ഫുട്‌ബോള്‍ ലോകത്തെ ചൂടുള്ള ചര്‍ച്ചാവിഷയങ്ങളിലൊന്നാണ് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെന്റ് ഷെര്‍മാങ്ങിലെ വമ്പന്‍മാരുടെ പടലപ്പിണക്കം. സൂപ്പര്‍ താരങ്ങളായ മെസിയോടും നെയ്മറിനോടും ഫ്രഞ്ച് താരം എംബാപെക്കുള്ള അസൂയയുടെ പുറത്താണ് ഇതെല്ലാം തുടങ്ങുന്നത്.
താരപരിവേഷത്തോടെയായിരുന്നു എംബാപെ 2018ല്‍ മൊണോക്കോയില്‍ നിന്നും പി.എസ്.ജിയിലെത്തിയത്. ഒറ്റയ്ക്ക് ഷോ സ്റ്റീലറാവാം എന്ന് കരുതിയപ്പോഴെല്ലാം തന്നെ സ്‌പോട്‌ലൈറ്റ് നെയ്മര്‍ കൊണ്ടുപോയിരുന്നു. ശേഷം മെസിയും പി.എസ്.ജിയിലെത്തിയതോടെ മെസിയും നെയ്മറുമായി ചര്‍ച്ചാ വിഷയം. ഇതാണ് എംബാപെയുടെ പ്രധാന പ്രശ്‌നങ്ങളിലൊന്ന്.
ഇത് പലതവണ എംബാപെ പ്രകടമാക്കുകയും ചെയ്തിരുന്നു.
ക്ലബ്ബിന്റെ പ്രധാന താരമാക്കും എന്ന ഉറപ്പിന്‍മേലാണ് മെയില്‍ എംബാപെ ടീമുമായുള്ള മൂന്ന് വര്‍ഷത്തെ കരാര്‍ പുതുക്കിയത് എന്നാണ് ബ്ലീച്ചര്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിനൊപ്പം തന്നെ ടീമില്‍ പ്രത്യേക അധികാരങ്ങളും താരത്തിനുണ്ടായിരുന്നു. ഇതോടെയാണ് എംബാപെ മെസിയെയും നെയ്മറിനെയും ‘ഭരിക്കാന്‍’ തന്നെ തീരുമാനിച്ചത്.
തനിക്ക് ഒറ്റയ്ക്ക് തിളങ്ങാന് വേണ്ടി നെയ്മറിനെ ടീമില്‍ നിന്നും ഒഴിവാക്കണമെന്നുപോലും എംബാപെ ക്ലബ്ബിനോടാവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ലീഗ് വണ്ണിലെ പി.എസ്.ജി – മോണ്ട് പെല്ലര്‍ മത്സരത്തിനിടെയാണ് പ്രശ്‌നങ്ങള്‍ വീണ്ടും തലപൊക്കി തുടങ്ങിയത്. മത്സരത്തില്‍ ആദ്യം ലഭിച്ച ഒരു പെനാല്‍ട്ടി എംബാപെ പാഴാക്കിയിരുന്നു.
മത്സരത്തില്‍ രണ്ടാമതും ഒരു പെനാല്‍ട്ടി ലഭിച്ചപ്പോള്‍ അതെടുക്കാനായി എംബാപെ മുന്നോട്ട് വന്നിരുന്നെങ്കിലും നെയ്മര്‍ അത് സമ്മതിക്കാതെ പെനാല്‍ട്ടി എടുക്കുകയും വലയിലാക്കുകയുമായിരുന്നു.
മെസിയായിരുന്നു ആ പെനാല്‍ട്ടി നേടിയെടുത്തത്. രണ്ടാമതൊന്നാലോചിക്കാതെ മെസി പെനാല്‍ട്ടിയെടുക്കാന്‍ നെയ്മറിനോടാവശ്യപ്പെടുകയായിരുന്നു. താന്‍ പെനാല്‍ട്ടിയെടുക്കാമെന്ന് എംബാപെ പറയുന്നുണ്ടായിരുന്നെങ്കിലും നെയ്മര്‍ തന്നെ സ്‌പോട്ട് കിക്ക് എടുക്കുകയും സ്‌കോര്‍ ചെയ്യുകയുമായിരുന്നു.
എന്നാല്‍ ഇതില്‍ എംബാപെ ഒട്ടും തൃപ്തനായിരുന്നില്ല. പി.എസ്.ജിയില്‍ താന്‍ മാത്രമായിരിക്കണം ടോപ് പെര്‍ഫോര്‍മര്‍ എന്നതും മെസിയേക്കാളും നെയ്മറിനേക്കാളും വലിയവന്‍ താനായിരിക്കണം എന്നുമുള്ള എംബാപെയുടെ ആറ്റിറ്റിയൂഡാണ് പ്രശ്‌നങ്ങളുടെ അടിസ്ഥാനം.
സീസണില്‍ ഒറ്റ മത്സരം മാത്രമാണ് എംബാപെ പി.എസ്.ജിക്കായി കളിച്ചത്. മോണ്ട്‌പെല്ലറിനെതിരെ നടന്ന മത്സരത്തില്‍ 5-2ന് പി.എസ്.ജി ജയിക്കുകും ചെയ്തിരുന്നു. മത്സരത്തില്‍ നെയ്മറായിരുന്നു കളിയിലെ താരം.
ലീഗ് വണ്ണില്‍ ലില്ലെ (എല്‍.ഒ.എസ്.സി)യുമായിട്ടാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. കളിച്ച രണ്ട് കളിയിലും ജയിച്ച് ആറ് പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് പി.എസ്.ജി. ഒന്ന് വീതം ജയവും സമനിലയുമായി നാല് പോയിന്റോടെ മൂന്നാമതാണ് ലില്ലെ.
Content Highlight: Reasons for Kylian Mbappe’s frustrations at PSG, Reports