ചെന്നൈ: “അത് ഞങ്ങളുടെ അധ്യാപകന്‍ മാത്രമല്ല, അച്ഛനും ചേട്ടനുമൊക്കെയാണ്” എന്നാണ് വെളിഗരം സര്‍ക്കാര്‍ ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ജി. ഭഗവാനെക്കുറിച്ച് ആ സ്‌കൂളിലെ വിദ്യാര്‍ഥികളൊന്നടങ്കം പറയുന്നത്. സ്‌കൂളില്‍ നിന്നും ട്രാന്‍സ്ഫര്‍ കിട്ടി പോകാനിരുന്ന അധ്യാപകനെ തടഞ്ഞുകൊണ്ട് കരയുന്ന കുട്ടികളുടെ ചിത്രം വലിയ ചര്‍ച്ചയായ സാഹചര്യത്തിലായിരുന്നു വിദ്യാര്‍ഥികളുടെ പ്രതികരണം.
Also Read: ഏറ്റുമാനൂരില്‍ കാണാതായ അര്‍ജന്റീന ആരാധകന്റെ മൃതദേഹം കണ്ടെത്തി
അദ്ദേഹം അച്ഛനെപ്പോലെയാണ്, മൂത്ത സഹോദരനാണ്. എനിക്ക് തഹസില്‍ദാറാവണമെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞപ്പോള്‍ എല്ലാദിവസവും ഒരു പേപ്പറില്‍ ഇത് എഴുതാന്‍ അദ്ദേഹം പറഞ്ഞു. എനിക്കവിടെ എത്താന്‍ കഴിയുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. അദ്ദേഹമാണ് ഞങ്ങളെ ഡയറിയെഴുതാന്‍ ശീലിപ്പിച്ചത്. ജോലിക്കും ഇന്റര്‍വ്യൂകളിലും ഇംഗ്ലീഷ് വളരെ പ്രധാനമാണ്. ഞങ്ങളെ ഇംഗ്ലീഷ് പഠിപ്പിച്ചത് അദ്ദേഹമാണ്.” എന്നാണ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ കാവ്യയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നത്.
കാവ്യയ്ക്കു പുറമേ എട്ടാം ക്ലാസില്‍ പഠിക്കുന്ന കാര്‍ത്തിക്, അനു തുടങ്ങിയവരായിരുന്നു ഭഗവാന്റെ കയ്യില്‍ പിടിച്ചും കരഞ്ഞും അദ്ദേഹത്തെ തടഞ്ഞത്.
നാലുവര്‍ഷം മുമ്പ് സ്‌കൂളില്‍ ചേര്‍ന്ന ഭഗവാന്‍ മികച്ച അധ്യാപകനാണെന്നാണ് കാവ്യയുടെ നിരക്ഷരരായ രക്ഷിതാക്കള്‍ പറയുന്നത്. ഇംഗ്ലീഷ് തനിക്ക് പ്രിയപ്പെട്ട വിഷയമാക്കിയത് അദ്ദേഹമാണെന്നാണ് കാര്‍ത്തിക് പറയുന്നത്. “അദ്ദേഹം എപ്പോഴും പുതിയ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുമായിരുന്നു. എഴാം ക്ലാസിലെ എല്ലാവരും ഇംഗ്ലീഷില്‍ ജയിച്ചിട്ടുണ്ട്.”
“എന്തിനാണ് അദ്ദേഹത്തെ ഇപ്പോള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നത്? അദ്ദേഹം എന്നും ഇവിടെ വേണം” എന്നാണ് സ്‌കൂളിലെ വിദ്യാര്‍ഥിയായ അനു പറയുന്നത്.
