കാസര്‍കോട്: കാസര്‍കോട്ടെ ഭൂഗര്‍ഭ ജലം ഇല്ലാതായിത്തീരാന്‍ കാരണം ആശാസ്ത്രീയമായ ജലവിനിയോഗമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍. വലിയ ജലദൗര്‍ലഭ്യമാണ് കാസര്‍കോട് ജില്ലയെ കാത്തിരിക്കുന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ച് പഠിക്കാന്‍ കേന്ദ്രസംഘം ഈ മാസം ജില്ലയിലെത്തുന്നുണ്ട്.
അനിയന്ത്രിതമായ രീതിയില്‍ ഭൂഗര്‍ഭ ജലം വ്യാപകമായി ഉപയോഗിക്കുകയും അതേസമയം, അതിന് ആനുപാതികമായി പ്രകൃതിദത്തമായ രീതിയില്‍ മഴവെള്ളം ഭൂമിയിലേക്ക് റീചാര്‍ജ് ചെയ്യപ്പെടാത്തതുമാണ് ഭൂഗര്‍ഭ ജലവിതാനം അപകടകരമാം വിധത്തില്‍ താഴ്ന്നുകൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണം.
കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ കീഴിലുള്ള ഗ്രൗണ്ട് വാട്ടര്‍ എസ്റ്റിമേഷന്‍ കമ്മിറ്റിയുടെ 2017ലെ റിപ്പോര്‍ട്ട് പ്രകാരം കാസര്‍കോട് ബ്ലോക്കിലെ 97.68% ഭൂഗര്‍ഭജലവും ഉപയോഗിച്ചു കഴിഞ്ഞു. 2013ല്‍ അത് 90.52% ആയിരുന്നു.
കാസര്‍കോട്, കോഴിക്കോട്, ചിറ്റൂര്‍ (പാലക്കാട്), കൊടുങ്ങല്ലൂര്‍ (തൃശൂര്‍), അതിയന്നൂര്‍ ( തിരുവനന്തപുരം) എന്നീ ബ്ലോക്കുകളെയായിരുന്നു 2005ല്‍ ഓവര്‍ എക്‌സ്‌പ്ലോയിറ്റഡ് മേഖലയായി നിര്‍ണ്ണയിച്ചിരുന്നത്. 2017 ആയപ്പോഴേക്കും ചിറ്റൂര്‍, കാസര്‍കോട് എന്നീ പ്രദേശങ്ങള്‍ ഒഴികെയുള്ള ബ്ലോക്കുകള്‍ ജലവിനിയോഗത്തില്‍ സുരക്ഷിത സ്ഥാനത്തെത്തിയിരുന്നു.
2017ലെ സ്ഥിതിവിവരണ കണക്കുപ്രകാരം കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരം, കാറഡുക്ക, കാഞ്ഞങ്ങാട് എന്നീ ബ്ലോക്കുകള്‍ സെമി ക്രിട്ടിക്കല്‍ സാഹചര്യത്തിലാണ്. മഞ്ചേശ്വരം 83.96%, കാറഡുക്ക 82.03%, കാഞ്ഞങ്ങാട് 77.67% എന്നിങ്ങനെയാണ് ഈ ബ്ലോക്കിലെ ഭൂഗര്‍ഭ ജലവിനിയോഗം. നീലേശ്വരം, പരപ്പ ബ്ലോക്കുകള്‍ മാത്രമായിരുന്നു കാസര്‍കോട് സുരക്ഷിത സ്ഥാനത്തുണ്ടായിരുന്നത്. 2005ല്‍ നീലേശ്വരത്ത് 57.57%, പരപ്പയില്‍ 55.34% എന്നിങ്ങനെയായിരുന്നു ഭൂഗര്‍ഭ ജലവിനിയോഗം. എന്നാല്‍ 2017ല്‍ അത് വര്‍ധിച്ച് യഥാക്രമം 69.52%, 66.97% എന്നിങ്ങനെയായി. ഈ വര്‍ഷമാകുമ്പോഴേക്കും ഈ ബ്ലോക്കുകളും സെമി ക്രിട്ടിക്കല്‍ സാഹചര്യത്തിലേക്കെത്തിയിട്ടുണ്ടാവുമെന്നാണ് ഹൈഡ്രോളജിസ്റ്റ് ബി. ഷാബി പറയുന്നത്.
ഇടനാടന്‍ ചെങ്കല്‍കുന്നുകള്‍ നശിപ്പിക്കപ്പെടുന്നതും വര്‍ധിച്ചുവരുന്ന കുഴല്‍കിണറുകളുമാണ് കാസര്‍കോട്ടെ ഭൂഗര്‍ഭജലത്തെ ഇല്ലാതാക്കുന്നതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകനായ നിശാന്ത് പരിയാരം ഡൂള്‍ന്യൂസിനോടു പറഞ്ഞത്. ‘പശ്ചിമഘട്ടവും കടലും തമ്മിലുള്ള ദൂരം ഏറ്റവും കുറഞ്ഞ ജില്ലകളിലൊന്നാണ് കാസര്‍കോട്. വലിയ ചെരിവൊന്നുമില്ലാത്ത പ്രദേശമാണ്. കേരളത്തില്‍ ഏറ്റവുമധികം കുഴല്‍ക്കിണറുകള്‍ ഉണ്ടായിട്ടുള്ള പ്രദേശവും കാസര്‍കോടാണ്. ഏറ്റവും കൂടുതല്‍ നദികളുള്ളതും കാസര്‍കോടാണ്. ഇടനാടന്‍ ചെങ്കല്‍കുന്നുകള്‍ വളരെയധികമുളളതുകൊണ്ടാണ് നദികളുള്ളത്. ആ ചെങ്കല്‍ കുന്നുകളില്‍ പലതിനും സ്വാഭാവികത നഷ്ടപ്പെട്ടുപോയിട്ടുണ്ട്. അടുത്ത കാലം വരെ കാസര്‍കോടന്‍ ജനതയുടെ ദാഹമകറ്റിയത് ഈ കുന്നുകളായിരുന്നു.’ അദ്ദേഹം പറയുന്നു.
