ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചാണ് കേരളത്തില്‍ ഇപ്പോള്‍ സംസാരം. കേരളത്തിലെ പശ്ചിമഘട്ട പ്രദേശങ്ങളില്‍ സംഭവിക്കുന്ന തുടര്‍ച്ചയായ പ്രകൃതിദുരന്തങ്ങള്‍ കാരണം കൂട്ടമായ ജീവഹാനികള്‍ സംഭവിക്കുന്ന ഈ സാഹചര്യത്തിലാണ് പൂനെ സ്വദേശിയായ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രൊഫ. മാധവ് ഗാഡ്ഗിലിന്റെ പേര് കേരളത്തില്‍ വീണ്ടും ചര്‍ച്ചയാവുന്നത്. ഗാഡ്ഗില്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളെ പാടെ തള്ളിക്കളഞ്ഞതാണ് ഈ ദുരന്തങ്ങള്‍ക്കെല്ലാം കാരണമെന്ന് ഒരു വിഭാഗം പറയുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഈ സാഹചര്യത്തിലും ഗാഡ്ഗിലിനെയും ഉയര്‍ത്തിപ്പിടിച്ചു വരുന്നവര്‍ നിക്ഷിപ്ത താത്പര്യക്കാരാണെന്ന് മറുവിഭാഗവും. അമിതമായി പെയ്ത മഴ മാത്രമാണ് ഈ ദുരതിങ്ങള്‍ക്ക് കാരണമെന്നാണ് ഒരു കൂട്ടരുടെ വാദം. മലയോര ജനതയുടെ അന്തകനാണ് ഗാഡ്ഗില്‍ എന്ന തരത്തിലുള്ള പ്രചരണങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ നടന്നുവരുന്നു. ഇത്തരം തര്‍ക്കങ്ങള്‍ക്കിടയില്‍, ഊഹാപോഹങ്ങള്‍ക്കപ്പുറം മുമ്പത്തെപ്പോലെ ഇപ്പോഴും ചര്‍ച്ചായാകാതെ പോകുന്ന ഒന്നുണ്ട്. എന്തായിരുന്നു ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മുന്നോട്ടുവെച്ച് ആശയമെന്നത്
പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിനായി 2010 മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പശ്ചിമഘട്ട വിദഗ്ദ സമിതിയുടെ അധ്യക്ഷനായിരുന്നു മാധവ് ഗാഡ്ഗില്‍. 2011 ആഗസ്തിലാണ് ഗാഡ്ഗിലിന്റെ മുന്‍കൈയിലുള്ള സമിതി സര്‍ക്കാറിന് മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. കാല്പനികമായ പരിസ്ഥിതി പരിപാലന മാര്‍ഗങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങളായിരുന്നില്ല ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം എന്നത് അത് പരിശോധിക്കുന്ന ഏതൊരാള്‍ക്കും ബോധ്യമാകും. കാരണം അതൊരു രാഷ്ട്രീയ റിപ്പോര്‍ട്ടായിരുന്നു. പങ്കാളിത്ത ജനാധിപത്യത്തെയായിരുന്നു ഗാഡ്ഗില്‍ കമ്മിറ്റി മുന്നോട്ടുവെച്ചത്.
കമ്മിറ്റി റിപ്പോര്‍ട്ട് എന്നത് നിര്‍ദ്ദേശങ്ങള്‍ മാത്രമാണെന്നും അവ അംഗീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഓരോ പ്രദേശത്തെയും ജനങ്ങളാണെന്നുമാണ് ഗാഡ്ഗില്‍ പറഞ്ഞത്. ഓരോ മേഖലയിലും ഏതുതരം വികസനവും ഏതു തരം സംരക്ഷണവും വേണമെന്ന് തീരുമാനിക്കേണ്ടത് അതാത് സ്ഥലത്തെ പ്രാദേശിക ജനതയും ഗ്രാമസഭകളുമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. അധികാര കേന്ദ്രീകരണത്തിന്റെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച ഗാഡ്ഗില്‍ ഭരണഘടനയുടെ 73 , 74 ഭേദഗതികളെക്കുറിച്ചും പങ്കാളിത്തജനാധിപത്യത്തിന്റെ സാധ്യകളെക്കുറിച്ചും അവ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയുമാണ് ആവര്‍ത്തിച്ചത്.
