ന്യുദല്‍ഹി: ബി.സി.സി.ഐ പുറത്തുവിട്ട കളിക്കാരുടെ വേതനവ്യവസ്ഥ കരാറില്‍ മുഹമ്മദ് ഷമിക്ക് ഇടം ലഭിക്കാത്തത് എന്ത് കൊണ്ടാണെന്ന് സംശയം ക്രിക്കറ്റ് ലോകത്ത് നിന്നും ഉയര്‍ന്നിരുന്നു. ഇന്ന് രാവിലെ വരെ ബി.സി.സി.ഐയുടെ വാര്‍ഷിക കരാര്‍ പട്ടികയില്‍ അംഗമായ മുഹമ്മദ് ഷമിയ്ക്ക് വൈകുന്നേരം പ്രഖ്യാപനം വരുമ്പോള്‍ പട്ടികയില്‍ ഇടം പിടിക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തിനു പിന്നില്‍ ഷമിയുടെ ഭാര്യ പോലീസില്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയെന്നാണ് ബി.സി.സി.ഐ വൃത്തങ്ങള്‍ പറയുന്നത്.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യയുടെ നിര്‍ണായക താരങ്ങളിലൊരാളായിരുന്ന ഷമിക്ക് നിരപരാധിത്വം തെളിയിച്ചാല്‍ കരാറില്‍ ഉള്‍പ്പെടുത്തുമെന്നും ബി.സി.സി.ഐ അറിയിച്ചു. കഴിഞ്ഞ തവണ വേതന വ്യവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ താരം ബി ഗ്രേഡിലായിരുന്നു.
Related : പുതിയ ഫീസ് ഘടനയുമായി ബി.സി.സി.ഐ; ധോണിയ്ക്ക് തിരിച്ചടി, ഷമ്മിയെ പുറത്താക്കി
ഇന്ന് രാവിലെ മുതല്‍ ഫേസ്ബുക്കില്‍ ഷമിയെക്കുറിച്ചുള്ള പല വാര്‍ത്തകളും താരത്തിന്റെ ഭാര്യ തന്നെ പുറത്തുവിട്ടിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് താരത്തിനു പരസ്ത്രീ ബന്ധമുണ്ടെന്ന് ആരോപിച്ച താരത്തിന്റെ ഭാര്യ തെളിവുകളായി ചില ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ട് ഇട്ടിരുന്നു. കൂടാതെ പോലീസില്‍ ഗാര്‍ഹിക പീഡനത്തിനെതിരെ പരാതിയും നല്‍കിയിരിന്നു.
അതേസമയം ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ഷമി രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് ഷമി പ്രതികരിച്ചത്. “തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചു പുറത്തു വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ് എന്നും തന്റെ കരിയറും ജീവിതവും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പടച്ചുവിടുന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും താരം ട്വിറ്റ് ചെയ്തു.”
ഷമിക്ക് കരാര്‍ കൊടുത്താല്‍ ഉണ്ടായേക്കാവുന്ന പൊതുജന അമര്‍ഷം കണക്കിലെടുത്താണ് ബി.സി.സി.ഐ നിലവില്‍ കരാര്‍ തടഞ്ഞുവെച്ചതാണെന്ന് അറിയുവാന്‍ കഴിയുന്നത്. പോലീസ് നടപടി നേരിടുകയാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്നതും ബി.സി.സി.ഐ തീരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ പ്രേരിപ്പിച്ചു.
ദിയോദര്‍ ട്രോഫിയുടെ ഭാഗമായി ധര്‍മ്മശാലയിലാണ് ഷമി ഇപ്പോള്‍. താരത്തിനു ബി.സി.സി.ഐ ഗ്രേഡ് ബി കരാര്‍ നല്‍കുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ കരാര്‍ സംബന്ധമായ തീരുമാനങ്ങള്‍ ബിസിസിഐ എടുത്തിരുന്നു എന്നാണ് സൂചന.
ഗ്രേഡ് എ+ (7 കോടി): വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ
ഗ്രേഡ് എ (5 കോടി): എംഎസ് ധോണി, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, വൃദ്ധിമാന്‍ സാഹ, മുരളി വിജയ്, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ
ഗ്രേഡ് ബി (3 കോടി): ഉമേഷ് യാദവ്, കെഎല്‍ രാഹുല്‍, കുല്‍ദീപ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, ഇശാന്ത് ശര്‍മ്മ, ദിനേശ് കാര്‍ത്തിക്
ഗ്രേഡ് സി (1 കോടി): സുരേഷ് റെയ്‌ന, കേധാര്‍ ജാഥവ്, മനീഷ് പാണ്ഡേ, അക്‌സര്‍ പട്ടേല്‍, കരുണ്‍ നായര്‍, പാര്‍ത്ഥിവ് പട്ടേല്‍, ജയന്ത് യാദവ്