍ണയത്തിലടക്കം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളും നിതീഷ് കുമാറിന്റെ അവസാന നിമിഷത്തിലെ കാലുമാറ്റവുമാണെന്ന് വിലയിരുത്തല്‍.
പപ്പു യാദവിന് സീറ്റ് നല്‍കാതിരുന്നതും കനയ്യകുമാറിന് വേണ്ടി ബെഗുസുരായ് സീറ്റിനെ ചൊല്ലി ആര്‍.ജെ.ഡി, സി.പി.ഐ എന്നീ പാര്‍ട്ടികളോട് കോണ്‍ഗ്രസ് തര്‍ക്കമുണ്ടാക്കിയതും പരാജയത്തിന് കാരണമായി വിലയിരുത്തുന്നുണ്ട്. ബി.ജെ.പിയില്‍ നിന്നെത്തിയ തീവ്ര ഹിന്ദുത്വവാദികള്‍ക്ക് സീറ്റ് നല്‍കിയതും തിരിച്ചടിക്ക് കാരണമായിട്ടുണ്ട്.
ഇന്ത്യമുന്നണി രൂപീകരിക്കുന്നതിന് മുന്‍കൈയെടുത്തിരുന്ന നിതീഷ് കുമാര്‍ അവസാന നിമിഷം കാലുമാറിയത് ബിഹാറില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയതായാണ് വിലയിരുത്തല്‍. ഈ അങ്കലാപ്പില്‍ നിന്ന് മുക്തരാകാന്‍ സഖ്യത്തിന് സമയമെടുത്തു. തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ആരംഭിച്ചിട്ടും ആര്‍.ജെ.ഡിക്കും കോണ്‍ഗ്രസിനും സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ ഇക്കാരണത്താല്‍ സാധിച്ചിരുന്നില്ല. ഇത് അണികളിലും വോട്ടര്‍മാരിലും ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചു.
തീവ്ര ഹിന്ദുത്വവാദികള്‍ക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കിയതും വലിയ തിരിച്ചടിയായി. ബി.ജെ.പി സീറ്റ് നല്‍കാത്തനിനാല്‍ കാലുമാറി വന്ന ആര്‍.എസ്.എസ് പശ്ചാത്തലമുള്ള പല തീവ്ര ഹിന്ദുത്വ വാദികള്‍ക്കും കോണ്‍ഗ്രസ് സീറ്റ് നല്‍കുകയായിരുന്നു. കൊവിഡ് കാലത്ത് പോലും കടുത്ത മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തിയ ബി.ജെ.പി മുന്‍ എം.പി ആകാശ് നിഷാദിനെയും പൗരത്വ നിയമത്തെ പരസ്യമായി അനുകൂലിച്ച ആകാശ് സിങ്ങിനെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത് സഖ്യത്തിന്റെ മതേതരത്വമുഖം ബിഹാറില്‍ ചോദ്യം ചെയ്യപ്പെട്ടു.
സി.പി.ഐയിലായിരുന്നപ്പോള്‍ കനയ്യകുമാര്‍ മത്സരിച്ചിരുന്ന ബെഗുസുരായ് സീറ്റിന് വേണ്ടി ആര്‍.ജെ.ഡിയുമായും സി.പി.ഐയുമായും കോണ്‍ഗ്രസ് തര്‍ക്കമുണ്ടാക്കിയതും തിരിച്ചടിക്ക് കാരണമായതായി വിലയിരുത്തപ്പെടുന്നു. ഈ സീറ്റില്‍ സി.പി.ഐയാണ് കാലങ്ങളായി മത്സരിച്ചുവന്നിരുന്നത്.
സീറ്റ് മോഹിച്ച് തന്റെ ജന്‍അധികാര്‍ പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ച പപ്പു യാദവിന് സീറ്റ് നിഷേധിച്ചതും തിരിച്ചടിയാവുകയായിരുന്നു. പൂരുണിയ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പപ്പു യാദവ് ജയിക്കുക മാത്രമല്ല തനിക്ക് സ്വാധീനമുണ്ടായിരുന്ന മണ്ഡലങ്ങളില്‍ പ്രചാരണങ്ങള്‍ നടത്തി ഇന്ത്യാ സഖ്യത്തിന്റെ വോട്ടുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു.
ആര്‍.ജെ.ഡിയില്‍ നിന്ന് അര്‍ഹിക്കുന്ന ബഹുമാനം ലഭിക്കുന്നില്ലെന്ന ആക്ഷേപവുമായി സിവാനിലെ മുന്‍ എം.പിയായിരുന്ന ശഹാബുദ്ദീന്റെ വിധവ ഹീന ഷഹാബ് ശിവാനില്‍ മത്സരത്തിനിറങ്ങിയതും ഇന്ത്യാ സഖ്യത്തിന് തിരിച്ചടിയായി.
40 സീറ്റുകളുള്ള ബീഹാറില്‍ വെറും ഒമ്പത് സീറ്റുകള്‍ മാത്രമാണ് ഇന്ത്യാ സഖ്യത്തിന് നേടാനായത്. 23 സീറ്റുകളില്‍ മത്സരിച്ച തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനത ദള്‍ നാലെണ്ണത്തില്‍ മാത്രമാണ് വിജയിച്ചത്. ഒമ്പതിടത്ത് മത്സരിച്ച കോണ്‍ഗ്രസ് ആറിടങ്ങളിലും തോല്‍ക്കുകയായിരുന്നു.
Content Highlight: reasons of the failure of India alliance in Bihar