ജമ്മുകശ്മീര്‍: ജമ്മു കശ്മീരില്‍ പി.ഡി.പിയുമായുള്ള സഖ്യം പിരിയുകയാണെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ദല്‍ഹിയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തിനുശേഷമാണ് തീരുമാനം.
അഞ്ച് കാരണങ്ങളാണ് സഖ്യം പിരിയാന്‍ രാം മാധവ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അവ ഇതാണ്.
1. ജമ്മുകശ്മീരില്‍ പി.ഡി.പിയുമായുള്ള സഖ്യം തുടരുകയെന്നത് ബി.ജെ.പിയുമായി അസാധ്യമായിരിക്കുകയാണെന്നാണ് രാം മാധവ് പറഞ്ഞത്.
2. കേന്ദ്രം നല്‍കുന്ന സഹായങ്ങളും ഫണ്ടുകളും പി.ഡി.പി സര്‍ക്കാര്‍ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
3. ഷുജാത് ബുഖാരിയുടെ കൊലപാതകക്കാര്യവും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടി. കശ്മീരിലെ ക്രമസമാധാനം തകരുന്നതിന്റെ സൂചനയാണിതെന്ന് അദ്ദേഹം പറഞ്ഞു.
4. കശ്മീരിലെ രണ്ട് മേഖലകളിലെ ജനവിഭാഗങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന വിവേചനം.
5. ബി.ജെ.പിയുടെ വികസന അജണ്ട പി.ഡി.പിക്ക് നടപ്പിലാക്കാനാവുന്നില്ലെന്നും ബി.ജെ.പി ആരോപിച്ചു.
87 സീറ്റുകളാണ് ജമ്മുകശ്മീരിലുള്ളത്. ഇതില്‍ 28 സീറ്റുകളിലാണ് പി.ഡി.പി വിജയിച്ചത്. 25 സീറ്റുകളില്‍ ബി.ജെ.പിയും 15 സീറ്റുകളില്‍ നാഷണല്‍ കോണ്‍ഗ്രസും 12 സീറ്റുകളില്‍ കോണ്‍ഗ്രസും വിജയിച്ചിരുന്നു.
റംസാനിനുശേഷവും വെടിനിര്‍ത്തല്‍ തുടരണമെന്ന പി.ഡി.പിയുടെ നിലപാടാണ് സഖ്യം പിരിയാനിടയാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെടിനിര്‍ത്തല്‍ തുടരണമെന്ന നിലപാടാണ് കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടേത്. എന്നാല്‍ അമര്‍നാഥ് യാത്രയുടെ പശ്ചാത്തലത്തില്‍ ഇത് സാധ്യമല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.