തിരുവനന്തപുരം: മുസ്‌ലിം ലീഗും സമസ്തയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം പി.എം.എ. സലാം ആണെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. പി.എം.എ സലാമിനെ ലീഗിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് സമസ്ത ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘മുസ്‌ലിം ലീഗിലെ 80 ശതമാനത്തോളം പ്രവര്‍ത്തകരും സമസ്തക്കാരാണ്. അവരെ പരസ്യമായി വിമര്‍ശിക്കുന്ന ഒരാള്‍ പാര്‍ട്ടിയുടെ സെക്രട്ടറിയായി ഇരുന്നാല്‍ അത് ദോഷം ചെയ്യുക മുസ്‌ലിം ലീഗിന് തന്നെയാണ്. അത്തരം ആളുകളെയൊക്കെ മാറ്റി നിര്‍ത്തി എല്ലാവര്‍ക്കും യോജിക്കുന്ന ആളെയാണ് കൊണ്ടുവരേണ്ടത്,’ ഉമര്‍ ഫൈസി പറഞ്ഞു.
പി.എം.എ സലാം സമസ്തയെ നിരന്തരം അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിണറായി വിജയന്റെ ഫോണ്‍ കോള്‍ വന്നാല്‍ എല്ലാം മറക്കുന്ന ആളാണ് ജിഫ്രി മുത്തുക്കോയ തങ്ങളെന്ന് അദ്ദേഹം പ്രസ്താവന നടത്തി. സമസ്തക്ക് സമുദായത്തിന്റെ നേതൃത്വത്തിലോ അതിന്റെ ഉന്നമനത്തിലോ ഒരു പങ്കും ഇല്ലെന്ന തരത്തില്‍ പ്രചരണം നടത്തിയെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.
ബി.ജെ.പിയെ പുറത്താക്കാന്‍ ഏറ്റവും നല്ലത് ഇന്ത്യാ മുന്നണിയാണ്. ഇന്ത്യാ മുന്നണിയില്‍ ഫാസിസത്തെ ഏറ്റവും ശക്തമായി നേരിടുന്നത് ഇടത് മുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനിയിലെ സി.പി.ഐ.എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കെ.എസ്. ഹംസ സമസ്തക്കാരന്‍ തന്നെയാണ്. എന്നാല്‍ സമസ്തയുടെ വോട്ട് പൊന്നാനിയില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് മാത്രമാണെന്ന് പറയില്ല. എന്നാല്‍ സമസ്തയുടെ ഭൂരിഭാഗം ആളുകളുടെയും പിന്തുണ ഇടത് മുന്നണിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: reason for the problems between Muslim League and Samasta was PMA. Salam; Umar Faizi Mukkam