| Friday, 28th July 2023, 12:41 pm

സെലക്ടര്‍മാരോടുള്ള പ്രതിഷേധവുമല്ല, സഞ്ജുവിനുള്ള ട്രിബ്യൂട്ടുമല്ല; സൂര്യ എന്തിന് സഞ്ജുവിന്റെ ജേഴ്‌സി ധരിച്ചു, കാരണമിത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്താതെയാണ് ഇന്ത്യ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചത്. വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെയാണ് ഇന്ത്യ കളത്തിലിറക്കിയത്.

എന്നാല്‍ സഞ്ജുവിന്റെ ജേഴ്‌സി ധരിച്ച് കളത്തിലിറങ്ങിയ സൂര്യകുമാര്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആദ്യ ഇലവനില്‍ സഞ്ജുവിനെ ടീമിലെടുക്കാത്തതിലുള്ള പ്രതിഷേധമാണ് സൂര്യകുമാര്‍ രേഖപ്പെടുത്തുന്നതെന്ന് ചില ആരാധകര്‍ വാദിച്ചപ്പോള്‍ സഞ്ജുവിനുള്ള ട്രിബ്യൂട്ടാണെന്നാണ് ചിലര്‍ വാദിച്ചത്.

എന്നാല്‍ എന്തുകൊണ്ട് സൂര്യ സഞ്ജുവിന്റെ ജേഴ്‌സി ധരിച്ചെന്ന കാര്യത്തില്‍ വ്യക്തത വന്നിരിക്കുകയാണ്. സൂര്യകുമാറിന് ലഭിച്ച ജേഴ്‌സിയുടെ സൈസ് പ്രശ്‌നമായത് കാരണമാണ് താരം സഞ്ജുവിന്റെ ജേഴ്‌സി ധരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫോട്ടോഷൂട്ടിന് ശേഷമാണ് സൈസില്‍ പ്രശ്‌നമുള്ള കാര്യം സൂര്യ അറിയിച്ചത്. ഇതോടെ സൂര്യക്ക് പാകമായ സഞ്ജുവിന്റെ ജേഴ്‌സി ധരിച്ച് താരത്തിന് കളത്തിലിറങ്ങേണ്ടി വരികയായിരുന്നു. സാധാരണ ഇത്തരത്തില്‍ ഒരു താരം മറ്റൊരു ടീം അംഗത്തിന്റെ ജേഴ്‌സി ധരിക്കുമ്പോള്‍ പേര് മറച്ചുവെക്കരുതെന്ന നിയമമുണ്ട്. ഇതുകാരണം മറ്റൊരു വഴിയുമില്ലാതെയാണ് താരം സഞ്ജുവിന്റെ ജേഴ്‌സി ധരിച്ചത്.

സൂര്യകുമാര്‍ മാത്രമല്ല, ടീമിലെ മറ്റ് ചിലരും ജേഴ്‌സിയെ കുറിച്ചുള്ള പരാതികള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇവര്‍ക്ക് പുതിയ ജേഴ്‌സി ലഭിക്കും.

സഞ്ജുവിന്റെ ജേഴ്‌സി ധരിച്ച് സൂര്യ കളത്തിലിറങ്ങിയതോടെ ആരാധകരും രംഗത്തെത്തിയിരുന്നു. പല റിയാക്ഷനുകളുമായി അവര്‍ സോഷ്യല്‍ മീഡിയ കയ്യടക്കിയിരുന്നു. അര്‍ഹതയില്ലാതെ ടീമിലെത്തി സഞ്ജുവിന്റെ സ്ഥാനം തട്ടിയെടുത്ത സൂര്യ സഞ്ജുവിന്റെ ജേഴ്‌സിയും തട്ടിയെടുത്തു എന്നടക്കം ആരാധകര്‍ പറയുന്നുണ്ട്.

എന്തായാലും വീണ്ടും സൂര്യ പരാജയമാകുകയും ഇന്ത്യ ജയിക്കുകയും ചെയ്തതോട് കൂടി അടുത്ത മത്സരത്തിലെങ്കിലും സഞ്ജുവിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ശനിയാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം. ആദ്യ മത്സരത്തിന് വേദിയായ അതേ കെന്‍സിങ്ടണ്‍ ഓവല്‍ തന്നെയാണ് രണ്ടാം മത്സരത്തിനും വേദിയാകുന്നത്.

Content highlight: Reason why Suryakumar wore Sanju Samson’s jersey

We use cookies to give you the best possible experience. Learn more