ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളമൊട്ടാകെ യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചപ്പോള്‍ ഒരേയൊരു മണ്ഡലത്തിലാണ് യു.ഡി.എഫിന് അടിതെറ്റിയത്. കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ മത്സരിച്ച ആലപ്പുഴ മണ്ഡലത്തില്‍ വെറും 10474 വോട്ടിനാണ് ഷാനിമോള്‍ ഉസ്മാന്‍ തോറ്റത്.
എന്നാല്‍ ഈ മണ്ഡലത്തില്‍ യു.ഡി.എഫിന് അടിപതറാന്‍ കാരണം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിക്ക് ചോര്‍ന്നതാണെന്ന് കണക്കുകളുടെ അടിസ്ഥാനത്തില്‍ പറയാന്‍ കഴിയും.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് ഒഴികെയുള്ള ആലപ്പുഴയിലെ എല്ലാ മണ്ഡലങ്ങളും എല്‍.ഡി.എഫിനൊപ്പമായിരുന്നു. 18621 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട് രമേശ് ചെന്നിത്തല ജയിച്ചത്. ഇവിടെ 2016ല്‍ 75980 വോട്ടുകള്‍ നേടിയ യു.ഡി.എഫിന് ഇത്തവണ വോട്ട് 61445 ആയി കുറയുകയാണുണ്ടായത്. വോട്ടിലുണ്ടായ കുറവാകട്ടെ, ചെറുതെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ കഴിയുന്ന ഒന്നല്ല. കൃത്യം 14535 വോട്ടുകളാണ് കുറഞ്ഞത്. അതായത് ആലപ്പുഴയില്‍ ആരിഫ് നേടിയ ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍.
അതേസമയം ഹരിപ്പാട് ബി.ജെ.പിക്ക് 14000ത്തോളം വോട്ടുകള്‍ കൂടുകയും ചെയ്തു. 2016ല്‍ ബി.ജെ.പിക്ക് 12985 വോട്ടുകളാണ് ഹരിപ്പാടുണ്ടായിരുന്നത്. 2019ലെത്തുമ്പോള്‍ അത് 26,238 വോട്ടായി കൂടുകയും ചെയ്തു.
31032 വോട്ടുകള്‍ക്ക് ധനമന്ത്രി തോമസ് ഐസക് ജയിച്ച ആലപ്പുഴയിലും 22621 വോട്ടുകള്‍ക്ക് ജി. സുധാകരന്‍ ജയിച്ച അമ്പലപ്പുഴയിലും ഭൂരിപക്ഷം നേടിയപ്പോഴാണ് ചെന്നിത്തലയുടെ ഹരിപ്പാട് ഷാനിമോള്‍ ഉസ്മാന്‍ ഇത്രയും വലിയ തകര്‍ച്ച നേരിടുന്നത്. ജി.സുധാകരന്റെ മണ്ഡലത്തില്‍ 638ഉം തോമസ് ഐസക്കിന്റെ മണ്ഡലത്തില്‍ 69 വോട്ടുകളുടെ മേല്‍ക്കൈ ഷാനിമോള്‍ ഉസ്മാന്‍ നേടിയിട്ടുണ്ട്.