| Friday, 2nd December 2022, 10:32 am

അത് ഗോള്‍ ആവാന്‍ കാരണമുണ്ട്; സ്‌പെയ്ന്‍-ജപ്പാന്‍ മത്സരത്തിലെ വാര്‍ വിവാദത്തിന്റെ വിശദീകരണം

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ സ്‌പെയ്‌നിനെ അട്ടിമറിച്ചുകൊണ്ടായിരുന്നു ജപ്പാന്‍ നോക്ക് ഔട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് ഇ ചാമ്പ്യന്‍മാരായിട്ടായിരുന്നു ജപ്പാന്റെ കുതിപ്പ്. മൂന്ന് മത്സരത്തില്‍ നിന്നും ആറ് പോയിന്റോടെയാണ് ഏഷ്യന്‍ ശക്തികള്‍ ജൈത്രയാത്ര തുടര്‍ന്നത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ജപ്പാന്റെ വിജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ജപ്പാന്‍ മത്സരത്തിലേക്ക് തിരിച്ചുവന്നത്.

48ാം മിനിട്ടിലായിരുന്നു ജപ്പാന്റെ ആദ്യ ഗോള്‍ പിറന്നത്. സൂപ്പര്‍ താരം റിറ്റ്‌സു ഡോവനായിരുന്നു ഗോള്‍ കണ്ടെത്തിയത്. തുടര്‍ന്ന് 51ാം മിനിട്ടില്‍ ആവോ തനകയും ജപ്പാനായി ഗോള്‍ നേടി.

ജപ്പാന്റെ ഗോള്‍ പിറന്നതോടെ വിവാദങ്ങളും ഉടലെടുത്തിരുന്നു. 51ാം മിനിട്ടില്‍ തനക നേടിയ ഗോളാണ് ജപ്പാന്റെ വിജയത്തിനും ജര്‍മനിയുടെ പുറത്താവലിനും കാരണമായത്. ഇതിന് പിന്നാലെ ലോകകപ്പിലെ വാര്‍ സിസ്റ്റത്തിനെതിരെയടക്കം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

വാര്‍ പരിശോധനയില്‍ പന്തിന്റെ മുഴുവന്‍ ഭാഗവും ടച്ച് ലൈനിന് പുറത്ത് പോയിട്ടില്ല എന്ന് കണ്ടതോടെയാണ് റഫറി ജപ്പാന് അനുകൂലമായി വിധിയെഴുതിയത്. എന്നാല്‍ പന്ത് മുഴുവനായും ടച്ച് ലൈനിന് വെളിയില്‍ കടന്നിരുന്നു എന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.

എന്നാല്‍ പന്തിന്റെ കര്‍വേച്ചര്‍ ടച്ച് ലൈനിന് ഉള്ളില്‍ തന്നെയാണെന്നാണ് ഫിഫ ഇതിന് നല്‍കുന്ന വിശദീകരണം.

പന്ത് മുഴുവനായും ടച്ച് ലൈന്‍ കടന്നിട്ടുണ്ടെങ്കിലും പന്തിന്റെ ടാന്‍ജെന്റ് അനുവദനീയമായ പരിധിക്കുള്ളില്‍ തന്നെയായിരുന്നു. ഇതിനാല്‍ തന്നെ പന്ത് പൂര്‍ണമായും ടച്ച് ലൈന്‍ കടന്നിട്ടില്ലെന്ന് കണക്കാക്കാന്‍ സാധിക്കും. ഇതാണ് ഗോള്‍ അനുവദിക്കാന്‍ കാരണമായതെന്നാണ് ഫിഫ വ്യക്തമാക്കുന്നത്.

ഫുട്‌ബോളിലെ നിയമങ്ങള്‍ നിര്‍മിച്ച ഐ.എഫ്.എ.ബിയുടെ റൂള്‍ ബുക്ക് പ്രകാരം, വായുവിലൂടെയോ ഗ്രൗണ്ടിലൂടെയോ പന്ത് പൂര്‍ണമായും ടച്ച് ലൈന്‍ കടക്കുകയാണെങ്കില്‍ മാത്രമേ അത് ഔട്ട് ആയി കണക്കാക്കേണ്ടതുള്ളൂ എന്നാണ്. പന്തിന്റെ കര്‍വേച്ചര്‍ ടച്ച് ലൈനിനുള്ളിലായതിനാല്‍ ആ ഗോള്‍ ലീഗലാണ്.

മത്സരത്തില്‍ ജപ്പാന്‍ വിജയിച്ചതോടെയാണ് കോസ്റ്ററിക്കക്കെതിരായ മത്സരത്തില്‍ തോറ്റിട്ടും ജര്‍മനിക്ക് പുറത്താകേണ്ടി വന്നത്. രണ്ടിനെതിരെ നാല് ഗോളിനായിരുന്നു ജര്‍മനിയുടെ വിജയം.

കഴിഞ്ഞ മത്സരത്തില്‍ ജപ്പാന്‍ തോല്‍ക്കുകയോ സമനില പാലിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഗോള്‍ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ ജര്‍മനിക്ക് നോക്ക് ഔട്ട് കളിക്കാന്‍ സാധിക്കുമായിരുന്നു.

Content highlight: Reason for VAR Allowed Japan’s Controversial 2nd Goal Against Spain

We use cookies to give you the best possible experience. Learn more