ഭഗവാന് ട്രാന്‍സ്ഫര്‍ ലഭിച്ചെന്ന വാര്‍ത്ത അറിഞ്ഞതോടെ തന്റെ മകള്‍ സ്‌കൂളില്‍ പോയിരുന്നില്ലെന്നാണ് ധനരാജ് എന്ന രക്ഷിതാവ് പറയുന്നത്. “ഭഗവാന്‍ സാര്‍ പഠിപ്പിക്കാന്‍ പോകുന്ന സ്‌കൂളിലേക്ക് തന്നെ മാറ്റണമെന്നാണ് അവള്‍ പറഞ്ഞത്. ”
ഭഗവാന് തിരുട്ടാണിയിലെ മറ്റൊരു സ്‌കൂളിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടിയെന്ന വാര്‍ത്ത വന്നതിനു പിന്നാലെ സ്‌കൂളിലെ രക്ഷിതാക്കളില്‍ ചിലര്‍ ട്രാന്‍സ്ഫര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക എം.എല്‍.എയെ കണ്ടിരുന്നു. സ്‌കൂളിലെ കുട്ടികളില്‍ ഭൂരിപക്ഷവും ഒ.ബി.സി വിഭാഗത്തില്‍പ്പെടുന്നവരും 40%ത്തോളം പേര്‍ ദളിതരുമാണ്. കഴിഞ്ഞവര്‍ഷം പത്താംതരം പരീക്ഷയില്‍ 82% കുട്ടികളും വിജയിച്ചിരുന്നു.
സ്‌കൂളിലെ അധ്യാപകരും കുട്ടികളും തമ്മിലുള്ള അനുപാതം 1:30 ആക്കി നിലനിര്‍ത്താനുള്ള തമിഴ്‌നാട് സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായായിരുന്നു ഭഗവാനെ സ്ഥലംമാറ്റിയത്. വിദ്യാര്‍ഥി അധ്യാപക അനുപാതം കണക്കിലെടുക്കുമ്പോള്‍ വിദ്യാലയത്തിലെ അധികമുള്ള അധ്യാപകനാണ് ഭഗവാന്‍. ഇതാണ് സ്ഥലം മാറ്റത്തിന് വഴിയൊരുക്കിയതും.
എന്നാല്‍ ഇതിനെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒരുപോലെ രംഗത്തുവരികയായിരുന്നു. സ്‌കൂളില്‍ യാത്രപറയാനായെത്തിയ ഭഗവാനെ വിദ്യാര്‍ഥികള്‍ ഒരുമിച്ച് നിന്ന് തടയുകയായിരുന്നു. ഓഫീസില്‍ നിന്നും പുറത്തിറങ്ങിയതോടെ വിദ്യാര്‍ഥികള്‍ തന്നെ തടയുകയായിരുന്നുവെന്നാണ് ഭഗവാന്‍ മാധ്യമങ്ങളോടു പറഞ്ഞത്. ബാഗ് പിടിച്ചുവലിച്ചും സ്‌കൂട്ടറിന്റെ കീ പിടിച്ചുവെച്ചും കരഞ്ഞുകൊണ്ട് അവര്‍ തന്നെ തടയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാഠപുസ്തകങ്ങള്‍ പഠിപ്പിക്കുന്നതിനപ്പുറത്തേക്ക് വിദ്യാര്‍ത്ഥികളും താനും തമ്മില്‍ ഉണ്ടായിരുന്ന ഊഷ്മളമായ ബന്ധം തകരുന്നതില്‍ വേദന ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇക്കാര്യം വലിയ ചര്‍ച്ചയായതോടെ അദ്ദേഹത്തിന്റെ ട്രാന്‍സ്ഫര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് സര്‍ക്കാര്‍. നാലുവര്‍ഷം മുമ്പാണ് ജി. ഭഗവാന്‍ തിരുവള്ളൂര്‍ ജില്ലയിലെ സ്‌കൂളില്‍ എത്തിയത്. അദ്ദേഹത്തിന്റെ ആദ്യത്തെ പോസ്റ്റിങ്ങായിരുന്നു ഇത്.