പാരിസ്ഥിതിക വിഭവങ്ങല്‍ക്ക് മേല്‍ മൂലധന ശക്തികളുടെ കടന്നുകയറ്റം വലിയ രീതിയില്‍ വര്‍ധിക്കുകയും തദ്ദേശീയ ജനത അവരുടെ പരമ്പരാഗത ആവാസവ്യവസ്ഥകളില്‍ നിന്ന് പുറന്തളപ്പെടുകയും ചെയ്യുന്ന ഒരു ആഗോള സാഹചര്യത്തില്‍ പാരിസ്ഥിതിക വിഭവങ്ങളുടെ ഉടമസ്ഥതയും അധികാരവും തദ്ദേശീയ സമൂഹങ്ങളില്‍ നിക്ഷിപ്തമായിരിക്കണമെന്ന രാഷ്ട്രീയ സന്ദേശമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇന്ത്യന്‍ ഇടതുപക്ഷം പതിറ്റാണ്ടുകളായി മുന്നോട്ടുവെയ്ക്കുന്ന ഒരു ആശയം കൂടിയായിരുന്നു അത്. എന്നാല്‍ ഇക്കാര്യമൊന്നും എവിടെയും ചര്‍ച്ച ചെയ്യപ്പെട്ടില്ല. കേരളത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ കലാപങ്ങള്‍ നടത്തിയവരില്‍ മുന്‍പന്തിയിലുണ്ടായിരുന്നത് ഇവിടുത്തെ മുഖ്യധാരാ ഇടതുപക്ഷം തന്നെയായിരുന്നു.
പശ്ചിമഘട്ടമേഖലഖളെ അവിടുത്തെ പാരിസ്ഥിതിക സവിശേഷതകള്‍ കണക്കിലെടുത്ത് മൂന്ന് സോണുകളായി തിരിക്കണമെന്നും ഓരോ സോണുകള്‍ക്കും സവിശേഷമായ പരിപലാനരീതികള്‍ വേണമെന്നുമായിരുന്നു ഗാഡ്ഗില്‍ നിര്‍ദേശിച്ചത്. വിവിധമേഖലകളില്‍ ഭൂമിശാസ്ത്രപരവും ജൈവവൈവിധ്യപരവുമായ സൂക്ഷ്മ പഠനങ്ങള്‍ നടത്തിയതിന് ശേഷം ഓരോ മേഖലകളുടെയും പരിപാലന രീതികള്‍ക്കായി വിവിധ മാതൃകകളും ഗാഡ്ഗില്‍ മുന്നോട്ടുവെച്ചു. ഇവയൊന്നും അടിച്ചേല്‍പ്പിക്കുന്ന തീരുമാനങ്ങളല്ല, മറിച്ച് പ്രാദേശിക ജനതയ്ക്ക് മുന്നില്‍ ചര്‍ച്ചയ്ക്കായി വെക്കുന്ന നിര്‍ദേശങ്ങളാണ് എന്ന് ഗാഡ്ഗില്‍ തുടര്‍ച്ചയായി ആവര്‍ത്തിച്ചിട്ടും അതൊന്നും ആരും പരിഗണിച്ചില്ല. പകരം ഈ നിര്‍ദേശങ്ങളില്‍ അല്‍പം പ്രയാസമെന്ന് തോന്നുന്നവയെ പെരുപ്പിച്ചും നുണക്കൂമ്പാരങ്ങള്‍ പടച്ചുവിട്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ സംഘടിത ആക്രമണങ്ങള്‍ ആരംഭിച്ചു.
