2004ല്‍ കാഴ്ചയില്‍ തുടങ്ങി 2005ല്‍ മോഹന്‍ലാലിനെ നായകനായി തന്മാത്ര 2006ല്‍ വീണ്ടും മമ്മൂട്ടിയെ നായകനാക്കി പളുങ്ക്, 2008 ല്‍ ദിലീപ് മീരാജസ്മിന്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കല്‍കട്ട ന്യൂസ്. 2009ല്‍ മോഹന്‍ലാല്‍ നായകനായി വീണ്ടും ഭ്രമരം 2011ല്‍ തുടര്‍ച്ചയായി മോഹന്‍ലാലിന് ഒപ്പം തന്നെ പ്രണയം, 2013ല്‍ ശ്വേത മേനോന്‍ ബിജു മേനോന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ കളിമണ്ണ് എന്നിവയാണ് ബ്ലെസ്സിയുടെ പുറത്ത് വന്ന ചിത്രങ്ങള്‍. നീണ്ട ഒന്‍പതു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബ്ലെസ്സിയുടെ സംവിധാനത്തില്‍ ഒരു സിനിമ വരുമ്പോള്‍ സ്വാഭാവികമായും ആട് ജീവിതത്തിന് പ്രതീക്ഷകള്‍ ഏറും. ഇതുവരെ മുതിര്‍ന്ന നടന്മാരെ വെച്ച് മാത്രം ചിത്രങ്ങള്‍ എടുത്തിട്ടുള്ള ബ്ലെസ്സിക്ക് പൃഥ്വിരാജില്‍ നജീബിനെ കാണാന്‍ കഴിഞ്ഞു എന്നതും ആട് ജീവിതത്തിന് പ്രതീക്ഷ കൂടുന്ന കാര്യമാണ്.
വായനക്കാരുടെ ഇടയില്‍ ‘ആടുജീവിതം’ എന്ന ബെന്യാമിന്‍ നോവല്‍ ഉണ്ടാക്കിയ വേദന ഏറെയാണ്. അതിന് ഒരു ദൃശ്യവിഷ്‌ക്കാരം ഉണ്ടാകുന്നു എന്നതാണ് മലയാളികളെ ആ ചിത്രത്തിന് വേണ്ടി കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഘടകം.
പ്രവാസ ലോകവുമായി മലയാളികളുടെ ബന്ധം ആഴത്തിലുള്ളതാണ്. മലയാളി ഇന്നേവരെ കാണാത്ത മരുഭൂമിയുടെ യാഥാര്‍ഥ്യങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകും എന്നാണ് ആരാധകര്‍ കരുതുന്നത്.
സിനിമയുടെ സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എ.ആര്‍ റഹ്‌മാന്‍ ഒരു മലയാള ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നു എന്നതും
ആടുജീവിതത്തിന് ഹൈപ്പ് കൂട്ടുന്ന ഘടകമാണ്. ചിത്രത്തിനായി പൃഥ്വിരാജ് 30 കിലോയോളം ശരീരഭാരം കുറച്ചും താടി വളര്‍ത്തിയുമാണ് എത്തുന്നത്. മുടിയും താടിയും വളര്‍ത്തി മെലിഞ്ഞ രൂപത്തിലുള്ള പൃഥ്വിരാജിന്റെ ഫോട്ടോകള്‍ വൈറലായിരുന്നു. എന്നാല്‍ ആടുജീവിതത്തിലെ യഥാര്‍ത്ഥ ചിത്രങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല എന്നാണ് താരം പറയുന്നത്.