വിവാദ പൗരത്വ നിയമം, അതായത് സി.എ.എ പാര്‍ലമെന്റില്‍ പാസ്സായിട്ട് ഇന്നത്തേക്ക് ഒരു കൊല്ലമാവുന്നു. പാര്‍ലമെന്റില്‍ പാസ്സാവുകയും രാഷ്ട്രപതിയുടെ അംഗീകാരം നേടുകയും ചെയ്തിട്ട് ഒരു വര്‍ഷമായെങ്കിലും നിയമം ഇതുവരെ നടപ്പായിട്ടില്ല. ബില്ലുകള്‍ പാസ്സായി ആറു മാസത്തിനുളളില്‍ റൂള്‍സ് നോട്ടിഫൈ ചെയ്യണമെന്നാണ് ചട്ടം, സര്‍ക്കാരിന് അതിനു കഴിയാത്തത് കൊണ്ട് മൂന്നു മാസം കൂട്ടി ചോദിച്ചു, എന്നിട്ടും സാധിക്കാത്തത് കൊണ്ട്, ഇപ്പോള്‍ വീണ്ടും മൂന്നു മാസം നീട്ടി ചോദിച്ചിരിക്കുകയാണ്. കൊറോണ വന്നത് കൊണ്ടാണ് റൂള്‍സ് നോട്ടിഫൈ ചെയ്യാന്‍ കഴിയാത്തതെന്നാണ് ബി.ജെ.പി അധ്യക്ഷന്‍ വിശദീകരിച്ചത്.
ആ വിശദീകരണം സത്യമാവാന്‍ വഴിയില്ല. കൊറോണയെ ഒരു ഒഴിവുകഴിവായി എടുത്തതാകാനേ സാധ്യതയുള്ളൂ. കാരണം, അത്യന്തം സങ്കീര്‍ണമായ കാര്‍ഷിക ബില്ലുകളും തൊഴില്‍ നിയമങ്ങളും കൊറോണയുടെ മൂര്‍ദ്ധന്യത്തില്‍ നടപ്പാക്കിയ സര്‍ക്കാരാണിത്. പൗരത്വ ഭേദഗതി
നിയമം നടപ്പാക്കത്തിന് കാരണങ്ങള്‍ പലതും പലരും വിശദീകരിക്കുന്നുണ്ട്, അതില്‍ ഏറ്റവും പ്രധാനം, സര്‍ക്കാരിന് ഈ നിയമം രാജ്യത്തെ മതപരമായി വിഭജിക്കാനുള്ള മറ്റൊരായുധം മാത്രമായിരുന്നു എന്നും അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം കൊടുക്കുന്നതില്‍ ഒരാത്മാര്‍ത്ഥതയും ഇല്ലായിരുന്നു എന്നതാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടികാണിക്കപ്പെടുന്നത് ഇക്കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘകാല വിസ പുതുക്കി കൊടുക്കാത്തത് മൂലം പാകിസ്ഥാനില്‍ നിന്ന് വന്ന 243 ഹിന്ദു അഭയാര്‍ഥികള്‍ക്ക് തിരിച്ചു പോവേണ്ടി വന്നു എന്ന കാര്യമാണ്.
പൗരത്വ നിയമം ഒരു കൊല്ലമായിട്ടും നടപ്പാക്കാന്‍ കഴിയാത്തതിന് രാഷ്ട്രീയമായതും, സാമ്പത്തികമായതും, പ്രായോഗികമായതുമായ നിരവധി കാരണങ്ങളുണ്ട്. പൗരത്വ ബില്ലിനെ എതിര്‍ക്കുന്നവര്‍ അന്നേ ചൂണ്ടിക്കാട്ടിയവയാണ് ഇതില്‍ മിക്കതും.
സുരക്ഷാ, ഇന്റലിജന്‍സ് ഏജന്‍സികളുടെ പ്രധാനപ്പെട്ട ഉത്കണ്ഠകള്‍ കഴിഞ്ഞ മാസം ഡല്‍ഹി വൃത്തങ്ങളെ ഉദ്ധരിച്ചു പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ഗള്‍ഫ് ന്യൂസ് വിശദീകരിക്കുന്നുണ്ട്. ഒന്നാമത്തേത് പ്രത്യേകിച്ച് യാതൊരു രേഖയും ആവശ്യപ്പെടാതെ പൗരത്വം കൊടുത്താല്‍, കിട്ടുന്നയാള്‍ സത്യത്തില്‍ അതിനര്‍ഹന്‍ തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ ഒരു മാര്‍ഗവുമില്ല എന്നതാണ്.
ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പൗരത്വം വിഭാവനം ചെയ്യുന്നത് എങ്കിലും മറ്റു രാജ്യക്കാരോ അല്ലെങ്കില്‍ ചാരന്മാരോ ഇങ്ങനെ പൗരത്വം നേടിയെടുക്കാനുള്ള സാധ്യതകളുണ്ടെന്നതാണ് യാതൊരു രേഖയും പരിശോധിക്കാതെ പൗരത്വം കൊടുക്കും എന്ന അമിത് ഷായുടെ വാഗ്ദാനം ഇന്റലിജന്‍സ് ഏജന്‍സികള്‍ അംഗീകരിക്കാത്തതിന്റെ ഒരു കാരണം.
2014 ഡിസംബര്‍ 31 നു മുമ്പ് വന്നവര്‍ക്ക് മാത്രമാണ് ഈ നിയമം ബാധകം എന്നത് നിയമത്തില്‍ പറയുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള ചട്ടങ്ങള്‍ ഉണ്ടാക്കുന്നത് അസാധ്യമാണ് എന്നതാണ് ഇപ്പോള്‍ സര്‍ക്കാരിനെ കുഴക്കുന്നത്. സാധാരണ ഗതിയില്‍ ഒരു രാജ്യം അഭയാര്‍ത്ഥികളെ സ്വീകരിക്കുമ്പോള്‍ അവരെ അതിര്‍ത്തിയില്‍ തന്നെ രജിസ്റ്റര്‍ ചെയ്യും. 2014 ഡിസംബര്‍ 31 നു മുമ്പുള്ള എല്ലാവര്‍ക്കും യാതൊരു രേഖയുമില്ലാതെ പൗരത്വം നല്‍കും എന്ന നിയമമാകുമ്പോള്‍ അതിനു ശേഷം വന്നവരും, അല്ലെങ്കില്‍ ഇനി വരുന്നവരും, മുമ്പേ വന്നവരാണെന്ന രീതിയില്‍ പൗരത്വ അപേക്ഷ നല്‍കും. അവരുടെ അപേക്ഷകള്‍ എങ്ങനെ തള്ളും എന്നതാണ് ചട്ടങ്ങളുണ്ടാക്കുന്നവരെ വലയ്ക്കുന്നത്.
വിവേചനപരമായ നിയമമായതിനാല്‍ അന്താരാഷ്ട്ര ഏജന്‍സികളും അയല്‍ രാജ്യങ്ങളും തെളിവെടുപ്പിന് സഹകരിക്കില്ല. സാധാരണ ഗതിയില്‍ ഇത്തരം വെരിഫിക്കേഷന്‍ നടത്തേണ്ടത് അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സിയായ United Nations High Commissioner for Refugees, or UNHCR ആണ്. ഇന്ത്യ അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ കരാറില്‍ ഒപ്പിട്ടില്ലാത്തതിനാല്‍ അവരും സഹായിക്കില്ല. ചുരുക്കത്തില്‍ ഉദ്യോഗസ്ഥന്മാരുടെ വിവേചനാധികാരം ഉപയോഗിച്ച് പൗരത്വം കൊടുക്കുന്ന സ്ഥിതി വരും. കൈക്കൂലി കൊടുക്കുന്നവര്‍ക്കൊക്കെ ഇന്ത്യന്‍ പൗരത്വം എന്ന പരിതാപകരമായ സ്ഥിതിയിലാകും രാജ്യം. ഇത്തരം ഒരവസ്ഥ ഒരു രാജ്യത്തിന്റെയും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് അംഗീകരിക്കാനാവില്ല.
ഫാറൂഖിന്റെ മറ്റു ലേഖനങ്ങള്‍ ഇവിടെ വായിക്കാം
രാജ്യ രക്ഷയുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന പ്രശ്‌നം ഉയര്‍ന്നു വന്നത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. നിലവിലുള്ള ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്ക് മുഴുവന്‍ പൗരത്വം കൊടുക്കുമ്പോള്‍ തദ്ദേശീയര്‍ ന്യൂനപക്ഷമായി പോകുമെന്ന ഭീതിയിലാണ് വടക്കു കിഴക്കുള്ള മിക്ക സംസ്ഥാനങ്ങളും. ത്രിപുരയുടെ ഉദാഹരണം അവരുടെ മുമ്പിലുണ്ട്, സ്വദേശിയര്‍ 30% മാത്രമാണ് അവിടെ, 70% കുടിയേറ്റക്കാരാണ്. മുഖ്യമന്ത്രി ബിപ്ലവ് ദേവ് വരെ കുടിയേറ്റക്കാരനാണ്.