കേരളത്തിലെ മലയോര ഗ്രാമങ്ങള്‍ അശാന്തമായി. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സര്‍ക്കാര്‍ തന്നെ ഹൈറേഞ്ചുകളില്‍ കുടയിരുത്തിയ സാധാരണ കര്‍ഷകരുടെ ആശങ്കകള്‍ അകറ്റുന്നതിനോ അവരെ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തുന്നതിനോ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു ശ്രമവും ഉണ്ടായില്ല. ഇതിനിടയില്‍ നിക്ഷിപ്ത താപര്യങ്ങളുമായി ഇറങ്ങിപ്പുറപ്പെട്ട പള്ളിയും പാര്‍ട്ടിയും പാറമടക്കാരും ഒന്നിച്ചതോടെ ഹൈറേഞ്ചിലെ വിവിധയിടങ്ങളില്‍ ഹര്‍ത്താലുകളും തെരുവ് കലാപങ്ങളും നടന്നു. ഒടുവില്‍ വലിയ ജനകീയ സമ്മര്‍ദത്തിന് മുന്നില്‍ സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വന്നു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ വലിയ സമരങ്ങള്‍ നടന്നെങ്കിലും റിപ്പോര്‍ട്ടിലെ ഉള്ളടക്കത്തെക്കുറിച്ചുള്ള വസ്തുതകള്‍ മലയോര മേഖലയിലെ സാധാരണ ജനങ്ങള്‍ക്കറിയുമായിരുന്നില്ല. അവരാരും റിപ്പോര്‍ട്ട് വായിച്ചിരുന്നുമില്ല. അവരുടെ ഉള്ളില്‍ എക്കാലത്തുമുണ്ടായിരുന്ന ഭയം തങ്ങള്‍ കുടിയിറക്കപ്പെടുമോ എന്നതായിരുന്നു. ആ ഭയത്തെ പരമാവധി മുതലെടുക്കുകയാണ് രാഷ്ട്രീയപ്പാര്‍ട്ടികളും മതസ്ഥാപനങ്ങളും ജനപ്രതിനിധികളും ചെയ്തത്.
കര്‍ഷകരുടെ, പ്രത്യേകിച്ച് മലയോര ജനതയുടെ ജീവിതം നശിപ്പിക്കാനെത്തിയ കൊടുംഭീകരനായി ഗാഡ് ഗില്‍ ചിത്രീകരിക്കപ്പെട്ടു. ഈ സാഹചര്യങ്ങളെ മുതലെടുത്തവരാകട്ടെ അവരുടെ രാഷ്ടീയ നേട്ടങ്ങള്‍ കൊയ്തു. വയനാട്ടിലും ഇടുക്കിയിലും ഗാഡ്ഗില്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പി.വി അന്‍വര്‍, ജോയ്‌സ് ജോര്‍ജ് എന്നീ പ്രാദേശിക രാഷട്രീയ പ്രവര്‍ത്തകര്‍ പിന്നീട് ഇടതുപക്ഷത്തിന്റെ എം.പിയും എം.എല്‍.എ യും ആയി മാറി. ഗാഡ്്ഗിലിന് അനുകൂലമായി നിലപാടെടുത്ത ഒരേയൊരു ജനപ്രതിനിധിയായിരുന്ന ഇടുക്കി എം.പി, പി.ടി തോമസ രാഷ്ട്രീയചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കപ്പെട്ടു.
മുഖ്യധാരാ മാധ്യമങ്ങള്‍ പോലും വിവാദങ്ങള്‍ക്ക് പിറകെയായിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെപ്പറ്റിയും അതിന്റെ ദീര്‍ഘകാല നേട്ടങ്ങളെപ്പറ്റിയും ജനങ്ങള്‍ക്കു വിവരങ്ങള്‍ നല്‍കുന്നതിന് പകരം അവര്‍ സംഘര്‍ഷങ്ങളെ കൂടുതല്‍ കലുശിതമാക്കുകയാണ് ചെയ്തത്.
എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മുടെ പശ്ചിമഘട്ടം വലിയ ദുരന്തങ്ങളിലേക്ക് വഴുതിവീണപ്പോള്‍ കേരളം ഗാഡ്ഗിലിനോട് മാപ്പ് പറയണമെന്ന് പറഞ്ഞ് ആദ്യം രംഗത്ത് വന്നതും ഇതേ മാധ്യമങ്ങള്‍ തന്നെയാണ്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കേരളത്തിനകത്ത് ഏറ്റവും സവിശേഷമായി അടയാളപ്പെടുത്തിയ 18 സ്ഥലങ്ങളില്‍പ്പെട്ട മൂന്നിടങ്ങളിലാണ് ഇത്തവണ ഉരുള്‍പൊട്ടലുണ്ടായതെന്നതാണ് ഏറെ ശ്രദ്ധേയം.
