കഴിഞ്ഞ കുറെ കാലങ്ങളായി മെസി, റൊണാള്‍ഡോ ദ്വയത്തില്‍ കറങ്ങിത്തിരിഞ്ഞ ബാലണ്‍ ഡി ഓര്‍ പുരസകാരം വീണ്ടും മറ്റൊരു കൈകളിലെത്തിയിരിക്കുകയാണ്. റയലിന്റെ പോരാട്ടങ്ങളെ മുന്നില്‍ നിന്ന് നയിച്ച, ടീമിനെ യുവേഫ ചാമ്പ്യന്‍സ് ലീഗും ലാ ലീഗ കിരീടങ്ങളും ചൂടിച്ച കരീം ബെന്‍സെമയാണ് ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത്.
സിനദിന്‍ സിദാന് ശേഷം ആദ്യമായി പുരസ്‌കാരം നേടുന്ന ഫ്രഞ്ച് താരം, കഴിഞ്ഞ 13 വര്‍ഷത്തിനിടെ പുരസ്‌കാരം നേടുന്ന മെസിയോ റൊണാള്‍ഡോയോ അല്ലാത്ത രണ്ടാമത് മാത്രം താരം അങ്ങനെ ബെന്‍സെമയുടെ പുരസ്‌കാര നേട്ടത്തിന് സവിശേഷതയേറെയാണ്.
കഴിഞ്ഞ സീസണില്‍ റയലിനായി ചാമ്പ്യന്‍സ് ലീഗിലെ 15 എണ്ണമടക്കം 44 തവണയാണ് താരം ഗോള്‍ നേടിയത്. ഇതിന് പുറമെ 15 ഗോളിന് വഴിയൊരുക്കാനും താരത്തിനായി.
റയലിന്റെ തൂവെള്ള ജേഴ്‌സിയണിഞ്ഞ്, ആത്മവിശ്വാസം സ്ഫുരിക്കുന്ന കണ്ണുകളുമായി, വലതു കയ്യില്‍ ബാന്‍ഡേജ് ധരിച്ച് ബൂട്ടും കെട്ടി ബെന്‍സെമ ഗ്രൗണ്ടിലേക്കിറങ്ങുന്നത് കാണാന്‍ തന്നെ ഒരു പ്രത്യേക ഭംഗിയാണ്.
തന്റെ എല്ലാ മത്സരത്തിന് മുമ്പും താരം ആ ടേപ് കയ്യില്‍ ധരിക്കാറുണ്ട്. ബെന്‍സെമ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയപ്പോള്‍ സ്വര്‍ണ നിറത്തിലുള്ള ബാന്‍ഡേജ് ധരിച്ച വലതു കൈ ആയിരുന്നു സോഷ്യല്‍ മീഡിയ ഭരിച്ചത്.
എന്നാല്‍ എന്തിനാണ് താരം എല്ലാ മത്സരത്തിന് മുമ്പും കൈയില്‍ ടേപ് ധരിക്കുന്നത്?
തന്റെ വലതുകയ്യിലെ പരിക്ക് പറ്റിയ ചെറുവിരലിനെ കൂടുതല്‍ അപകടം പറ്റാതിരിക്കാനാണ് താരം എല്ലാ മത്സരത്തിന് മുമ്പും ബാന്‍ഡേജുമിട്ട് കളത്തിലിറങ്ങുന്നത്. 2019ലെ ഒരു മത്സരത്തിന് ശേഷമാണ് താരം ഇത്തരത്തില്‍ കളത്തിലിറങ്ങാന്‍ നിര്‍ബന്ധിതനായത്.
2019 ലാ ലീഗയില്‍ റയല്‍ ബെറ്റിസുമായുള്ള ഒരു മത്സരത്തിനിടെ ബെറ്റിസ് ഡിഫന്‍ഡര്‍ മാര്‍ക് ബാര്‍ട്ടയുമായി കൂട്ടിയിടിച്ച് ബെന്‍സെമക്ക് പരിക്കേല്‍ക്കുകയായിരുന്നു. പരിക്ക് നേരെയാകണമെങ്കില്‍ അടിയന്തിരമായി സര്‍ജറി ചെയ്യണമെന്നും, ശേഷം രണ്ട് മാസത്തിലധികം വിശ്രമം ആവശ്യമായി വരുമെന്നുമാണ് മെഡിക്കല്‍ ടീം നിര്‍ദേശിച്ചത്.
എന്നാല്‍ സീസണ്‍ അവസാനിക്കുന്നത് വരെ കാത്തിരിക്കാനായിരുന്നു ബെന്‍സെമയുടെ തീരുമാനം. എന്നിരുന്നാലും പെട്ടെന്ന് താരം സുഖപ്പെടുകയും എന്നാല്‍ വീണ്ടും കളത്തിലെത്തിയതിന് പിന്നാലെ ചെറുവിരലിന് വീണ്ടും പരിക്കേല്‍ക്കുകയുമായിരുന്നു. ഇതിന് ശേഷമാണ് എല്ലാ മത്സരത്തിന് മുമ്പും ബെന്‍സെമ ബാന്‍ഡേജ് ധരിച്ച വലതുകയ്യുമായി ഗ്രൗണ്ടിലിറങ്ങിയത്.
കഴിഞ്ഞ വര്‍ഷം, യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ട മത്സരത്തിന് മുമ്പേ താരം തന്റെ കൈയിലെ കെട്ടിനെ കുറിച്ചും അതിന് കാരണമായ സംഭവത്തെ കുറിച്ചും പറഞ്ഞിരുന്നു.
‘എനിക്ക് ഒരു സര്‍ജറി ഉണ്ടായിരുന്നു. എന്നാല്‍ ഈ സര്‍ജറി ചെയ്യുകയാണെങ്കില്‍ ഞാന്‍ രണ്ട് മാസത്തിലധികം കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവരും.
എനിക്കിപ്പോഴും വിരലിന് അസഹനീയമായ വേദനയുണ്ട്. എന്നാല്‍ എനിക്കിപ്പോള്‍ കളി നിര്‍ത്താനോ സര്‍ജറിക്ക് വിധേയനാകാനോ സമയമില്ല. അതുകൊണ്ട് കളിക്കുമ്പോഴെല്ലാം തന്നെ ഞാന്‍ ഈ ബാന്‍ഡേജ് ധരിക്കുന്നു,’ താരം പറഞ്ഞു.
കഴിഞ്ഞ സീസണിന് സമാനമായി അതേ ഫോമില്‍ തന്നെയാണ് ബെന്‍സെമ ഇത്തവണയും കളിക്കളത്തില്‍ സജീവമാവുന്നത്. ലാ ലീഗയും ചാമ്പ്യന്‍സ് ലീഗും എല്ലാത്തിനേക്കാളുമുപരി ലോകകപ്പുമാണ് ഇനി താരത്തിന് മുമ്പിലുള്ളത്. ബാലണ്‍ ഡി ഓര്‍ ജേതാവെന്ന നിലയില്‍ ബെന്‍സെമക്ക് മേലുള്ള പ്രതീക്ഷകളും ഇപ്പോള്‍ വാനോളം വര്‍ധിച്ചിരിക്കുകയാണ്.
Content Highlight: Reason why Karim Benzema tapes his hand before every match