കടലും പശ്ചിമഘട്ടവും തമ്മിലുള്ള ദൂരം അടുത്തായതിനാല്‍ പശ്ചിമഘട്ടത്തില്‍ നിന്നും ജലം വളരെയെളുപ്പം കടലില്‍ എത്താന്‍ സാധ്യതയുണ്ട്. എങ്കിലും ഇടനാടന്‍ ചെങ്കല്‍ കുന്നുകലുള്ളതിനാല്‍ ഈ അടുത്തകാലം വരെ ഇത് കാസര്‍കോടിനെ കാര്യമായി ബാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.
ജനവാസയോഗ്യമല്ലാത്ത ചെങ്കല്‍കുന്നുകള്‍, ഇന്ന് ജനവാസ മേഖലകളായി മാറിയിരിക്കുകയാണെന്നും അതിനുവേണ്ടി മനുഷ്യന്‍ നടത്തിയ ഇടപെടലുകള്‍ കുന്നുകളെ തന്നെ ഇല്ലാതാക്കിയെന്നും നിശാന്ത് വ്യക്തമാക്കി.
‘കാസര്‍കോടന്‍ പാറപ്പരപ്പുകള്‍ മനുഷ്യവാസത്തിനു പറ്റിയ സ്ഥലമല്ല. ഇവിടെ വേനല്‍ക്കാലത്ത് വെള്ളം കിട്ടുന്ന സ്ഥലമല്ല. പാറപ്പരപ്പിന്റെ ചെരിവുകളിലെ ഗ്രാമങ്ങളിലൊക്കെയാണ് മനുഷ്യന്‍ ഒരുകാലത്ത് താമസിച്ചിരുന്നത്. അവിടെ നന്നായിട്ട് ജലവും ലഭിച്ചിരുന്നു. പാറയുടെ മുകളിലടക്കം താമസിക്കാന്‍ തുടങ്ങിയപ്പോള്‍ വെള്ളത്തിനുവേണ്ടി കുഴല്‍ കിണറുകള്‍ വളരെ ആഴത്തില്‍ കുഴിക്കാന്‍ തുടങ്ങി. കേരളത്തില്‍ കുഴല്‍ക്കിണറുകളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം കാസര്‍കോടിനാണ്. പത്തുവര്‍ഷം മുമ്പു തന്നെ ഒരു വര്‍ഷം കാസര്‍കോട് ശരാശരി 150 കുഴല്‍ കിണറുകള്‍ വറ്റുന്നുണ്ടായിരുന്നു. അത് പിന്നീട് പെരുകിപ്പെരുകി വന്നു. ഇത് കൃത്യമായിട്ടും ചെന്നൈ മാതൃകയിലാണ് പോകുന്നത്. കുഴല്‍ കിണറുകള്‍ പെരുകുന്ന എല്ലായിടത്തും ഉപരിതല ജലം കൂടി താഴോട്ട് ഇറങ്ങിപ്പോകുന്ന സ്ഥിതിയുണ്ടാവും.’ നിശാന്ത് വിശദീകരിക്കുന്നു.
അശാസ്ത്രീയവും അനിയന്ത്രിതവുമായ കാര്‍ഷിക ജലസേചനവും ഭൂഗര്‍ഭജലത്തിന്റെ അളവ് കുറയാന്‍ കാരണമാണെന്ന് ഷാബി പറയുന്നു. കാറഡുക്ക ബ്ലോക്കില്‍ ഭൂഗര്‍ഭ ജലത്തിന്റെ വ്യാവാസിയക ഉപഭോഗം 3.479 ഹെക്ടര്‍ മീറ്ററും, ഗാര്‍ഹിക ഉപഭോഗം 690.713 ഉം ആണെങ്കില്‍ കാര്‍ഷിക ജലസേചനം 3585.89 ഹെക്ടര്‍ മീറ്ററുമാണ്. മഞ്ചേശ്വരത്തും ഗാര്‍ഹിക ഉപഭോഗം 1174.18 മാത്രമാണെങ്കില്‍ ജലസേചനത്തിന് 5769.94 ഹെക്ടര്‍ മീറ്റര്‍ ഭൂഗര്‍ഭ ജലം ഉപയോഗിക്കുന്നു. കുഴല്‍ക്കിണറുകളും നദീജലവും ഇങ്ങനെ വ്യാപകമായി ചൂഷണം ചെയ്യപ്പെടുകയാണെന്നും ഷാബി പറയുന്നു.