| Wednesday, 28th December 2022, 2:49 pm

പരിക്കില്ല, പൂര്‍ണമായും സജ്ജന്‍, എന്നിട്ടും ബുംറയെ പുറത്താക്കി ബി.സി.സി.ഐ; കാരണമിത്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ബി.സി.സി.ഐ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചത്. മൂന്ന് ഏകദിനവും അത്രതന്നെ ടി-20യുമാണ് ഇന്ത്യ-ശ്രീലങ്ക പരമ്പരയിലുള്ളത്.

ടി-20 പരമ്പരയില്‍ സീനിയര്‍ താരങ്ങളെല്ലാവരും തന്നെ സ്‌ക്വാഡിന് പുറത്താണ്. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍ തുടങ്ങിയ വമ്പന്‍ പേരുകാരെ ഒഴിവാക്കിക്കൊണ്ടാണ് ഇന്ത്യ സ്‌ക്വാഡ് പ്രഖ്യാപിച്ചത്.

ടി-20 സ്‌ക്വാഡിന് പുറത്തായെങ്കിലും ഏകദിന സ്‌ക്വാഡില്‍ ഇടം നേടാന്‍ മൂവര്‍ക്കുമായി.

ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവമായിരുന്നു ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചത്. പരിക്കില്‍ നിന്നും പൂര്‍ണമായും സുഖം പ്രാപിച്ചിട്ടും ബുംറ ടീമിനൊപ്പമില്ലാത്തതായിരുന്നു ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ച.

എന്നാല്‍ ബുംറയുടെ കാര്യത്തില്‍ പെട്ടെന്ന് ഒരു തീരുമാനമെടുക്കേണ്ട എന്ന അഭിപ്രായമാണ് സെലക്ഷന്‍ കമ്മിറ്റിക്കുള്ളത്. ബുംറയുടെ വര്‍ക് ലോഡ് കുറയ്ക്കാനും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിക്കും മുമ്പ് എങ്ങനെ അവന്റെ ശരീരം പ്രതികരിക്കുന്നു എന്ന് കാണാനുമാണ് സെലക്ടര്‍മാര്‍ ഉദ്ദേശിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും താരത്തിന്റെ ടീമിലേക്കുള്ള തിരിച്ചുവരവ് തീരുമാനിക്കപ്പെടുക.

രവീന്ദ്ര ജഡേജയുടെ കാര്യത്തിലും ഇതേ തീരുമാനമാണ് ബി.സി.സി.ഐ കൈക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമില്‍ താരം ഉള്‍പ്പെട്ടിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു.

അതേസമയം, റിഷബ് പന്തിന് ആവശ്യമായ വിശ്രമം നല്‍കാനാണ് മാനേജ്‌മെന്റ് ഉദ്ദേശിക്കുന്നത്. നിലവില്‍ താരം എന്‍.സി.എയിലാണ്. ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പര മുന്നില്‍ കണ്ടുകൊണ്ടാണ് ബി.സി.സി.ഐ ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കണമെങ്കില്‍ ഓസീസിനെതിരായ പരമ്പര ജയിക്കണം. റിഷബ് പന്തിന്റെ ഫോം തന്നെയായിരിക്കും അതില്‍ നിര്‍ണായകമാവുക.

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയാണ് ആദ്യം നടക്കുക. ജനുവരി മൂന്നിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്. ജനുവരി അഞ്ചിന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ വെച്ച് പരമ്പരയിലെ രണ്ടാം മത്സരവും ജനുവരി ഏഴിന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ വെച്ച് മൂന്നാം ടി-20യും നടക്കും.

ഇന്ത്യ ടി-20 സ്‌ക്വാഡ്

ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മന്‍ ഗില്‍, ദീപക് ഹൂഡ,രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, യൂസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്, ശിവം മാവി, മുകേഷ് കുമാര്‍.

ഇന്ത്യ ഏകദിന സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, യൂസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിങ്.

Content Highlight: Reason for Jasprit Bumrah omitted from India vs Sri Lanka series

We use cookies to give you the best possible experience. Learn more