പൗരത്വ നിയമത്തെ തുടര്‍ന്ന് വന്‍ പ്രക്ഷോഭങ്ങളാണ് ഇവിടങ്ങളില്‍ നടന്നത്. ചില സംസ്ഥാനങ്ങള്‍ക്ക് ഐ.എല്‍.പി കൊടുത്തും മറ്റുള്ളവര്‍ക്ക് വാഗ്ദാനം ചെയ്തുമാണ് തല്‍ക്കാലം ഈ സമരങ്ങളെ നിയന്ത്രിച്ചു നിര്‍ത്തിയിരിക്കുന്നത്. പൗരത്വം കൊടുത്തു തുടങ്ങുമ്പോള്‍ ഈ സംസ്ഥാനങ്ങള്‍ വീണ്ടും അസ്വസ്ഥമാകും. ചൈനയുടെ തൊട്ടടുത്തുള്ള ഈ സംസ്ഥാനങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ചെറിയ ചലനം പോലും ഇന്ത്യന്‍ സൈന്യത്തിന് അനുവദിക്കാന്‍ കഴിയില്ല.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ സി.എ.എ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം വര്‍ധിച്ചു വരുന്ന തദ്ദേശീയരും ബംഗാളികളുമായുമുള്ള സംഘട്ടനങ്ങള്‍ ദേശീയ ഐക്യത്തെ പ്രതികൂലമായി ബാധിക്കുന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഈ ബംഗാളികള്‍ ബംഗ്ലാദേശികളല്ല, ഏകദേശം ഒരു നൂറ്റാണ്ടു മുമ്പ് ഇന്ത്യന്‍ ബംഗാളില്‍ നിന്ന് തേയില തോട്ടത്തില്‍ പണിയെടുക്കാനായി കുടിയേറിയവരാണ്. പക്ഷെ ഇവരെ ബംഗ്ലാദേശികളായേ പരിഗണിക്കാന്‍ കഴിയൂ എന്നതാണ് ചില പ്രാദേശിക സംഘടനകളുടെ നിലപാട്. കഴിഞ്ഞ മാസം അസം-മിസോറം അതിര്‍ത്തിയില്‍ വലിയ രീതിയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായി. മേഘാലയയില്‍ വ്യാപകമായി പ്രത്യക്ഷപ്പെടുന്ന ‘എല്ലാ ബംഗാളികളും ബംഗ്ലാദേശികളാണ് ‘ എന്നെഴുതിയ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതാണ് പോലീസുകാരുടെ ഇപ്പോഴത്തെ പ്രധാന ജോലി.
അസമില്‍ നടന്ന എന്‍.ആര്‍.സി പരീക്ഷണത്തിന്റെ ദയനീയ പരാജയം എന്‍.ആര്‍.സിക്ക് ശേഷം സി.എ.എ എന്ന അമിത് ഷായുടെ പദ്ധതി തുടക്കത്തില്‍ തന്നെ പരാജയപ്പെടുത്തി. അസമിലെ എന്‍.ആര്‍.സി പട്ടികയില്‍ നിന്ന് പുറത്തായതില്‍ ഭൂരിഭാഗവും ഹിന്ദുക്കളായതിനെ തുടര്‍ന്ന് ബി.ജെ.പി തന്നെ ഈ പട്ടിക തള്ളിക്കളഞ്ഞു.
പ്രതീക്ഷിച്ചതിലും വളരെ കുറച്ചു മാത്രം അഭയാര്‍ത്ഥികളെ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രാദേശിക പാര്‍ട്ടികളും പട്ടിക തള്ളി. ചില മുസ്‌ലിം സംഘടനകള്‍ മാത്രമാണ് ഈ പട്ടിക അംഗീകരിക്കണം എന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്നത് എന്നതാണ് വിരോധാഭാസം. അവസാനം 1220 കോടി രൂപ ചിലവാക്കി ആയിരക്കണക്കിന് ഉദ്യോഗസ്ഥര്‍ പത്തു വര്‍ഷമെടുത്തു ഉണ്ടാക്കിയ പട്ടിക ഇപ്പോള്‍ ഉണ്ടാക്കിയവര്‍ക്ക് തന്നെ വേണ്ടാത്തതിനെ തുടര്‍ന്ന് ചവറ്റു കൊട്ടയിലാണ്. ഇത്രയും ദയനീയമായി പരാജയപ്പെട്ട ഒരു പരിശ്രമം ഇന്ത്യയുടെ ചരിത്രത്തില്‍ വേറെ ഉണ്ടായിട്ടില്ല.
