| Saturday, 23rd July 2022, 4:40 pm

സോഷ്യല്‍ മീഡിയയില്‍ സര്‍വ്വം അന്യന്‍ മയം; ട്രെന്റിങില്‍ വരാനുള്ള കാരണം ഇതാണ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ എവിടെ നോക്കിയാലും അന്യന്‍ എന്ന വിക്രം ചിത്രത്തെ പറ്റിയുള്ള ട്രോളുകളാണ്. 2005ല്‍ ശങ്കറിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ഹിറ്റ് ചിത്രം എന്താണ് ഇപ്പോള്‍ ചര്‍ച്ചയിലേക്ക് വരാനുള്ള കാരണമെന്ന് ട്രോളുകള്‍ കാണുന്ന പലര്‍ക്കും അറിയില്ല എന്നതാണ് സത്യം.

മലയാളത്തിലെ ഒരു പ്രശസ്ത ട്രോള്‍ ഗ്രൂപ്പില്‍ വിക്രമിന്റെയും അന്യന്റെയും ഫാനായ ഒരാള്‍ തുടങ്ങി വെച്ച ട്രെന്‍ഡ് സോഷ്യല്‍ മീഡിയ ഒന്നാകെ ഏറ്റെടുക്കുകയായിരുന്നു.

അന്യനാണ് മികച്ച ചിത്രം, അന്യന്റെ അത്രയും മറ്റൊരു തമിഴ് ചിത്രം ഉണ്ടാകില്ല, മൂന്ന് റോളുകള്‍ വ്യത്യസ്തമായി ചെയ്തിട്ടും അന്യനിലെ പ്രകടനത്തിന് അന്ന് ദേശീയ അവാര്‍ഡ് കിട്ടിയില്ല എന്നൊക്കെ ആയിരുന്നു കടുത്ത ആരാധകന്‍ ട്രോളുകളായി പോസ്റ്റ് ചെയ്തത്. ഇതിന് മറുപടി എന്ന രീതിയില്‍ തുടങ്ങിയ ട്രെന്‍ഡാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

ഇപ്പോള്‍ എന്ത് കാര്യം ആര് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞാലും അതിലെല്ലാം മറുപടിയായി അന്യനെ പറ്റിയുള്ള ട്രോളുകളാണ് നിറയുന്നത്.

ഇനി അന്യന്‍ കണ്ടിട്ട് സംസാരിക്കാം, അന്യന്‍ കാണാതെ ഇനി മിണ്ടില്ല തുടങ്ങി സകല സിനിമ മീമുകളിലും അന്യന്‍ നിറഞ്ഞാടുകയാണ്. സോഷ്യല്‍ മീഡിയയില്‍ അന്യനെ പോലെ മുമ്പും ഇത്തരം ട്രെന്‍ഡ് ഡയലോഗുകള്‍ ഉണ്ടായിട്ടുണ്ട്.

ഡ്രാഗണ്‍ കുഞ്ഞുങ്ങള്‍ വില്‍പ്പനക്ക് ഇറക്കിയതും, ബിനോദുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കാന്‍ ഓരോ സമയം ഓരോ മീമുകളും ട്രോളുകളും, ഡയലോഗുകളും ട്രെന്‍ഡ് ആകുന്നത് പതിവാണ്.

Content Highlight : Reason behind Annyan movie trolls viral on Social media

We use cookies to give you the best possible experience. Learn more