ഓരോ തവണ പ്രളയം വരുമ്പോഴും ഗാഡ് ഗില്‍ അന്നേ ഇതൊക്കെ പറഞ്ഞിരുന്നു എന്നു പറഞ്ഞതുകൊണ്ട് യാതൊരു പ്രയോജനവും ഇനി ഉണ്ടാകാന്‍ പോകുന്നില്ല. തന്നെ ഒരു പ്രവാചകനാക്കി ഘോഷിക്കുന്നതിനു പകരം പങ്കാളിത്ത ജനാധിപത്യത്തെ ശക്ത്തിപ്പെടുത്തിക്കൊണ്ട് ഏതുവിധത്തിലാണ് ഇനി മുന്നോട്ടു പോകാനാവുക എന്ന് ചിന്തിക്കണം എന്നാണു കഴിഞ്ഞ പ്രളയകാലത്ത് കൊച്ചിയില്‍ വന്നപ്പോള്‍ ഗാഡ്ഗില്‍ മലയാളികളോട് പറഞ്ഞത്. ഇത്തവണ അദ്ദേഹം മാധ്യമങ്ങളോട് ആവര്‍ത്തിച്ചു പറഞ്ഞതും ഇതു തന്നെയാണ്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കപ്പെട്ടാല്‍ തങ്ങള്‍ കുടിയിറങ്ങേണ്ടി വരുമോ എന്ന് ഭയന്ന ജനതയാണ് ഇന്ന് പ്രകൃതിദുരന്തങ്ങളെ ഭയന്ന് മലയിറങ്ങേണ്ടി വരുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അതിജീവനത്തിന്റെ ഭാഗമായി മലമുകളിലേക്ക് കുടിയേറിയ ജനത, ഇന്ന് പ്രകൃതി ദുരന്തങ്ങളെ ഭയന്ന് കുടിയിറങ്ങുന്ന് കാഴ്ചയാണ് മലനാടുകളില്‍. പാരിസ്ഥിതിക കുടിയിറക്കത്തിന്റെ ഒരു പുതിയ ചിത്രം.
കാലാവസ്ഥാവ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ തീവ്രമായിത്തന്നെ അനുഭവിക്കുന്നവരാണ് മലയോരനിവാസികളും ആദിവാസികളും കര്‍ഷകരും എല്ലാം. പാരിസ്ഥിതി നാശം തടയേണ്ടത് അവരുടെ ജീവനും ജീവിതഭദ്രതയ്ക്കും അത്യാവശ്യമാണ്. ആ ചുമതല അവരുടെ നേതൃത്വത്തില്‍ തന്നെ നടക്കുന്നതില്‍ അവര്‍ക്ക് എതിര്‍പ്പുണ്ടാകാന്‍ യാതൊരു വഴിയുമില്ല. അല്‍പമെങ്കിലും മനസ്സാക്ഷിയുണ്ടെങ്കില്‍ ഇനിയെങ്കിലും അവരെ തെറ്റിദ്ധരിപ്പിക്കാതിരിക്കുകയാണ് ഇവിടുത്തെ രാഷ്ട്രീയ നേതൃത്വവും മതസ്ഥാപനങ്ങളും ചെയ്യേണ്ടത്.
വന്‍തോതിലുള്ള പരിസ്ഥിതി നാശം മലയോരമേഖലയില്‍ മാത്രമല്ല, ഇടനാട്ടിലും തീരപ്രദേശത്തും നിരന്തരം നടക്കുന്നുണ്ട്. അതില്ലാതാകാന്‍, വേണ്ട തീരുമാനങ്ങളെടുക്കാന്‍ തദ്ദേശജനതയ്ക്കുള്ള അധികാരത്തെപ്പറ്റിയാണ് ചര്‍ച്ചകള്‍ നടക്കേണ്ടത്.
കേരളത്തില്‍ ആയിരത്തിലധികം തദ്ദേശീയഭരണസ്ഥാപനങ്ങളുണ്ട്. ഭരണഘടനാപരമായഅധികാരങ്ങളും ചുമതലകളും ഉള്ളവ. ആ സ്ഥാപനങ്ങള്‍ ശരിയാംവിധം ജനകീയമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഓരോ നാട്ടിലെയും മലകളും കുന്നുകളും പുഴകളും പാടങ്ങളും എല്ലാം അവര്‍ക്ക് തന്നെ ജനങ്ങളുടെ സഹകരണത്തോട് കൂടി സംരക്ഷിക്കാന്‍ കഴിയും. ജനങ്ങള്‍ക്ക് വേണ്ടതിനെ നിലനിര്‍ത്താനും വേണ്ടാത്തവയെ പുറന്തള്ളാനുമുള്ള അധികാരം ജനങ്ങള്‍ക്ക് തന്നെയുണ്ടാകട്ടെ. അതിനെക്കുറിച്ചാണ് ഗാഡ്ഗില്‍ പറഞ്ഞത്. മലമുകളില്‍ നിന്ന് ഇനിയും കൂട്ടമരണങ്ങളുടെ വാര്‍ത്തകളില്ലാതിരിക്കട്ടെ.