ഏറ്റവും അടുത്ത സുഹൃത്ത് രാജ്യമായിരുന്ന ബംഗ്ലാദേശിനെ ശത്രു പക്ഷത്തേക്ക് കൊണ്ട് ചെന്നാക്കുന്നതിലും പൗരത്വ നിയമവും അനുബന്ധമായി ബംഗ്ലാദേശി അഭയാര്‍ത്ഥികളെ ഉദ്ദേശിച്ചു അമിത് ഷാ നടത്തിയ കീടങ്ങള്‍ എന്ന പരാമര്‍ശവും കാരണമായി. ബംഗ്ലാദേശില്‍ ഒട്ടനവധി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലും നടക്കേണ്ടിയിരുന്ന ചര്‍ച്ചകളൊക്കെ റദ്ദാക്കപ്പെട്ടു. ഇന്ത്യയുടെ അയല്‍പക്കത്തുള്ള ഒരേയൊരു സൗഹൃദ രാജ്യത്തെ പിണക്കണമോ എന്ന വീണ്ടുവിചാരവും പൗരത്വ നിയമം നടപ്പാക്കുന്നതില്‍ നിന്ന് ഡല്‍ഹിയെ തടയുന്നുണ്ടാവണം.
ഇതൊക്കെ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഉത്കണ്ഠകളാണെങ്കില്‍ വിദേശത്തു നിന്നുണ്ടായ കാര്യമായ പ്രതികരണങ്ങളും പൗരത്വ നിയമം നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാരിനെ പിന്നോട്ടടിപ്പിച്ചു. ഇന്ത്യയില്‍ നടന്ന പൗരത്വ പ്രക്ഷോഭങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതികരണങ്ങളാണുണ്ടാക്കിയത്. ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും വിവേചനപരമായ പൗരത്വ നിയമത്തിനെതിരെ പ്രതികരിച്ചു. ലോകത്തിലെ അറിയപ്പെടുന്നതും വായിക്കപ്പെടുന്നതുമായ പത്രങ്ങളെല്ലാം ഇന്ത്യന്‍ നീക്കത്തെ അപലപിച്ചു എഡിറ്റോറിയലുകള്‍ എഴുതി. വിദേശങ്ങളിലെ ഇന്ത്യന്‍ എംബസികളിലെ ഉദ്യോഗസ്ഥര്‍ക്ക് പൗരത്വനിയമം ന്യായീകരിക്കാനാവാത്ത നില വന്നു.
പൗരത്വ നിയമത്തെ എതിര്‍ക്കാതിരുന്ന ട്രംപ് അക്കാരണം കൊണ്ടല്ലെങ്കിലും തെരഞ്ഞെടുപ്പില്‍ തോറ്റു. ശക്തമായ പ്രതികരണങ്ങള്‍ നടത്തിയ ബൈഡനും കമല ഹാരിസും ആണിപ്പോള്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും. സി.എ.എയോടുള്ള എതിര്‍പ്പ് രേഖപ്പെടുത്തിയതിന്റെ പേരില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയ്ശങ്കള്‍ കഴിഞ്ഞ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തില്‍ കാണാന്‍ വിസമ്മതിച്ച അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം പ്രമീള ജയ്പാല്‍ ആണ് കോണ്‍ഗ്രസ് കോക്കസിന്റെ ചെയര്‍പേഴ്‌സണ്‍ ആയി കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ടത്. ജെ.പി നദ്ദ പറഞ്ഞ പ്രകാരം അടുത്ത ജനുവരിയില്‍ പൗരത്വ നിയമം നടപ്പാക്കുകയാണെങ്കില്‍ പുതിയ അമേരിക്കന്‍ സര്‍ക്കാരുമായി തുടക്കത്തില്‍ തന്നെ കല്ലുകടി ഉറപ്പാണ്. അതൊഴിവാക്കാനായിരിക്കും വിദേശകാര്യ വകുപ്പിന്റെ ഉപദേശം.
