നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് അവസാന ഹോം മത്സരത്തില്‍ വിജയിച്ച് പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുകയാണ്. ഈ സീസണിലെ 62ാം മത്സരത്തില്‍ ഹൈദരാബാദിനെ 34 റണ്‍സിന് തോല്‍പ്പിച്ചാണ് ഗുജറാത്ത് പ്ലേ ഓഫിന് യോഗ്യത നേടിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 188 റണ്‍സെടുക്കുകയായിരുന്നു. 36 പന്തില്‍ 47 റണ്‍സെടുത്ത സായ് സുദര്‍ശന്‍ മാത്രമാണ് ഗില്ലിന് പിന്തുണ നല്‍കിയത്.
ഈ മത്സരത്തിന്റെ മറ്റൊരു പ്രത്യേകത തങ്ങളുടെ അവസാന ഹോം പോരാട്ടത്തില്‍
ഗുജറാത്ത് ടീം അണിഞ്ഞ തങ്ങളുടെ ജേഴ്‌സിയുടെ കളറാണ്. ലാവന്‍ഡെര്‍ കളറിലുള്ള ജേഴ്‌സിയണിഞ്ഞാണ് ടീം ഇന്ന് ഗ്രൗണ്ടില്‍ ഇറങ്ങിയത്.
എല്ലാ തരത്തിലുള്ള ക്യാന്‍സറിന്റേയും പ്രതീകാത്മക നിറമായാണ് ലാവന്‍ഡെര്‍ ഉപയോഗിക്കുന്നത്. രോഗം ബാധിച്ചവര്‍ക്കും ചികിത്സയിലുള്ളവര്‍ക്കും ക്യാന്‍സറിനെ അതിജീവിച്ചവര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ടീമിന്റെ ജേഴ്‌സി മാറ്റം.
ക്യാന്‍സറിനെ ചെറുക്കാനുള്ള ശ്രമങ്ങള്‍, ജീവിതശൈലിയിലെ മാറ്റങ്ങള്‍, രോഗം നേരത്തെ കണ്ടെത്തുക, പ്രതിരോധത്തിന്റെ പ്രാധാന്യം എന്നിവയില്‍ അവബോധം വളര്‍ത്തുക എന്നതും ലക്ഷ്യമിടുന്നതായി ഗുജറാത്ത് ടൈറ്റന്‍സ് ജേഴ്‌സി മാറ്റം സംബന്ധച്ച് നേരത്തെ ടീം പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.
അതേസമയം, 13 മത്സരങ്ങളില്‍ നിന്ന് ഒമ്പത് ജയവും നാല് തോല്‍വിയും സഹിതം 18 പോയിന്റുമായി പോയിന്റ് ടേബിളില്‍ ഒന്നാമതാണിപ്പോള്‍ ഗുജറാത്ത്.
Content Highlight: Reason for the Gujarat decision lavender jersey from the last home game