സാമ്പത്തികമാണ് മറ്റൊരു ഘടകം. കൊറോണക്ക് മുമ്പേ തന്നെ പതിനാലു പാദങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറഞ്ഞു വരികയായിരുന്നു. തൊഴിലില്ലായ്മ നിരക്ക് നാലു പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്നതായിരുന്നു. അതിന്റെ കൂടെയാണ് കൊറോണയും അനുബന്ധ ലോക്ക്ഡൗണും വന്നത്. ഇരുപത്തഞ്ചു ശതമാനം ഇടിവാണ് കഴിഞ്ഞ പാദത്തില്‍ ഇന്ത്യ സാമ്പത്തിക തളര്‍ച്ച രേഖപ്പെടുത്തിയത്. സ്വാതന്ത്രത്തിനു ശേഷമുള്ള ആദ്യത്തെ സാമ്പത്തികമാന്ദ്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ചെറുകിട വ്യവസായങ്ങള്‍, പ്രത്യേകിച്ച് ടെക്‌സ്റ്റൈല്‍സ്, റിയല്‍ എസ്റ്റേറ്റ് മേഖലയൊക്കെ തകര്‍ന്നടിഞ്ഞ അവസ്ഥയിലാണ്.
വ്യവസായ രംഗത്ത്, പ്രത്യേകിച്ചു തൊഴില്‍ സൃഷ്ടിക്കാനുതകുന്ന മേഖലകളില്‍ വലിയ നിക്ഷേപങ്ങളുണ്ടായില്ലെങ്കില്‍ തൊഴിലില്ലായ്മ ഭീകരമായി വര്‍ധിക്കും. ഇപ്പോള്‍ നടക്കുന്ന കാര്‍ഷിക പ്രക്ഷോഭത്തിന് പുറമെ പൗരത്വ നിയമം നടപ്പാക്കല്‍ കൂടിയാകുമ്പോള്‍ അത് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ നിക്ഷേപത്തിന് പറ്റിയ രാജ്യമല്ല എന്ന ഇമേജ് ഉണ്ടാകാന്‍ കാരണമാകും. ഇപ്പോള്‍ തന്നെ ഇന്ത്യയിലേക്ക് വരേണ്ടിയിരുന്ന മിക്ക പ്രൊജക്ടുകളും വിയറ്റ്‌നാം, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കാണ് പോകുന്നത്. ഈ ഘട്ടത്തില്‍ രാജ്യതാല്പര്യത്തിന് വേണ്ടി നിലകൊള്ളുന്ന ഒരു സര്‍ക്കാരും അത്തരം ഒരു നീക്കത്തിന് മുതിരില്ല.
കഴിഞ്ഞ കൊല്ലം ഇതേ സമയത്തു തുടങ്ങിയ പ്രക്ഷോഭത്തിലും തുടര്‍ന്ന് വന്ന പോലീസ് അടിച്ചമര്‍ത്തലിലും ഡല്‍ഹി കലാപത്തിലും നിരവധി പേരാണ് മരിച്ചത്, പ്രത്യേകിച്ച് ഡല്‍ഹി, യു.പി, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍. പൗരത്വ സമരം സര്‍ക്കാര്‍ അവഗണിച്ചതിനെ തുടര്‍ന്ന് പരാജയപ്പെട്ടു എന്ന രീതിയില്‍ പലരും അഭിപ്രായം പറയുന്നുണ്ട്, പ്രത്യേകിച്ച് കര്‍ഷക സമരത്തില്‍ സര്‍ക്കാര്‍ പതറുന്നത് കാണുമ്പോള്‍.
പക്ഷെ, ഒരു കൊല്ലം കഴിയുമ്പോഴും പൗരത്വ നിയമം ഏട്ടിലെ പശുവായി തുടരുന്നതില്‍ ഈ സമരങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. ഇന്ത്യന്‍ സര്‍ക്കാര്‍ ഈ സമരങ്ങള്‍ അവഗണിക്കാന്‍ ശ്രമിച്ചെങ്കിലും ലോകം അത് ശ്രദ്ധിച്ചു. നിയമം നടപ്പാക്കാത്തിടത്തോളം, ഇപ്പോഴത്തെ നിലയില്‍ പൗരത്വ പ്രക്ഷോഭം വിജയിച്ചതായേ കണക്കാക്കാന്‍ കഴിയൂ.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Reasons behind the delay in implementing CAA, NRC even after a year, Farooq writes